കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്ത മോദി

ഷൈബിൻ നന്മണ്ട

ലൂയി പതിനാലാമനിൽ തുടങ്ങി ജർമനിയിലെ അഡോൾഫ് ഹിറ്റ്ലറും ഇറ്റലിയുടെ മുസോളിനിയും സ്പെയ്നിന്റെ ഫ്രാൻസിസ്‌കോ ഫ്രാങ്കോയും റൊമാനിയയുടെ നിക്കോളാസ് ചൗഷസ്‌ക്യൂവും സോവിയറ്റ് യൂണിയനിലെ ജോസഫ് സ്റ്റാലിനും ഉത്തരകൊറിയയുടെ കിം ഈർ സെനും കംബോഡിയയുടെ പോൾ പോട്ടും ഉഗാണ്ടയുടെ ഈദി അമീനും സുഡാന്റെ ഒമർ അൽ ബഷീറും ലിബിയയുടെ കേണൽ ഗദ്ദാഫിയും ഉസ്ബെക്കിസ്ഥാന്റെ കരിമോവും മുതൽ ഉത്തരകൊറിയയുടെ കിം ജോങ് ഉൻ വരെയുള്ള ഏകാധിപതികളുടെ പട്ടികയിലേക്കും ചരിത്രത്തിലേക്കും നടന്നുകയറുന്നതിനിടയിലാണ് നരേന്ദ്രമോദിയെന്ന ഭരണത്തലവന് ഒരു ജനകീയ പ്രതിഷേധത്തിന് മുമ്പിൽ മുട്ടുമടക്കേണ്ടി വന്നത്; പൂർവസുകൃതത്താൽ ഇന്ത്യ ഇന്നും ജനാധിപത്യ രാജ്യമായ് നിലനിൽക്കുന്നുവെന്നതിനാൽ, ഗത്യന്തരമില്ലാതെയുള്ള കീഴടങ്ങലിനാണ് രാജ്യം സാക്ഷിയായത്.
ഒരു ഭീഷണിയിലും ഉലയാതെ നീണ്ട പത്തുമാസമാണ് കർഷക പോരാളികൾ രാജ്യതലസ്ഥാനത്ത് എല്ലാ പ്രതികൂല കാലാവസ്ഥയെയും പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ച് സഹനസമരം തുടരുന്നത്. പാടങ്ങളിൽ വിയർപ്പും കണ്ണീരും തേകിയവർ കുത്തകകളുടെ പിന്തുണയുള്ള സർവാധിപത്യ സർക്കാറിനെതിരെ നടത്തുന്ന പ്രക്ഷോഭം വിജയിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരാണേറെയും. പക്ഷെ പോരാട്ട സ്മൃതികളിരമ്പുന്ന ചമ്പാരന്റെ മാതൃക അവർക്ക് മുമ്പിലുണ്ടായിരുന്നു.
