Featured
മണിപ്പൂർ നിന്നു കത്തുമ്പോൾ
പ്രധാനമന്ത്രിക്ക് മഹാമൗനം

രണ്ടു ദിവസത്തെ സന്ദർശനത്തിനു കൊച്ചിയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ. രഞ്ജൻ സിംഗ് എല്ലാ പരിപാടികളും റദ്ദാക്കി മണിപ്പൂരിലക്കു മടങ്ങി. മടങ്ങുന്നതിനു തൊട്ടു മുൻപ് ആലുവ പാലസിൽ അദ്ദേഹം മാധ്യമങ്ങളെ കണ്ടു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ രാജ്യം ചർച്ച ചെയ്യുന്നത്
. ഇംഫാൽ ഈസ്റ്റിലെ കോങ്‌ബാ-നന്ദീബാം ലെയ്‌കായി മേഖലയിലുള്ള സ്വന്തം വസതിക്ക് കലാപകാരികൾ തീവച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
“ഞാൻ ഞെട്ടിപ്പോയി. മണിപ്പൂരിലെ ക്രമസമാധാന നില പൂർണമായും പരാജയപ്പെട്ടു. അവിടെ അരക്ഷിതവസ്ഥയാണ്. ക്രമസമാധാന നില പാടേ തകർന്നു. എന്റെ മാതൃരാജ്യത്ത് സംഭവിക്കുന്ന ഇത്തരം അക്രമങ്ങളിൽ വളരെ സങ്കടമുണ്ട്. സമാധാനത്തിനായി ഞാൻ ഇനിയും അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ള അക്രമങ്ങളിൽ ഏർപ്പെടുന്നവർ തികച്ചും മനുഷ്യത്വരഹിതരാണ്.” മന്ത്രി രഞ്ജൻ സിംഗിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ആർ.കെ. സിംഗ് മണിപ്പൂർ സ്വദേശിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തൻ. ബിജെപിയുടെ മുതിർന്ന നേതാവ്.
അദ്ദേഹമാണു പറയുന്നത് മണിപ്പുരിൽ സർക്കാർ സംവിധാനങ്ങളെല്ലാം പരാജയമാണെന്ന്. കാരണം അവിടെ കേന്ദ്രമന്ത്രി പോലും സുരക്ഷിതനല്ല.
കഴിഞ്ഞ ദിവസം അരങ്ങേറിയ മറ്റൊരു സംഭവത്തിൽ അക്രമികൾ മണിപ്പൂരിലെ ഏക വനിതാ മന്ത്രി നെംച കിപ്‌ഗന്റെ വസതിക്കും തീയിട്ടു. ഇന്നലെയും മറ്റൊരു മന്ത്രിയുടെ വീടിനു നേരേ ആക്രമണമുണ്ടായി. സൈനികരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ കലാപകാരികൾ കൊള്ളയടിച്ചു.
വീര സൈനികർക്കും ബോക്സിംഗ് ഇതഹാസം മേരി കോമിനും ആശങ്ക
മണിപ്പൂരിലുള്ള ലെഫ്റ്റനന്റ് ജനറൽ (റിട്ട) എൽ. നിഷികാന്ത സിംഗിന്റെ ട്വീറ്റിനും ഇതിനകം വലിയ റീച്ച് കിട്ടി. “ഞാൻ മണിപ്പൂരിൽ നിന്നുള്ള ഒരു സാധാരണ ഇന്ത്യക്കാരനാണ്. വിരമിച്ചു ജീവിതം നയിക്കുന്ന സൈനികൻ. സംസ്ഥാനം ഇപ്പോൾ ‘രാജ്യരഹിതമാണ്’. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ. ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം.”

“മണിപ്പൂരിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറലിൽ നിന്നുള്ള അസാധാരണമായ, സങ്കടകരമായ സന്ദേശം കണ്ടു. മണിപ്പൂരിലെ ക്രമസമാധാന നിലയ്ക്ക് ഉയർന്ന തലത്തിൽ അടിയന്തിര ശ്രദ്ധ ആവശ്യമാണ്.” മുൻ കരസേനാ മേധാവി ജനറൽ (റിട്ട) വേദ് പ്രകാശ് മാലിക് ഈ പോസ്റ്റ് റീട്വീറ്റ് ചെയ്തു.
ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരി കോം തന്റെ സംസ്ഥാനത്തിന്റെ ദുരവസ്ഥയിൽ അതീവ ദുഃഖിതയാണ്. മണിപ്പൂരിലെ സംഘർഷാവസ്ഥയിൽ സഹായം തേടി അവർ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്തയച്ചു. തന്റെ നാട് കത്തുകയാണെന്നും സഹായിക്കണമെന്നുമായിരുന്നു ആവശ്യം.
