ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവർക്ക് അതു വിനയാകും: മോദി അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട് ഇന്ത്യ വളരുമ്പോൾ ലോകവും വളരുമെന്ന് യുഎൻ പൊതുസഭയിൽ പ്രധാന മന്ത്രി

ന്യൂയോര്‍ക്ക്: ഭീകരതയെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലോകമെങ്ങും തീവ്രവാദവും മൗലികവാദവും വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ രാഷ്ട്രീയ ആയുധമാക്കുന്നവര്‍ക്ക് തന്നെ അത് വിനയാകുമെന്നും പാകിസ്ഥാനെ പരോക്ഷമായി സൂചിപ്പിച്ച് യു.എന്‍ പൊതുസഭയില്‍ പ്രധാന മന്ത്രി പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ഥിതി ചിലർ ഭീകരവാദം പടർത്താൻ മുതലെടുക്കുകയാണ്. അഫ്ഗാനിസ്ഥാനെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും മോദി പറഞ്ഞു.
ഇന്ത്യ വളരുമ്പോൾ ലോകവും വളരുകയാണ്. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വർധിപ്പിക്കും. ഇന്ത്യ പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ ലോകത്തിന്റെ മുഖച്ഛായതന്നെ മാറും. വികസനമെന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതാകണം. ജനാധിപത്യം സഫലവും സാർഥകവും ആണെന്ന് ഇന്ത്യ തെളിയിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ബഹുസ്വരതയാണ് ഇന്ത്യയുടെ ശക്തി. 40 കോടി ജനങ്ങളെ ബാങ്കിങ് മേഖലയുമായി ബന്ധിപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.
കഴിഞ്ഞ ഒന്നര വർഷക്കാലമായ ലോകം 100 വര്‍ഷത്തിനിടയിലെ ഏറ്റവും തീവ്രമായ മഹാമാരിയെ നേരിടുകയാണ്. ഇന്ത്യയിൽ വാക്സിൻ നിർമിക്കുന്നതിനായി എല്ലാ വാക്സിൻ കമ്പനികളെയും ക്ഷണിക്കുകയാണ്. ലോകത്തെ ആദ്യ ഡിഎൻഎ വാക്സിൻ വികസിപ്പിച്ചിരിക്കുകയാണ് ഇന്ത്യ. 12 വയസ്സിനു മുകളിലുള്ള ആർക്കും ഈ വാക്സിൻ നൽകാം. ആര്‍എന്‍എ വാക്‌സിന്‍ പരീക്ഷണം അവസാന ഘട്ടത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡിനെതിരെ പോരാടി ജീവൻ വെടിഞ്ഞവർക്കെല്ലാം ആദരം അർപ്പിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
ഭീകരവാദത്തിലൂന്നിയ നിഴൽ യുദ്ധം തടയുന്നതിൽ യുഎന്നിന് വീഴ്ച പറ്റിയെന്നും കോവിഡിന്റെ ഉല്പത്തി കണ്ടെത്തുന്നതിൽ യുഎൻ സംശയത്തിന്റെ നിഴലിലായെന്നും മോദി കുറ്റപ്പെടുത്തി. യുഎൻ ശക്തിപ്പെടുത്തണമെന്നും സമുദ്രമേഖലകൾ കൈവശപ്പെടുത്താനുള്ള നീക്കം തടയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.  20 മിനിറ്റോളമാണ് പ്രധാന മന്ത്രി യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്തത്.

Related posts

Leave a Comment