ഏകദേശം നൂറ്റിനാല് വർഷങ്ങൾക്ക് മുമ്പ്, വടക്കൻ ബീഹാറിലെ ചമ്പാരനിൽ നിന്ന് കൊളുത്തിയ കർഷക രോഷത്തിന്റെ കനലുകൾ ആളിപ്പടർന്ന ചരിത്രം. കർഷകരുടെ താത്പര്യത്തിന് എതിരായി ഇൻഡിഗോ കൃഷി ചെയ്യാൻ യുറോപ്യൻ പ്ലാന്റർമാരും ബ്രിട്ടീഷ് ഭരണകൂടവും നിർബന്ധിക്കുകയും വഴങ്ങാത്ത കർഷകരുടെ ഭൂമി ബലമായി കണ്ടുകെട്ടുകയും ചെയ്യുന്ന കാലം; 1917ലെ കടുത്ത വേനലിൽ ചമ്പാരനിലെത്തിയ ഗാന്ധിജി അവിടെ താമസിച്ച് കോൺഗ്രസ് നേതാക്കളായ ജെബി കൃപലാനിയ്ക്കും രാജേന്ദ്രപ്രസാദിനുമൊപ്പം കർഷകർക്കു വേണ്ടി ഭരണകൂടത്തിന്റെ അന്ത്യശാസനം ലംഘിച്ച് നടത്തിയ സമരം വിജയം വരിക്കുമെന്ന് ആരും കരുതിയില്ല. ഗാന്ധിജിയുടെ ജന്മനാടായ ഗുജറാത്തിൽ ഈ സമരത്തിന്റെ അലകൾ വേലിയേറ്റമുണ്ടാക്കിയപ്പോൾ സർദ്ദാർ പട്ടേലും മഹാദേവദേശായിയും നരഹരി പരേഖും ഉൾപ്പെടെ പ്രഗല്ഭ വക്കീലന്മാർ ജോലി ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിലേക്ക് എടുത്തുചാടി. ഖേഡയിലേക്കുൾപ്പെടെ പ്രക്ഷോഭം പടർന്നു. ചമ്പാരനിലെ വിജയം ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ ഉത്തരേന്ത്യയിലാകെ ആവേശം പടർത്തിയ പ്രക്ഷോഭം കൂടിയായി മാറി.
ചമ്പാരന്റെ തുടർച്ചയായി ഡൽഹിയിലെ കർഷക പോരാട്ടത്തെ നിരീക്ഷിച്ചവർ പോലും ഇപ്പോഴുണ്ടായ പോലൊരു പരിണതി പ്രതീക്ഷിച്ചു കാണില്ല.

  • ചൗഹാൻ തോക്കെടുത്തു; മോദി പീരങ്കിയും

തങ്ങളുടെ കാർഷിക വിളകൾക്ക് ന്യായമായ വില ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മാൻഡ്സോർ ജില്ലയിൽ സമരം തുടങ്ങിയ കർഷകരെ 2017 ജൂൺ ആറിന് മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാന്റെ ബിജെപി സർക്കാർ നേരിട്ടത് തോക്കുപയോഗിച്ചായിരുന്നു. വെടിവെപ്പിൽ ഏഴോളം കർഷകർ ദാരുണമായ് കൊല്ലപ്പെട്ടു; വെടിവെച്ച പൊലീസുകാരെ ചൗഹാൻ സംരക്ഷിച്ചു. മധ്യപ്രദേശിലെ പ്രക്ഷോഭകരെ അടിച്ചമർത്താൻ എളുപ്പം സാധിച്ചു. പക്ഷെ അവരുയർത്തിയ മുദ്രാവാക്യം അന്തരീക്ഷത്തിൽ ബാക്കി നിന്നു.
ചൗഹാൻ ഒരു ചെറുമീൻ മാത്രമായിരുന്നു; വമ്പൻ സ്രാവുകളും തിമിംഗലവും കേന്ദ്രത്തിലായിരുന്നു. 2018 ജനുവരി 30-ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷൻ ഡയറക്ടറായിരുന്ന പി സി മോഹനനും അംഗമായ ജെവി മീനാക്ഷിയും തങ്ങളുടെ പദവികൾ രാജിവെച്ച് പ്രതിഷേധിച്ചതോടെയാണ് രാജ്യത്തെ കർഷകരെ സംബന്ധിച്ച വിവരങ്ങളിൽ മോദി സർക്കാർ കാട്ടുന്ന കൃത്രിമ കണക്കുകൾ കൂടുതൽ വെളിപ്പെട്ടത്. പ്രതിവർഷ കർഷക ആത്മഹത്യ 22,000 മായി കുതിച്ചുയർന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മറച്ചുവെക്കാനായിരുന്നു മോദി സർക്കാറിന്റെ വ്യഗ്രത. ഇന്ത്യൻ കർഷകന്റെ ജീവിതം സംതൃപ്തിയോടെയാണെന്ന് വരുത്തി തീർക്കാനുള്ള പാഴ്ശ്രമമായിരുന്നു അതെല്ലാം.
