ആധുനിക യുദ്ധമുറകൾ, നിലപാടുകൾ; ആദ്യ സംയുക്തസേനാ മേധാവി; ജനറൽ ബിപിൻ റാവത്ത് ഓരോ നിമിഷവും ജീവിച്ചത് രാജ്യത്തിനായി

ഇന്ത്യൻ സേനകൾക്ക് കരുത്തനായ നായകനെയാണ് ആദ്യ സംയുക്ത സേനാമേധാവി ബിപിൻ റാവത്തിൻറെ അകാലവിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. നിലപാടുകളിൽ കണിശക്കാരനും ആധുനിക യുദ്ധമുറകൾ രൂപപ്പെടുത്തുന്നതിൽ അഗ്രഗണ്യനുമായിരുന്നു ജനറൽ ബിപിൻ റാവത്ത്.2020 ജനുവരി ഒന്നിന് ഇന്ത്യയുടെ ആദ്യ സംയുക്തസേനാ മേധാവിയായി ജനറൽ ബിപിൻ റാവത്ത് ചുമതലയേറ്റു. മൂന്നുവർഷത്തേക്കായിരുന്നു നിയമനം. കാലത്തിൻറെ മാറ്റത്തിനനുസരിച്ച് സേനകളെ എങ്ങനെ സജ്ജമാക്കണമെന്നതിൽ കൃത്യമായ ദിശാബോധം ബിപിൻ റാവത്തിനുണ്ടായിരുന്നു.രണ്ട് സീനിയർ ഉദ്യോഗസ്ഥരെ മറികടന്ന് കേന്ദ്ര സർക്കാർ ലഫ്റ്റനന്റ് ജനറൽ ബിപിൻ റാവത്തിനെ കരസേനാ മേധാവിയായി നിയമിച്ചത് വിവാദമായിരുന്നു. ഫീൽഡ് മാർഷൽ സാം മനേക് ഷായ്ക്കും ദൽബീർ സിങ് സുഹാഗിനുശേഷം ഗൂർഖ റെജിമെൻറിൽനിന്ന് കരസേനയുടെ തലപ്പത്തെത്തുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനായിരുന്നു ബിപിൻ റാവത്ത്.

ശത്രുഡ്രോണുകൾ രാജ്യത്തിൻറെ ആകാശത്ത് പറന്നുവന്നപ്പോൾ റാവത്ത് പ്രഖ്യാപിച്ചു – ‘ഇന്ത്യയെ ആക്രമിക്കാനാണു പാക്ക് നീക്കമെങ്കിൽ തിരിച്ചടിക്കു സേനകൾ തയാറാണ്. തിരിച്ചടിയുടെ സമയവും സ്ഥലവും ഇന്ത്യ തീരുമാനിക്കും.’ കാവൽക്കാരൻറെ നിലപാട് ഉറച്ചതായിരുന്നു. സംയുക്ത മേധാവിയായി നിയമിക്കപ്പെട്ടതോടെ റാവത്ത് തൻറെ വിപ്ലവകരമായ ആശയങ്ങളിലൂടെ സേനയെ ശക്തമാക്കാൻ പദ്ധതികളിട്ടു. മിസൈലുകൾ, റോക്കറ്റുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള പ്രത്യേക വിഭാഗമായ ‘റോക്കറ്റ് ഫോഴ്സ്’ പ്രതിരോധ സേനയിൽ സ്ഥാപിക്കുന്നതായിരുന്നു ഒരു പദ്ധതി. ചൈനീസ് സേനയിൽ സമാനമായ വിഭാഗമുണ്ടെന്നതിനാൽ ഇന്ത്യയും പിന്നാക്കം പോകരുതെന്നായിരുന്നു ഇക്കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാട്.

രാജ്യത്തെ പ്രതിരോധസേനകളുടെ പ്രവർത്തനരീതിയിൽ ചരിത്രപരമായ മാറ്റത്തിനു വഴിയൊരുക്കുന്ന തിയറ്റർ കമാൻ‍ഡ് രൂപവൽക്കരണമെന്ന നിർദേശവും ബിപിൻ റാവത്തിൻറേതായിരുന്നു. കര, നാവിക, വ്യോമസേനകൾ സ്വന്തം കമാൻഡുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന രീതിക്കു പകരം മൂന്ന് സേനകളിലെയും ആയുധ, ആൾ ബലങ്ങൾ ഏകോപിപ്പിച്ചുള്ള സംയുക്ത കമാൻഡ് ആണ് തിയറ്റർ കമാൻഡ്. അമേരിക്കയുടെയും ചൈനയുടെയും സേനകൾ തിയറ്റർ കമാൻഡായാണ് പ്രവർത്തിക്കുന്നത്. ലഫ്റ്റനന്റ് ജനറലായിരിക്കെ, 2015ൽ നാഗാലാൻഡിൽ വച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽനിന്ന് അഭ്ഭുതകരമായി രക്ഷപ്പെട്ടിട്ടുണ്ട് അദ്ദേഹം. ഒറ്റ എൻജിൻ മാത്രമുള്ള ഹെലികോപ്ടർ പറന്നുയർന്നതിനു പിന്നാലെ തകർന്നു വീഴുകയായിരുന്നു. എന്നാൽ ഇത്തവണ ഭാഗ്യം റാവത്തിനെ തുണച്ചില്ല. 43 വർ‌ഷത്തെ സേവനത്തിനു ശേഷമാണ് ജനറൽ റാവത്ത് ഓർമയാകുന്നത്.