ഇതിലെല്ലാം ഒരു ധ്വനിയുണ്ട്. മണിപ്പുരിലെ സ്ഥിതി അത്യന്തം ഗുരുതരമാണ്. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണം. പക്ഷേ, നരേന്ദ്ര മോദി നാവെടുക്കുന്നതേയില്ല. അപകടകരവും അത്യന്തം ഗുരുതരവുമായ മഹാമൗനത്തിലാണു പ്രധാനമന്ത്രി. മണിപ്പൂർ എന്ന സംസ്ഥാനം നിന്നു കത്തുമ്പോഴും രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ ഒരനക്കവുമില്ല. ലെഫ്റ്റനന്റ് ജനറൽ (റിട്ട) എൽ നിഷികാന്ത സിംഗ് പറഞ്ഞതു പോലെ മണിപ്പൂർ ഇപ്പോൾ രാജ്യരഹിതമാണ്. അരക്ഷിതമാണ്. കലാപ കലുഷിതമായ ഇവിടെ ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു സുരക്ഷയുമില്ല.
മേയ് മൂന്നിന് ഗോത്ര വിഭാഗമായ കുകികൾ സംഘടിപ്പിച്ച ‘ട്രൈബൽ സോളിഡാരിറ്റി മാർച്ചി’ന് പിന്നാലെയാണ് മണിപ്പുർ കലാപഭൂമിയാകുന്നത്. സംസ്ഥാനത്തെ ഭൂരിപക്ഷമായ മേയ്തി വിഭാഗം, പട്ടികവർഗ പദവി ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
കലാപത്തിനു കാരണം സംവരണത്തിലെ സംശയം
മേയ്തികൾക്ക് ഗോത്ര പദവി ലഭിച്ചാൽ തങ്ങളുടെ ഗ്രാമങ്ങൾ അവർ കൈയേറുമെന്ന ഭയമാണ് കുകികളുടെ പ്രതിഷേധങ്ങൾക്ക് കാരണം. കൂടാതെ വനമേഖലയിൽ വസിക്കുന്ന കുകികളെ അവരുടെ സംരക്ഷിത വനഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കുന്നതിനെ ചൊല്ലിയുള്ള പിരിമുറുക്കങ്ങളും അക്രമങ്ങൾക്ക് ആക്കം കൂട്ടി. കലാപം പൊട്ടിപ്പുറപ്പെട്ട് ഒന്നര മാസത്തിനുള്ളിൽ 120ഓളം പേർ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ മരണ സംഖ്യ ഇതിന്റെ അനേകം ഇരട്ടി വരുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. രോഗികളുമായി പോകുന്ന ആംബുലൻസ് വരെ തീയിടുകയാണ്. പിഞ്ചു കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടിട്ടുണ്ട്.
48 മണിക്കൂറുകൾക്കകം സ്ഥിതി ശാന്തമാക്കുമെന്നു പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ആഴ്ച മണിപ്പൂരിലെത്തിയിരുന്നു. ഏതാനും ദിവസങ്ങൾ അദ്ദേഹം അവിടെ തങ്ങി സ്ഥിതി ശാന്തമാക്കാൻ ശ്രമിച്ചിട്ടും കലാപം കെട്ടടങ്ങിയില്ല. മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ മാറ്റാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് അക്രമത്തിനു നേതൃത്വം കൊടുക്കുന്ന എല്ലാവരുടെയും തീരുമാനം. എന്നാൽ രാഷ്‌ട്രീയ നേട്ടം മാത്രം ലാക്കാക്കുന്ന ബിജെപി ഈ ആവശ്യം അംഗീകരിക്കുന്നില്ല.
സംസ്ഥാനത്തെ സമാധാനം പുനഃസ്ഥാപിക്കാനായി കേന്ദ്രം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഗവർണറുടെ മേൽനോട്ടത്തിലുള്ള സമിതിയിൽ മേയ്തി, കുകി സമുദായങ്ങളിൽ നിന്നടക്കം 51 അംഗങ്ങളാണുള്ളത്. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി സമാധാന ശ്രമങ്ങളോട് സഹകരിക്കില്ലെന്ന് കുകി വിഭാഗവും മേയ്തി വിഭാഗവും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിനെ സമിതിയിൽ അംഗമാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ചാണ് സമാധാന ചർച്ചകളുടെ ഭാഗമാകില്ലെന്ന് കുകി വിഭാഗം അറിയിച്ചത്. സ്ഥിതി ഇത്ര വഷളായിട്ടും കേന്ദ്ര സർക്കാർ കാര്യമായി ഇടപെടുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ എത്തി മുഖ്യമന്ത്രിക്കു പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു മടങ്ങിയത് സ്ഥിതി വഷളാക്കി എന്നതാണ് കേന്ദ്ര മന്ത്രിയുടെ വീടിനടക്കം നാട്ടുകാർ ബോംബിടാൻ കാരണം.