ബിജെപിയുടെ പോഷക സംഘടനയായ കിസാൻ മോർച്ച ഉൾപ്പെടെ രാജ്യത്തെ ഒരു കർഷക സംഘടനയെയും വിശ്വാസത്തിലെടുക്കാതെ, ചർച്ച നടത്താതെ മൂന്ന് കാർഷിക നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് മോദി സർക്കാർ ശ്രമിച്ചത്. 2020 ജൂൺ അഞ്ചിന് ഓർഡിനൻസ് രൂപത്തിലാണ് വിവാദത്തിന്റെ നാമ്പു തളിർത്തത്. അറുപതുകൾ മുതലുള്ള കാർഷിക മേഖലയിലെ രീതികൾ പരിഷ്‌കരിക്കുമെന്നാണ് പ്രഖ്യാപനമെങ്കിലും തങ്ങൾക്കുള്ള ‘മരണ വാറണ്ടാ’ണ് അതെന്ന് കർഷകർ എളുപ്പം തിരിച്ചറിഞ്ഞു. ആദ്യത്തെ വെടിപൊട്ടിച്ചത് പഞ്ചാബിലെ കോൺഗ്രസ് സർക്കാറായിരുന്നു. ആഗസ്റ്റ് 28ന് ഓർഡിനൻസുകൾക്കെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി.
എന്നാൽ കുത്തകകളോടുള്ള വിധേയത്വം മൂലം ബിൽ നിയമമാക്കുമെന്ന വാശിയിൽ കേന്ദ്രം ഉറച്ചുനിന്നു. ജനങ്ങളുടെ എതിർപ്പ് തിരിച്ചറിഞ്ഞ് ശിരോമണി അകാലിദൾ പാർലമെന്റിൽ പ്രതിപക്ഷത്തിനൊപ്പം ചേർന്നു; അപകടം മനസ്സിലാക്കി ഹർസിമ്രത് കൗർ ഭക്ഷ്യസംസ്‌കരണ മന്ത്രിസ്ഥാനം രാജിവെച്ചു. 2020 സെപ്തംബറിലെ പാർലമെന്റ് സമ്മേളനം പ്രക്ഷുബ്ധമായി; ലോക്സഭയിലെ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് ബില്ല് നിയമമായപ്പോൾ, രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിലേക്ക് അത് നയിച്ചു. 27ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ സർക്കാറിന്റെ കടുംപിടുത്തം വിജയിച്ചു. കോവിഡിന്റെ പേരിൽ സഭാസമ്മേളനം വെട്ടിച്ചുരുക്കി പ്രതിഷേധങ്ങളെ നിർജ്ജീവമാക്കാനായി അടുത്ത ശ്രമം.
പക്ഷെ, സംയുക്ത കിസാൻ മോർച്ച സെപ്തംബർ 27 ന് ആഹ്വാനം ചെയ്ത ഭാരതബന്ദിന് പ്രതിപക്ഷം കൂടി പിന്തുണ നൽകിയതോടെ രാജ്യം ഒന്നാകെ ഏറ്റെടുത്തു. 84ഓളം വരുന്ന ദേശീയപാതകളും റെയിൽ ഗതാഗതവും സമ്പൂർണമായും നിലച്ചു; അഞ്ഞൂറോളം നഗരങ്ങൾ പൂർണമായും നിശ്ചലമായി. ഒക്ടോബർ ഒന്നിന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ ഔദ്യോഗിക വസതി ഉപരോധിച്ച കർഷകരെ ബിജെപി സർക്കാർ മലിനജലം നിറച്ച ജലപീരങ്കിയുമായി നേരിട്ടു.

