കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച ദേശീയ കർഷക പ്രക്ഷോഭം

പ്രത്യേക‌ ലേഖകൻ

സ്വാതന്ത്ര്യ സമരത്തിനു ശേഷം ഇന്ത്യൻ ജനത കൈവരിച്ച ചരിത്ര മുന്നേറ്റം. കോവിഡ് മഹാമാരിക്കാലത്ത് പാർലമെന്റിനെപ്പോലും ഇരുട്ടിൽ നിർത്തി നരേന്ദ്ര മോദി സർക്കാർ പാസാക്കിയ കർഷക വിരുദ്ധ കരിനിയങ്ങളിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കർഷകർ നടത്തിയ ഐതിഹാസിക സമരം ഫലം കണ്ടിരിക്കുന്നു. ഇന്ത്യൻ കർഷകരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കെല്പില്ലാതെ നരേന്ദ്ര മോദിയും കൂട്ടരും മുട്ടു മടക്കി. വിവാദമായ മൂന്നു കാർഷിക നിയമങ്ങളും പിൻവലിച്ചതു വഴി ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലും സുപ്രധാനവഴിത്തിരിവായി അതു മാറി.

2020 സെപ്റ്റംബറിൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ നിരന്തര പ്രതിഷേധമാണ് 2020 ലെ ഇന്ത്യൻ കർഷകരുടെ പ്രതിഷേധം. തുടക്കം മുതൽ ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് കർഷകർക്കൊപ്പമാണ്. കർഷകർക്കു പരസ്യ പിന്തുണ അർപ്പിച്ചു കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പഞ്ചാബിലും ഹരിയാനയിലും ട്രാക്റ്റർ റാലി നടത്തിയിരുന്നു. ഈ റാലി തടസപ്പെടുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും ശ്രമിച്ചെങ്കിലും കർഷക മുന്നേറ്റത്തിൽ ട്രാക്റ്റർ റാലി വൻവിജയമായി. പല കർഷക യൂണിയനുകളും ഈ നടപടികളെ “കർഷക വിരുദ്ധ നിയമങ്ങൾ” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. ഇത് കർഷകരെ “കോർപ്പറേറ്റുകളുടെ കാരുണ്യത്തിൽ” ഉപേക്ഷിക്കുമെന്ന് രാഹുൽ ​ഗാന്ധി ഓർമിപ്പിച്ചു.

ഈ നിയമങ്ങൾ നിലവിൽ വന്നയുടനെ കർഷക സംഘടനകൾ പ്രാദേശിക പ്രതിഷേധം ആരംഭിച്ചു, കൂടുതൽ പ്രതിഷേധങ്ങൾ പഞ്ചാബിൽ നിന്നായിരുന്നു. രണ്ടുമാസത്തെ പ്രതിഷേധത്തിനുശേഷം, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള കർഷക സംഘടനകൾ ദില്ലി ചലോ എന്ന പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചു, അതിൽ അണിനിരന്ന് പതിനായിരക്കണക്കിന് കർഷക സംഘടനകൾ രാജ്യ തലസ്ഥാനത്തേക്ക് മാർച്ച് നടത്തി. കർഷക സംഘടനകൾ ഹരിയാനയിലേക്കും പിന്നീട് ഡൽഹിയിലേക്കും പ്രവേശിക്കുന്നത് തടയാൻ കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിലെ പോലീസിനും നിയമപാലകർക്കും ഉത്തരവിട്ടു. പോലീസ് കർഷക സംഘടനകളെ ജലപീരങ്കികൾ, കണ്ണീർ വാതകം, ലാത്തി എന്നിവ ഉപയോഗിച്ച് തടയാൻ തുടങ്ങി. നവംബർ 26 ന് കർഷക സംഘടനകളെ പിന്തുണച്ച് രാജ്യവ്യാപകമായി 250 ദശലക്ഷം ആളുകൾ പങ്കെടുത്ത പൊതു പണിമുടക്ക് നടന്നു. മൂന്നു ലക്ഷത്തോളം പേർ ഡൽഹി മാർച്ചിൽ അണിനിരന്നു.

ഏകദേശം 50 ഓളം കർഷക സംഘടനകളാണു കരിനിയമത്തിനെതിരെ പ്രതിഷേധിക്കുന്നത്. 2020 ഡിസംബർ 8 ന് ഇന്ത്യയിലുടനീളം മറ്റൊരു പണിമുടക്കുമായി മുന്നോട്ടുപോകാൻ കർഷക സംഘടനകൾ പദ്ധതിയിട്ടു.നിയമങ്ങളിൽ ചില ഭേദഗതികൾ ആവാം എന്ന് സർക്കാർ വാഗ്ദാനം ചെയ്‌തെങ്കിലും നിയമങ്ങൾ റദ്ദാക്കൽ അല്ലാതെ മറ്റൊരു വീട്ടുവീഴ്ചക്കും സംഘടനകൾ തയ്യാറയില്ല.ഡിസംബർ 12 മുതൽ കർഷക സംഘടനകൾ ഹരിയാനയിലെ ഹൈവേ ടോൾ പ്ലാസകൾ ഏറ്റെടുക്കുകയും വാഹനങ്ങൾ സൗജന്യമായി കടത്തിവിടാൻ അനുവദിക്കുകയും ചെയ്തു.ഡിസംബർ പകുതിയോടെ ദില്ലിക്ക് ചുറ്റും പ്രതിഷേധക്കാർ സൃഷ്ടിച്ച ഉപരോധങ്ങൾ നീക്കം ചെയ്യുന്നതുമായി ഒരു കൂട്ടം നിവേദനങ്ങൾ സുപ്രീം കോടതിക്ക് ലഭിച്ചു. പ്രതിഷേധിക്കുന്ന കർഷക സംഘടനകളുടെ വിവിധ ഭാരവാഹികളുമായി ചർച്ചകൾ നടത്താനും കോടതി താല്പര്യം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ നിയമങ്ങൾ നിർത്തിവയ്ക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിച്ചു. ജനുവരി 4 ന് പ്രതിഷേധിക്കുന്ന കർഷകർക്ക് അനുകൂലമായി സമർപ്പിച്ച ആദ്യ അപേക്ഷ കോടതി രജിസ്റ്റർ ചെയ്തു.


ഒരേ സമയത്തു തന്നെ നിയമപോരാട്ടവും സമര പോരാട്ടവുമാണ് കർഷകർ ഏറ്റെടുത്തത്. സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്കു മുന്നിൽ മോദിക്കും കൂട്ടർക്കും പിടിച്ചു നിൽക്കാനായില്ല. ഒടുവിൽ കർഷകരുടെ വിരിമാറിലേക്ക് കേന്ദ്ര മന്ത്രിയുടെ മകനടക്കമുള്ള രാഷ്‌ട്രീയ ക്രിമിനലുകൾ മരണരഥങ്ങളുരുട്ടിയപ്പോൾ ഇന്ത്യ നടുങ്ങി. ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കു ശേഷമാണ് മന്ത്രി പുത്രന്റെ അറസ്റ്റ് പോലും രേഖപ്പെടുത്തപ്പെട്ടത്.

Related posts

Leave a Comment