‘കടം വാങ്ങിയ 18 ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ അനിതയ്ക്ക് തന്നോട് വൈരാഗ്യമായി’; മോൻസൺ മാവുങ്കലിന്റെ ശബ്ദരേഖ പുറത്ത്‌

കൊച്ചി: അനിത പുല്ലയിലിന് തന്നോടുള്ള വൈരാഗ്യത്തിന്റെ കാരണം കടം വാങ്ങിയ പണം തിരികെ ചോദിച്ചതാണെന്ന് മോൻസൺ മാവുങ്കൽ. അനിതയുടെ സഹോദരിയുടെ വിവാഹം നടത്തിയത് തന്നോട് കടം വാങ്ങിയ ഈ പണം ഉപയോഗിച്ചാണ്. സ്വർണവും വസ്ത്രവും വാങ്ങുന്നതിന് 18 ലക്ഷം രൂപ നൽകിയിരുന്നു. ഇത് ഒരു മാസത്തിനുള്ളിൽ യൂറോ ആയി തിരികെ നൽകാം എന്ന് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ 10 ലക്ഷം രൂപ തിരികെ ചോദിച്ചതാണ് അനിത തന്നോട് അകലാൻ കാരണമെന്ന് മോൻസൺ പറയുന്ന ശബ്ദരേഖ പുറത്ത്.

മോൻസൺ സംസാരിക്കുന്ന ശബ്ദരേഖയിലാണ് 18 ലക്ഷം രൂപയുടെ കാര്യം പറയുന്നത്. തന്റെ കൈയിൽ അന്ന് പണമുണ്ടായിരുന്നപ്പോൾ സഹായിച്ചതാണ്. അനിതയുടെ സഹോദരിയുടെ വിവാഹം തന്റെ ആളുകൾ അതിമനോഹരമായി, അടിപൊളിയായി നടത്തിയെന്നും മോൻസൺ പറയുന്നുണ്ട്. ഇനിയും രണ്ട് കേസുകളിൽ മോൺസനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഉദ്ദേശിക്കുന്നുണ്ട്. അപ്പോഴായിരിക്കും അനിത പുല്ലയിലുമായിട്ടുള്ള ഇടപാടുകളിൽ കൂടുതൽ അന്വേഷണം വരിക. അപ്പോൾ മൊഴിയിൽ എന്തെങ്കിലും വൈരുദ്ധ്യങ്ങളുണ്ടെങ്കിൽ അനിതയെ നേരിട്ട് വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് പദ്ധതി. മോൻസൺ മാവുങ്കലിന്റെ തട്ടിപ്പുകളെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് അനിത ആവർത്തിക്കുന്നത്.

Related posts

Leave a Comment