  • ഗതിതിരിച്ചുവിട്ട ട്രാക്ടർ റാലിയുമായ് രാഹുൽ

മഹാമാരിക്കാലത്ത് പഞ്ചാബിലും ഹരിയാനയിലുമായ് ഒതുങ്ങിനിന്ന കർഷക രോഷത്തെ ഇന്ദ്രപ്രസ്ഥത്തിലേക്ക് വഴിതിരിച്ചുവിട്ടതിൽ രാഹുൽഗാന്ധിക്കുള്ള പങ്ക് വലുതാണ്. പ്രാദേശിക എതിർപ്പുകൾ മാത്രമുയർത്തി കർഷകജനത തങ്ങളുടെ നാടുകളിൽ ഒതുങ്ങി നിന്ന കാലത്ത് അവരിലേക്ക് ഊർജ്ജ പ്രവാഹം പോലെ കടന്നുവന്നത് ഒരു ട്രാക്ടർ റാലിയായിരുന്നു. 2020 ഒക്ടോബർ ആദ്യവാരം ‘ഖേതി ബച്ചാവോ യാത്ര’ എന്ന പേരിൽ അമ്പത് കിലോമീറ്റർ താണ്ടിയ ട്രാക്ടർറാലി നയിച്ചത് രാഹുൽ ഗാന്ധിയായിരുന്നു. ആയിരക്കണക്കിന് കർഷകർ അണിചേർന്ന ട്രാക്ടർ റാലി ഹരിയാനയിലേക്ക് പ്രവേശിച്ചതോടെയാണ് ആദ്യമായ് കർഷക പ്രക്ഷോഭം പഞ്ചാബിന്റെ രാഷ്ട്രീയാതിർത്തി ഭേദിച്ചത്. പല സംസ്ഥാനങ്ങളിലും പ്രാദേശികമായ് പ്രതിഷേധിച്ചിരുന്ന കർഷകർക്ക് ട്രാക്ടർ റാലി പകർന്ന ആവേശം ചെറുതല്ലായിരുന്നു. പിന്നീട് രാജ്യതലസ്ഥാനത്തേക്ക് ഇരമ്പിയെത്തിയ കർഷക മുന്നേറ്റത്തിന്റെ തുടക്കം അതായിരുന്നുവെന്ന് പറയാം.
32 കർഷക സംഘടനകളെ വിളക്കിച്ചേർത്ത് ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ചതോടെ ഡൽഹിയുടെ അതിർത്തിയായ സിംഗു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിലെല്ലാം കർഷകർ തമ്പടിച്ചു; ശത്രുക്കളെ നേരിടാനെന്നവിധം അർധസൈനികരെ വരെ നിയോഗിച്ചും പാതകൾ അടച്ചും സർക്കാർ അന്നദാതാക്കളെ വരവേറ്റു. സിംഗൂരിലും ഖാസിപ്പൂരിലുമുള്ള കൊടുംശൈത്യത്തിൽ, തെരുവിൽ അന്തിയുറങ്ങി. ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായറ്റ് ഉൾപ്പെടെ പ്രക്ഷോഭത്തിന് പുതിയ ദിശാബോധം പകർന്നു. എഴുന്നൂറോളം പേർക്ക് ജീവൻ നഷ്ടമായി. ചമ്പാരൻ മാതൃക എന്ന് തുടക്കത്തിൽ വിശേഷിപ്പിച്ചതു പോലെ, ഭൂമിയോളം ക്ഷമിക്കുന്ന സഹനരൂപമായിരുന്നു ഓരോ കർഷക പോരാളിയും.
റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലി മാത്രമാണ് അക്രമത്തിൽ കലാശിച്ചത്. ഒരുവിഭാഗം പ്രതിഷേധക്കാർ ബാരിക്കേഡുകൾ ഭേദിച്ച് റാലിക്ക് അനുമതിയില്ലാത്ത ഭാഗങ്ങളിലേക്കും കടക്കുകയായിരുന്നു. പൊലീസ് കർഷകർക്കെതിരെ ലാത്തിചാർജ് നടത്തുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു. കർഷകസമരത്തിൽ നുഴഞ്ഞു കയറി കലാപം അഴിച്ചു വിട്ടവർ സംഘപരിവാർ അനുകൂലികളാണെന്നാണ് സംയുക്ത കിസാൻ മോർച്ച നേതാക്കൾ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതാണ്.
