രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസഹമാക്കിയത് മോദിയുടെ തെറ്റായ നയങ്ങള്‍: താരിഖ് അന്‍വര്‍

വടുവഞ്ചാല്‍: രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിയത് മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് എം എല്‍ എ നയിക്കുന്ന കല്‍പ്പറ്റ നിയോജകമണ്ഡലം ജനജാഗ്രതായാത്ര വടുവഞ്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം ഒരു കാലത്തുമില്ലാത്ത വിധത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്ത് ഇതുപോലെ വിലക്കയറ്റമുണ്ടാകാനുള്ള കാരണം. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവും, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും നിയന്ത്രണമില്ലാത്ത വിധത്തില്‍ വര്‍ധിക്കുകയാണ്. രാജ്യത്തെ യുവജനങ്ങള്‍ തൊഴിലില്ലായ്മ കൊണ്ട് പൊറുതിമുട്ടുകയാണ്. കര്‍ഷകര്‍ ഇന്ന് തീരാദുരിതത്തിലാണ്. മോദി സര്‍ക്കാര്‍ ഇത്തരം വിഷയങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നു. കോവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ അതിന് തയ്യാറാവുന്നില്ല. മോദി അധികാരത്തിലേല്‍ക്കുന്ന സാഹചര്യത്തില്‍ യുവജനങ്ങളോട് നല്‍കിയ വാഗ്ദാനം രണ്ട് കോടി തൊഴില്‍ നല്‍കുമെന്നായിരുന്നു. എന്നാല്‍ അതൊരു വാഗ്ദാനം മാത്രമായി ഇപ്പോഴും നില്‍ക്കുകയാണ്. നല്ലനാളുകള്‍ വരാനിരിക്കുമെന്ന് പറഞ്ഞായിരുന്നു മോദി അധികാരത്തില്‍ വന്നത്. എന്നാല്‍ ജനങ്ങള്‍ക്ക് ഒരു ഗുണവും ചെയ്യാന്‍ മോദി സര്‍ക്കാരിന് ഇതുവരെ സാധിച്ചില്ല. മൂന്ന് കാര്‍ഷികനിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി. ഈ നിയമങ്ങള്‍ക്കെതിരെ സമരപോരാട്ടങ്ങളിലേക്ക് ഇറങ്ങേണ്ടി വന്ന 700 കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കര്‍ഷകരുടെ പ്രശ്‌നങ്ങളുടെ പരിഹാരം കാണുന്നതിന് പകരം അവരെ കൂടുതല്‍ വേദനിപ്പിക്കുന്നതാണ് കണ്ടത്. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയപാര്‍ട്ടി മാത്രമല്ല, അത് ജനപക്ഷത്ത് നിന്നുള്ള മുന്നേറ്റം കൂടിയാണ്. രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയെന്ന ഉത്തരവാദിത്വം കോണ്‍ഗ്രസിനുണ്ട്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തില്‍ തുടക്കം കുറിച്ച കോണ്‍ഗ്രസിന്റെ സമരങ്ങള്‍ക്ക് സുപ്രധാനമായ ഒരു ലക്ഷ്യമുണ്ട്. മോദിയുടെ ജനവിരുദ്ധ നയങ്ങള്‍ സാധാരണക്കാര്‍ക്ക് മുന്നിലെത്തിച്ചുകൊണ്ട്, അവരുടെ വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന വിധത്തിലാണ് രാജ്യത്തുടനീളം ജനജാഗരണ്‍ പദയാത്ര നടത്തുന്നത്. സാധാരണക്കാര്‍, യുവദജനങ്ങള്‍, കര്‍ഷകര്‍ എന്നിവരെ അണിനിരത്തികൊണ്ട് കോണ്‍ഗ്രസ് സമരപോരാട്ടങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജാഥ നയിക്കുന്ന അഡ്വ. ടി സിദ്ദിഖ് എം എല്‍ എക്ക് അദ്ദേഹം പതാക കൈമാറി. യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി പി ആലി അധ്യക്ഷനായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. പി എം നിയാസ്, കെ കെ ഏബ്രഹാം തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Related posts

Leave a Comment