മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് ; മാധ്യമ പ്രവര്‍ത്തകനായ സഹീന്‍ ആന്റണിക്ക് പിന്നാലെ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ മാധ്യമ പ്രവര്‍ത്തകനായ സഹീന്‍ ആന്റണിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ പ്രവാസി മലയാളി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇറ്റലിയിലുള്ള അനിതയ്ക്ക് നോട്ടീസയക്കും. ഉന്നത പൊലീസുദ്യോഗസ്ഥരുമായി അനിത നടത്തിയ ചാറ്റുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ചാറ്റുകളില്‍ പലതും ഡിലീറ്റ് ചെയ്ത നിലയിലാണ്. അനിതയുമായി മോന്‍സണ് സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടോയെന്നും പരിശോധിക്കും.

അനിത അറിഞ്ഞുകൊണ്ടാണ് മോന്‍സന്റെ പല ഇടപാടും നടന്നതെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിളിച്ച്‌ വരുത്തുന്നത്. മോന്‍സനും അനിതയും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളും അനിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. ശേഖരത്തിലെ ചില വസ്തുക്കള്‍ ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെന്നും സൂചനയുണ്ട്.

മോന്‍സന്‍ മാവുങ്കലിനെ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരിചയപ്പെടുത്തിയത് താന്‍ ആണെന്ന് അനിത പുല്ലായില്‍ മുന്‍പ് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോള്‍ അത് പൊലീസിനെ അറിയിച്ചെന്നും അനിത പറഞ്ഞിരുന്നു. പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്നാണ് അനിത വിശദീകരിച്ചത്.

ഏകദേശം മൂന്ന് വര്‍ഷം മുമ്ബാണ് മോന്‍സന്‍ സംഘടനയുടെ ഭാഗമായത്. അച്ഛന്റെ സംസ്‌കാര ചടങ്ങില്‍ വച്ചാണ് മോന്‍സനെ ആദ്യമായി പരിചയപ്പെടുന്നത്. മോന്‍സനുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ല. ഡിഐജി സുരേന്ദ്രനെ മോന്‍സന്റെ വീട്ടില്‍ വച്ചാണ് കാണുന്നത്. സൗഹൃദം വളര്‍ത്തി എടുക്കാന്‍ മോന്‍സന് പ്രത്യേക കഴിവുണ്ട്. മോന്‍സന്റെ സൗഹൃദത്തില്‍ പെട്ടുപോയ ആളാണ് താനെന്നും അനിത പറഞ്ഞിരുന്നു.

Related posts

Leave a Comment