‘എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, കർഷക നിയമങ്ങൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരാവു”മെന്ന് ഈ വർഷം ജനുവരി 14ന് രാഹുൽഗാന്ധി ഉറച്ച ശബ്ദത്തിൽ മാധ്യമങ്ങളോട് പറഞ്ഞത്, ജനഹിതത്തെ തൊട്ടറിഞ്ഞുകൊണ്ടായിരുന്നു. ഫെബ്രുവരി 11ന് അദ്ദേഹം ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ കാർഷിക നിയമങ്ങൾ ആർക്കുവേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി വിമർശനം അഴിച്ചുവിട്ടു. മോദിയുടെ കുത്തക മുതലാളിമാരായ രണ്ട് സുഹൃത്തുക്കൾ ആരെല്ലാമാണെന്ന് രാജ്യത്തിന് വ്യക്തമായതുമാണ്.

  • കയ്യൂക്കും കള്ളപ്രചാരണവും

മാവോയിസ്റ്റുകളെന്നും രാജ്യദ്രോഹികളെന്നും ഖാലിസ്ഥാൻ തീവ്രവാദികളെന്നും പലതരത്തിൽ ബിജെപി നേതാക്കളാൽ ആക്ഷേപിക്കപ്പെട്ടവരാണ് കർഷക പോരാളികൾ. കയ്യൂക്കും കള്ള പ്രചാരണവും നിർബാധം തുടർന്നു. ദേശീയതലത്തിൽ നാൾക്കുനാൾ കർഷകർക്ക് പിന്തുണയേറി വരുന്നത് തിരിച്ചറിഞ്ഞ സർക്കാർ വിവിധ പ്രചരണ തന്ത്രങ്ങളുമായി രംഗത്തിറങ്ങി. ഏതാനും കാർഷികവിളകൾക്ക് 2022-23 കാലയളവിലേക്കുള്ള മിനിമം സഹായ വില പ്രഖ്യാപിച്ചതായിരുന്നു ആദ്യ കരുനീക്കം. ഗോതമ്പ്, ബാർളി, കടല, മസൂർ ദാൽ, കടുക് തുടങ്ങിയ വിളകൾക്കായിരുന്നു സർക്കാറിന്റെ കരുണാകടാക്ഷം. എന്നാൽ സർക്കാർ മണ്ഡികൾ പോലും കേന്ദ്രം പ്രഖ്യാപിച്ച കുറഞ്ഞ സഹായവിലയ്ക്ക് വിളവുകൾ സംഭരിക്കാൻ തയ്യാറാകുന്നില്ലെന്നതിന്റെ തെളിവുകളുമായി കർഷകർ മുന്നോട്ടുവന്നു. സർക്കാർ മണ്ഡികളിന്മേലുള്ള കർഷകരുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങൾ ഇതിന് പിന്നിലുണ്ടായോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
പ്രക്ഷോഭകരെ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച് നേരിടാനും ശ്രമങ്ങളുണ്ടായി. കള്ളക്കേസുകളുടെ പരമ്പരകൾ സൃഷ്ടിക്കപ്പെട്ടു. ഇതിനിടെ കർഷക പ്രക്ഷോഭകരെ കായികമായ് നേരിടാനും തുടങ്ങിയിരുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർഖേരിയിൽ കർഷകരെ കാറോടിച്ച് കയറ്റി കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ നടുക്കി. ഒക്ടോബർ മൂന്നിന് കേന്ദമന്ത്രി അജയ് മിശ്രക്കെതിരെ പ്രതിഷേധിക്കാൻ വന്ന കർഷകർ മന്ത്രിയെ കാണാതെ മടങ്ങുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ മകൻ ആശിഷ് മിശ്രയുടെ കാർ കർഷകർക്കിടയിലേക്ക് ഓടിച്ച് കയറ്റിയത്. നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനും മരിക്കുകയും രണ്ട് ബിജെപി പ്രവർത്തകരും കാറിന്റെ ഡ്രൈവറും കൊല്ലുപ്പെടുകയും ചെയ്തു.