പ്രധാനമന്ത്രി മൗനം വെടിയണം, സർവകക്ഷി സംഘത്തെ നയിക്കണം
കാലപം ഏഴാഴ്ച പിന്നിട്ടിട്ടും പ്രധാനമന്ത്രി എന്തു കൊണ്ടു മിണ്ടുന്നില്ല എന്നാണ് രാജ്യം ഉന്നയിക്കുന്ന പ്രധാന ചോദ്യം. കലാപ മേഖലയിൽ നിഷ്പക്ഷമായ നിരീക്ഷണം നടത്താനും എല്ലാ വിഭാഗം ജനങ്ങൾക്കും ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും സർക്കാരിനാണു ചുമതല. ആ ചുമതല നിവേറ്റുന്നതിൽ മണിപ്പൂരിലെ ബിരേൻ സിംഗിന്റെയും കേന്ദ്രത്തിൽ നേരേന്ദ്ര മോദിയുടെയും സർക്കാരുകൾ പരാജയമാണെന്നാണ് കേന്ദ്ര മന്ത്രി ആർ.കെ. സിംഗ് മുതൽ മുൻ കരസേനാ മേധാവി ജനറൽ (റിട്ട) വേദപ്രകാശ് മാലിക് വരെയുള്ളവരുടെ പ്രതികരണങ്ങളിൽ നിന്നു മനസിലാകുന്നത്.
അതിനിടെ മണിപ്പുരിൽ നിന്നുള്ള ഒരു സംഘം പ്രതിപക്ഷ നേതാക്കൾ മൂന്നു ദിവസമായി ഇന്ദ്രപ്രസ്ഥത്തിൽ പ്രധാനമന്ത്രിയെ കാണാൻ കാത്തുകെട്ടിക്കിടക്കുകയാണ്. മോദി അവർക്ക് അതിന് അനുവാദം നൽകിയില്ല. സ്വന്തം രാജ്യത്തെ ഒരു സംസ്ഥാനം നിന്നു കത്തുമ്പോൾ അഞ്ചു ദിവസത്തെ യുഎസ്- ഈജിപ്റ്റ് സന്ദർശനത്തിനു പോവുകയാണ് പ്രധാനമന്ത്രി. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തതു പോലെ രാജ്യം ഇത്ര ഗുരുതരമായൊരു പ്രതിസന്ധി അഭിമുഖീകരിക്കുമ്പോൾ ഒരു പ്രധാനമന്ത്രിക്ക് എങ്ങനെ മിണ്ടാതിരിക്കാൻ കഴിയുന്നു?
ഇനിയെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരഭിമാനം വെടിയണം. അദ്ദേഹം വാതുറക്കണം. തുറന്നു സംസാരിക്കണം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർലമെന്റിലെ സർവകക്ഷി പ്രതിനിധി സംഘം മണിപ്പുരിലേക്കു കുതിക്കണം. മണിപ്പൂർ നിവാസികളുടെ വിശ്വാസമാർജിക്കാൻ പാകത്തിന് അവരുടെ നിർദേശങ്ങൾ കൂടി അംഗീകരിക്കുന്ന ഒത്തുതീർപ്പ് ഫോർമുല ഉടനുണ്ടാക്കണം. അല്ലാതെ കെട്ടടങ്ങില്ല, മണിപ്പൂരിലെ പ്രതിഷേധാഗ്നി.
Featured
അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കുട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം നഗരത്തിലുമെത്തി സ്ഥിഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വിട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
Featured
തുമ്പുണ്ടാക്കിയതു നീലകാർ, അറസ്റ്റ് ഹോട്ടലിൽ വച്ച്

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ തുമ്പുണ്ടാക്കിയത് നീല കാർ. കെഎൽ 2 സെഡ് 7337 മാരുതി കാറാണിത്. പ്രതികളുടേതെന്നു സംശയിക്കുന്ന ഈ കാർ സംഭവം നടന്നതിന്റെ പിറ്റേ ദിവസം ആശ്രാമം ലിങ്ക് റോഡിൽ കണ്ടതായി സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. കാർ കണ്ട കാര്യം ദൃക് സാക്ഷികളുടെ മൊഴിയുണ്ട്. തട്ടിക്കൊണ്ടു പോയതിന്റെ പിറ്റേ ദിവസം തന്നെ ഒരു നീല കാറിലാണ് കൊല്ലത്തേക്കു കൊണ്ടു വന്നതെന്നു കുട്ടിയും വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യങ്ങളെല്ലാം വച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഇന്നലെ തമിഴ്നാട്ടിലെ പുളിയറയിലെത്തിയത്.
പൊലീസ് എത്തുമ്പേൾ പ്രതികൾ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്നു. പൊലീസാണെന്നു തിരച്ചറിഞ്ഞതോടെ അവർ ഒരു തരത്തിലുമുള്ള ചെറുത്തു നില്പിനു തയാറായില്ല. പൊലീസുമായി പൂർണമായി സഹകരിച്ചു. നീല കാർ ഈവർ തങ്ങിയ ഹോട്ടലിലുണ്ടായിരുന്നു. പ്രതികളിൽ സ്ത്രീയെ കൂടാതെ ഒരു കുട്ടിയെയും ഈ കാറിൽ കയറ്റിയാണ് പൊലീസ് കൊല്ലത്തേക്കു തിരിച്ചത്.
ഒപ്പമുണ്ടായ പുരുഷനെ പോലീസ് ജീപ്പിലും കൊണ്ടുവന്നു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login