മോൻസൺ മാവുങ്കൽ കേസ് ; സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ സംസ്ഥാന സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. മോൻസൺ മാവുങ്കലിന്റെ ഡ്രൈവർ അജി പൊലീസ് പീഡനത്തിനെതിരെ നൽകിയ കേസ് തീർപ്പാക്കണമെന്ന സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. പൊലീസിനെതിരെ ഗുരുതര ആരോപണമുയർന്ന കേസ് തീർപ്പാക്കണമെന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നതെന്ന് കോടതി സർക്കാർ അഭിഭാഷകനോട് ചോദിച്ചു. ഹരജിക്കാരന് മതിയായ രീതിയിൽ സംരക്ഷണം നൽകുന്നുണ്ടെന്നും ഹരജി തീർപ്പാക്കണമെന്നുമാവശ്യപ്പെട്ടു കഴിഞ്ഞയാഴ്ചയാണ് ഐ.ജി ഹൈക്കോടിതിയിൽ റിപോർട്ട് നൽകിയത്. കോടതിയുടെ ഇടപെടൽ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും ഐ.ജി നൽകിയ റിപോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കോടതിയെ സർക്കാർ കളിയാക്കാൻ ശ്രമിക്കുകയാണെന്നു ഹൈകോടതി വാക്കാൽ വ്യക്തമാക്കി. കോടതി എന്തു തീരുമാനമെടുക്കണണെന്നു പറയാൻ ആർക്കും കഴിയില്ലെന്നും പോലിസ് കോടതിയുടെ അധികരത്തിൽ കടന്നുകയറേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ എന്തിനാണ് മോൻസനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചു. ഹരജി തീർപ്പാക്കണമെന്ന ആവശ്യവുമായി വന്നതിന് എഡിജിപി ശ്രീജിത്തിൽ നിന്നും പിഴയീടാക്കി തള്ളുകയാണ് ചെയ്യേണ്ടത്. എന്നാൽ അതിന്റെ പ്രത്യാഖാതമോർത്ത് ചെയ്യുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കണ്ണിൽ കണ്ടതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ഈ കേസിൽ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് പീഡനത്തിനെതിരെ മോൻസന്റെ ഡ്രൈവർ നൽകിയ കേസ് തീർപ്പാക്കണമെന്ന് പറയാൻ ആർക്കും അധികാരമില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ ഹർജി തീർപ്പാക്കാൻ അനുവദിക്കുന്നതിന് നിയമപരമായി തടസ്സമില്ലെന്നായിരുന്നു ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിലപാട്. അജിയുടെ കേസിലെ നടപടികൾ അവസാനിപ്പിക്കണം എന്ന ആവശ്യവുമായി മുന്നോട്ട് പോവുന്നോ എന്ന ചോദ്യത്തിന് കാര്യങ്ങൾ അവതരിപ്പിക്കാൻ കോടതി സമ്മതിക്കുന്നില്ലെന്ന് ഡിജിപി പറഞ്ഞു. ഒരു കാര്യം അവതരിപ്പിക്കുമ്പോൾ കോടതി മറ്റൊരു ചോദ്യം ചോദിക്കുകയാണ്. ഇത് ബുദ്ധിമുട്ടിക്കുന്നെന്നും ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

Related posts

Leave a Comment