  • മണ്ണൊലിപ്പ് തടയാനാവാതെ

ബിജെപിയാണെന്ന് പറഞ്ഞാൽ കർഷകർ തടഞ്ഞുവെക്കുന്ന അവസ്ഥയാണ് കുറഞ്ഞ കാലത്തിനുള്ളിൽ പഞ്ചാബിലും ഹരിയാനയിലെ ചില മേഖലകളിലും സംജാതമായത്. അബോഹറിൽ നിന്നുള്ള ബിജെപി എംഎൽഎയെ ഒരു വിഭാഗം കർഷകർ തല്ലുന്നതിനും പഞ്ചാബ് സാക്ഷിയായി. ബി ജെ പിയെ മാത്രമല്ല, നിർണായക ഘട്ടത്തിൽ മോദിക്ക് തുണയായി നിന്ന അകാലി ദളിനെയും പഞ്ചാബിലെ ജനം കൈവിടുകയാണെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് പുറത്തുവന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടിവരയിട്ടു. 1920ൽ പിറന്ന, പഴക്കംകൊണ്ട് ഇന്ത്യയിലെ രണ്ടാമത്തെ രാഷ്ട്രീയ പാർട്ടിയായ ശിരോമണി അകാലി ദൾ പഞ്ചാബിൽ മൂന്നാം സ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ടു. എട്ട് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ഏഴെണ്ണവും കോൺഗ്രസ് നേടിയപ്പോൾ, പല തദ്ദേശ സ്ഥാപനങ്ങളിലും ബിജെപി സീറ്റുകൾ നേടാതെ തള്ളപ്പെട്ടപ്പോൾ, അകാലിദളിന് സ്വതന്ത്രർക്കും പിന്നിൽ നിൽക്കേണ്ട ദുരവസ്ഥയുണ്ടായി. രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴും ബിജെപിക്ക് തിരിച്ചടിയേറ്റു. ഹനുമാൻഗഡ് ജില്ലയിലെ പിലിബംഗ, ശ്രീഗംഗാനഗറിലെ പദംപൂർ എന്നിവിടങ്ങളിൽ മുന്നേറ്റത്തിന്റെ കാഹളമുയർത്താൻ രാഹുൽഗാന്ധിയും സച്ചിൻ പൈലറ്റും നേതൃത്വം കൊടുത്ത ട്രാക്ടർ റാലികൾക്ക് സാധിച്ചിരുന്നു. കർഷക ജനത മഹാപഞ്ചായത്തുകളുമായ് ഹരിയാനയിലും ഉത്തർപ്രദേശിലും തങ്ങളുടെ പോർമുഖം ശക്തമാക്കി. പഞ്ചാബിലെ ആദ്യത്തെ മഹാപഞ്ചായത്ത് ലുധിയാനയിലെ ജാഗ്രാവിലായിരുന്നു. യോഗി സർക്കാറിനെ വെല്ലുവിളിച്ച് മുസാഫർനഗറിലുൾപ്പെടെ സംയുക്ത കിസാൻ മോർച്ച മഹാപഞ്ചായത്ത് നടത്തി. റോഡ് തടഞ്ഞും ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചും സർക്കാരുകൾ മഹാപഞ്ചായത്തുകൾക്ക് തടയിടാൻ ശ്രമിച്ചെങ്കിലും കടമ്പകൾ മറികടന്ന് പതിനായിരക്കണക്കിന് കർഷകരാണ് മഹാപഞ്ചായത്തുകളിലേക്ക് ഒഴുകിയത്.
