തിരുവനന്തപുരം: വൈദ്യുതി ബില്‍ തുക കുടിശ്ശികയുണ്ടെന്ന് വ്യാജ സന്ദേശമയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി ചെയര്മാന് ഡോ. ബി അശോക് പൊലീസില്‍ പരാതി നല്കി. അടുത്ത കാലത്തായി കെഎസ്ഇബി ഉപഭോക്താക്കളില്‍ പലര്‍ക്കും സംസ്ഥാനത്തിനു പുറത്തുള്ളതെന്ന് സംശയിക്കപ്പെടുന്ന ഒരു തട്ടിപ്പു സംഘത്തില്‍ നിന്ന് വ്യാജ സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്മാന് പരാതിയില്‍ ചൂണ്ടിക്കാട്ടി. വൈദ്യുതി ബില്‍ കുടിശ്ശികയുണ്ടെന്നും അടച്ചില്ലെങ്കില്‍ അര്‍ദ്ധ രാത്രിയോടെ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലാണ് വ്യാജ സന്ദേശം. പ്രതികരിക്കുന്ന ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൗശലപൂര്‍വ്വം കൈക്കലാക്കി പണം തട്ടുന്നതാണ് ഈ ഗൂഢ സംഘത്തിന്റെ ശൈലി. മുന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുള്‍പ്പെടെ നിരവധി പേര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ ലഭിച്ചതായി ഡോ. ബി അശോക് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകള്‍ കാട്ടുതീ പോലെ പടരുന്ന സാഹചര്യത്തില്‍ അന്തര്‍ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സേവനമുള്‍പ്പെടെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ ഗൂഢസംഘത്തെ എത്രയും വേഗം വലയിലാക്കണമെന്നാണ് ചെയര്മാന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വൈദ്യുതി ബില്ലിന്റെ പേരില്‍ പണം തട്ടുന്നു; ചെയര്മാന് പൊലീസിന് പരാതി നല്കി
