ദിശാബോധം നഷ്ടപ്പെട്ട മോദി സര്‍ക്കാര്‍

ഗോപിനാഥ് മഠത്തിൽ

ഇന്ത്യയുടെ പ്രശസ്തി അടുത്തകാലം വരെ നിലനിന്നിരുന്നത് ഒരു മഹത്തായ ജനാധിപത്യരാജ്യം എന്ന നിലയിലായിരുന്നു. ഇപ്പോള്‍ അതിന്റെ റാങ്കിംഗില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പരിതാപകരമാകുംവിധം താഴേയ്ക്ക് പോയിരിക്കുന്നു എന്നതാണ് ഒരു അമേരിക്കന്‍ പഠനം സൂചിപ്പിക്കുന്നത്. ജനങ്ങളുടെ മൗലികമായ അവകാശങ്ങളെ നിഷ്പ്രഭമാക്കിക്കൊണ്ട് മോദിയുടെ ഒന്നും രണ്ടും സര്‍ക്കാരുകള്‍ നടത്തിയ വിരുദ്ധ നീക്കങ്ങളാണ് അതിനെല്ലാം കാരണം. അവിശുദ്ധ നയങ്ങള്‍ ഏതൊക്കെയാണെന്ന് നന്നായി അറിയുന്നവരാണ് നമ്മള്‍. കര്‍ഷകസമരത്തെ അപരിഹാര്യമാംവിധം മാസങ്ങളോളം നീട്ടിക്കൊണ്ടുപോയ ഈ സര്‍ക്കാരാണ് ഒന്നുരണ്ടു മാസങ്ങള്‍ക്കു മുമ്പ് ലക്ഷദ്വീപ് ജനങ്ങളുടെ സൈ്വര്യം കെടുത്തി രഹസ്യ അജണ്ട പൂര്‍ത്തീകരണം കാണാന്‍ ശ്രമിച്ചത്. മഹാരാഷ്ട്രയിലെ ഭീമ-കൊറേഗാവ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പതിഷ്ണുക്കളായ ഒരു പറ്റം ആളുകളെ പ്രതിചേര്‍ക്കുകയും അതിന്റെ തുടര്‍ച്ചയെന്നോണം ഫാദര്‍ സ്റ്റാന്‍സ്വാമി ജാമ്യം പോലും ലഭിക്കാത്തവിധം കസ്റ്റഡിയില്‍ മരണപ്പെട്ടതും അടുത്തകാലത്ത് നടന്ന സംഭവങ്ങളാണ്. അതിനുമുമ്പേ സകല എതിര്‍ശബ്ദങ്ങളെയും നിഷ്പ്രഭമാക്കാനുള്ള തയ്യാറെടുപ്പുകള്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നടത്തിവന്നിരുന്നു. ഗോവിന്ദ് പന്‍സാരയും, കല്‍ബുര്‍ഗിയും, ഗൗരിലങ്കേഷും മറ്റും അതിന്റെ രക്തസാക്ഷിത്വ തെളിവുകളാണ്. അക്കൂട്ടത്തില്‍ നരേന്ദ്രമോദിയുടെ ജനാധിപത്യ വിരുദ്ധമായ ഏകാധിപത്യ ഭരണത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് പെഗാസസ് സംഭവം. ജനത്തിനും നിയമസംവിധാനത്തിനും എതിരെ ബിജെപി സര്‍ക്കാര്‍ പ്രയോഗിച്ച രാജ്യദ്രോഹമായിവേണം അതിനെ കാണേണ്ടത്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രധാനമന്ത്രിക്കെതിരെ അന്വേഷണം നടത്തുകയും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്‌ക്കേണ്ടതും ഒരു സാമാന്യമര്യാദ മാത്രമാണ്. പക്ഷേ അതുണ്ടാകില്ല. മറ്റുള്ളവരുടെ രാഷ്ട്രീയമോ വ്യക്തിഗതമോ ആയ സംഭാഷണങ്ങള്‍ ചോര്‍ത്തി അതിജീവനത്തിന്റെ ശക്തി സംഭരിക്കുവാന്‍ ഭരണത്തിലും പാര്‍ട്ടിതലത്തിലും ബിജെപി നടത്തുന്ന കുബുദ്ധിയുടെ ഭാഗമായി വേണം ഇതിനെ കാണേണ്ടത്. മറ്റൊരുതരത്തില്‍ ഇത് സ്വേച്ഛാധിപത്യത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള നരേന്ദ്രമോദിയുടെ സഞ്ചാരം കൂടിയാണ്. ഗവണ്‍മെന്റിനെതിരെ നടത്തുന്ന ചെറുവിരല്‍ അനക്കങ്ങളെയും ചെറുസംഭാഷണങ്ങളെ പോലും കൃത്യമായി ഒപ്പിയെടുത്ത് പക വീട്ടാനുള്ള കുടിലതന്ത്രത്തിന്റെ ഭാഗമായാണ് മോദിയും അമിത് ഷായും പെഗാസസിനെ കൂട്ടുപിടിച്ചത്. മറ്റുള്ളവരുടെ രഹസ്യങ്ങളിലേയ്ക്ക് ആര്‍ത്തിപൂര്‍വ്വം നുഴഞ്ഞുകയറാനുള്ള തരംതാഴ്ന്ന മൂന്നാംവ്യക്തിത്വത്തിന്റെ ലജ്ജയില്ലാത്ത കണ്ണും മനസ്സുമാണ് ഇക്കാര്യത്തില്‍ മോദിക്കും ഷായ്ക്കും ഉള്ളത്. യഥാര്‍ത്ഥത്തില്‍ ഭീകരര്‍ക്കെതിരെയും കുറ്റവാളികള്‍ക്കെതിരെയും ഉപയോഗിക്കേണ്ട പെഗാസസിനെയാണ് ഇവര്‍ നിര്‍ലജ്ജം രാഷ്ട്രീയമായി ഉപയോഗിച്ചിരിക്കുന്നത്. കര്‍ണ്ണാടകത്തിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിവിധ അന്വേഷണങ്ങളെ നിര്‍വീര്യമാക്കാനും സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പോലും പെഗാസസിനെ ഇവര്‍ തന്ത്രപൂര്‍വ്വം വിനിയോഗിച്ചു. കൂടാതെ റഫാല്‍ അന്വേഷണം ഇല്ലാതാക്കാനും രാജ്യത്തെ നിയമസംവിധാനങ്ങളെ അപകടപ്പെടുത്താനും ഈ ഭരണാധികാരികള്‍ കൂട്ടുപിടിച്ചത് പെഗാസസിനെ ആയിരുന്നു. ഇതിനെല്ലാം ജനവിശ്വാസം നേടിയെടുക്കാന്‍ അവര്‍ നടത്തിയ കള്ള വിശേഷണം രാജ്യദ്രോഹമെന്നായിരുന്നു.