കർഷക പ്രക്ഷോഭകരെ ഭയന്ന് മനോഹർലാൽ ഖട്ടറിനും ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയ്ക്കും പലതവണ തങ്ങളുടെ ഹെലികോപ്റ്റർ താഴെയിറക്കാൻ കഴിയാതെ വന്നു. ബിജെപി സംസ്ഥാന – ജില്ലാ നേതാക്കൾക്ക് ഗ്രാമങ്ങളിൽ വിലക്കുകൾ അഭിമുഖീകരിക്കേണ്ടി വന്നു. പശ്ചിമബംഗാളിലും ബിജെപിയുടെ അധികാരാധിപത്യ മോഹത്തിന് തടയിടുന്നതിൽ കർഷക രോഷം വലിയ പങ്കുവഹിച്ചു. ഉപതെരഞ്ഞെടുപ്പുകളിൽ അപ്രതീക്ഷിത തിരിച്ചടിയുണ്ടായി; ബിജെപിയുടെ പാർലമെന്റംഗം വരുൺ ഗാന്ധി ഉൾപ്പെടെ കർഷക ദ്രോഹ നയങ്ങൾക്കെതിരെ പരസ്യ നിലപാടെടുത്തു. 2022-ൽ ആഗതമായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ കർഷക പ്രക്ഷോഭം കനത്ത പ്രഹരമേൽപ്പിക്കുമെന്ന ഭീതിയാണ് മറിച്ചു ചിന്തിക്കാൻ നരേന്ദ്രമോദിയെ പ്രേരിപ്പിച്ചത്. പഞ്ചാബിൽ അമരീന്ദർ സിങിന്റെ പാർട്ടിയുമായ് കൈകോർക്കണമെങ്കിൽ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് മോദി തിരിച്ചറിയുന്നു. റിപ്പബ്ലിക്ക് ദിനത്തിലെ പ്രതിഷേധത്തിൽ അറസ്റ്റിലായ 83 കർഷകർക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയുടെ പ്രഖ്യാപനം കൂടി വന്നതോടെ എല്ലാം കൈവിട്ടുപോകുമെന്ന് ബിജെപി ഉറപ്പിച്ചു. പഞ്ചാബിലെ സിഖുകാരുടെ സമരം മാത്രമായി ചുരുക്കി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ഖാലിസ്ഥാൻ വാദികൾ എന്നാക്ഷേപിച്ച കർഷകരെ അഭിമുഖീകരിക്കുക എന്നത് മോദിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
പഞ്ചാബ്, ഹരിയാണ, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ജാട്ട് വിഭാഗം 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്ക് അനുകൂലമായി വിധിയെഴുതിയവരാണ്. പടിഞ്ഞാറൻ യുപിയിൽ വലിയ മേൽക്കൈ നേടിയതും സംസ്ഥാന ഭരണം പിടിച്ചതും ബിജെപിക്ക് മറക്കാനാവില്ല. അത് തടയിടാൻ കൂടിയാണ് പുതിയ നീക്കം. ഒരു ജനത മഹാപ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റ് പടർത്തിയതിന്റെ പ്രഹരശേഷിയും വ്യാപ്തിയും എത്രയുണ്ടെന്നതിന്റെ സൂചന ഉപതെരഞ്ഞെടുപ്പിൽ കണ്ടു. അഭിനവ സാമ്രാട്ടുമാരുടെ പ്രതാപചിഹ്നങ്ങൾ പേറിയ ഹരിത കുങ്കുമ കാവിപ്പതാക ജനം ഓടയിൽ എറിയുമ്പോൾ, വൈകിയുള്ള തിരുത്ത് ബിജെപിക്ക് എത്രത്തോളം ഗുണം ചെയ്യുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

Related posts

Leave a Comment