ജമ്മുകാശ്മീരിലെ 25 രാഷ്ട്രീയപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പത്രപ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ നടത്തിയത് രാജ്യത്തെ ദ്രോഹത്തിന്റെ പേരിലായിരുന്നു. ജമ്മുകാശ്മീരിനെ പ്രത്യേക പദവി വ്യവസ്ഥ ചെയ്യുന്ന 370-ാം അനുച്ഛേദം പിന്‍വലിക്കുന്നതിനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളുന്നതിന് മുമ്പും പിമ്പുമാണ് ചോര്‍ത്തല്‍ നടന്നത്. വിഘടനവാദി നേതാവ് ബിലാല്‍ ലോണ്‍, അന്തരിച്ച എസ്.എ.ആര്‍.ഗിലാനി, മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ കുടുംബാംഗങ്ങള്‍, ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ ഫാറൂഖ്, കാശ്മീര്‍ താഴ്‌വരയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വഖര്‍ഫാട്ടി, ശ്രീനഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തകര്‍, ബിസിനസ്സുകാര്‍ തുടങ്ങി സംഘടനകളുടെയും അതിന്റെ പ്രവര്‍ത്തനശൈലിയുടെയും നിറഭേദങ്ങള്‍ നോക്കാതെ ആരെയും പെഗാസസിന്റെ മൂന്നാംകണ്ണിലൂടെ കീഴ്‌പ്പെടുത്താന്‍ മോദിയും ഷായും തരാതരം ശ്രമിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇതില്‍ ബിലാല്‍ ലോണിന്റെയും ഗിലാനിയുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധന നടത്തി സ്ഥിരീകരിച്ചിട്ടുണ്ട്. വിഘടനവാദികളുടെ രഹസ്യസംഭാഷണങ്ങള്‍ ചോര്‍ത്താന്‍ പെഗാസസിനെ ഉപയോഗിക്കുന്നതിന്റെ അര്‍ത്ഥം ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. പക്ഷേ അതിനെ തീവ്രവാദത്തിന്റെ പരിധിയില്‍ ഒതുക്കാതെ, സര്‍ക്കാര്‍ നയങ്ങളെ മറ്റൊരുവിധത്തില്‍ വിമര്‍ശിക്കുന്നവരിലേക്കുള്ള കടന്നാക്രമണമായി മാറുമ്പോഴാണ് മോദിയുടെയും ഷായുടെയും സ്വേച്ഛാധികാരത്തിന്റെ യഥാര്‍ത്ഥ നിറം വെളിപ്പെടുന്നത്. അതിന് സഹായകമാകുന്നത് ബിജെപി സര്‍ക്കാര്‍ അടുത്ത കാലത്ത് നടത്തിയ ചില ജനവിരുദ്ധവും ഏകപക്ഷീയവുമായ പ്രവര്‍ത്തനങ്ങളുമാണ്.

വാല്‍ക്കഷണം:
സ്വേച്ഛാധിപത്യത്തിന്റെ പാതയില്‍ രാജ്യം സഞ്ചരിക്കുമ്പോള്‍ സാമ്പത്തിക സ്ഥിതി 1991-ലേക്കാള്‍ ഭയാനകമാണെന്ന് ഓര്‍മ്മിപ്പിക്കുന്നത് മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗാണ്. അന്ന് ധനകാര്യമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗ് തന്റെ ബഡ്ജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വിക്ടര്‍ ഹ്യൂഗോവിന്റെ കവിത ഉദ്ധരിച്ചായിരുന്നു. ‘ഭൂമിയിലെ ഒരുശക്തിക്കും ആരുടെ സമയമാണ് വരാന്‍പോകുന്നതെന്ന ആശയത്തെ തടയാന്‍ കഴിയുകയില്ലെ’ന്നായിരുന്നു അത്. അതേ മന്‍മോഹന്‍സിംഗ് 30 വര്‍ഷത്തിനുശേഷം റോബര്‍ട്ട് ഫ്രോസ്റ്റിന്റെ മറ്റൊരു കവിത ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇപ്പോഴത്തെ ഗവണ്‍മെന്റിന് ഒരു സാമ്പത്തിക താക്കീത് നല്‍കുന്നു. ‘പക്ഷേ, എനിക്ക് വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഉറങ്ങും മുമ്പ് മൈലുകള്‍ താണ്ടേണ്ടതുണ്ട്.’ എന്നതാണ് ഫ്രോസ്റ്റിന്റെ വരികള്‍. ബിജെപി മന്ത്രിസഭ ഉറങ്ങുംമുമ്പോ അല്ലെങ്കില്‍ ഇറങ്ങും മുമ്പോ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നോ, സാമ്പത്തിക നില മെച്ചപ്പെടുത്തുമെന്നോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Related posts

Leave a Comment