ഷിംല സെന്റ് എഡ്വേഡ്സ് സ്കൂൾ, നാഷനൽ ഡിഫൻസ് അക്കാദമി എന്നിവിടങ്ങളിൽനിന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം 1978 ഡിസംബർ 16ന് 11–ാം ഗൂർ‌ഖാ റൈഫിൽസ് ഇൻഫൻട്രിയിലെ അഞ്ചാം ബെറ്റാലിയൻ അംഗമായി റാവത്ത് സർവീസിൽ പ്രവേശിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിലെ പഠനകാലത്ത് ‘സ്വോഡ് ഓഫ് ഓണർ’ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഉടനീളം പല നിർണായക ദൗത്യങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഇതിനു പുറമേ, യുഎൻ സമാധാന സേനയുടെ ഭാഗമായി ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും സേവനത്തിനു നിയോഗിക്കപ്പെട്ടു. ഇന്ത്യൻ മിലിട്ടറി അക്കാദമിയിലും ജൂനിയർ കമാൻഡ് വിങ്ങിലും പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റ് ജനറൽ സ്റ്റാഫ് ഓഫിസർ, കേണൽ, മിലിട്ടറി സെക്രട്ടറി ശാഖയിൽ ഡപ്യൂട്ടി മെഡിക്കൽ സെക്രട്ടറി, ഈസ്റ്റേൺ തിയറ്റർ ജനറൽ സ്റ്റാഫിന്റെ മേജർ ജനറൽ, ആർമി സ്റ്റാഫ് വൈസ് ചീഫ് തുടങ്ങിയ പദവികൾ വഹിച്ചു. 2016 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെ കരസേനാ മേധാവിയായിരുന്നു.

42 വർഷത്തെ സുസ്ഥിര സേവനത്തിനിടെ ഒട്ടേറെ പുരസ്കാരങ്ങൾ ‌സ്വന്തമാക്കിയിട്ടുണ്ട് അദ്ദേഹം. പരം വിശിഷ്ട് സേവാ മെഡൽ, ഉത്തം യുദ്ധ് സേവാ മെഡൽ, അതി വിശിഷ്ട് സേവാ മെഡൽ, വിശിഷ്ട് സേവാ മെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ എന്നിവ അവയിൽ ചിലതുമാത്രം. ഇതിനു പുറമേ രണ്ടു തവണ ചീഫ് ഓഫ് ആർമി കമന്റേഷനും ഒരു തവണ ആർമി കമാൻഡറുടെ കമൻഡേഷനും അർഹനായി. കോംഗോയിലെ സേവനത്തിനിടെ, രണ്ടു തവണ ഫോഴ്സ് കമാൻഡറുടെ കമൻഡേഷനും അർഹനായി. ബിപിൻ‌ റാവത്തിന്റെ അച്ഛൻ ലഫ്. ജനറൽ ലക്ഷ്മൺ സിങ് റാവത്ത് ആർമി സ്റ്റാഫ് വൈസ് ചീഫായി 1988 ലാണു വിരമിച്ചത്. അച്ഛന്റെ പാത പിൻതുടർന്ന ജനറൽ റാവത്ത്, പിന്നീട് ഇന്ത്യൻ സേനയിലെ പരമോന്നതനുമായി. 2015ൽ അതിർത്തി കടന്നുള്ള ഓപ്പറേഷനിലൂടെ മ്യാൻമറിലെ എൻഎസ്‌സിഎൻ(കെ) ഭീകരവാദികൾക്കു ശക്തമായ തിരിച്ചടി നൽകിയത് ജനറൽ റാവത്തിന്റെ മേൽനോട്ടത്തിലായിരുന്നു. 2016ൽ പാക്കിസ്ഥാന്റെ കൈവശമുള്ള കശ്മീർ മേഖലയിൽ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നതിന്റെയും ഭാഗമായി.

പാക്കിസ്ഥാനെതിരെ ഇന്ത്യൻ കരസേന നടത്തിയ പല നിർണായക നീക്കങ്ങളും റാവത്തിന്റെ നേതൃത്വത്തിലായിരുന്നു. 2019 ഫെബ്രുവരിയിൽ ഇന്ത്യൻ വ്യോമസേന ബാലാക്കോട്ട് സ്ട്രൈക്ക് നടത്തിയപ്പോൾ ജനറൽ റാവത്തിനു കീഴിൽ പാക്കിസ്ഥാൻ അതിർത്തിയിൽ ഇന്ത്യ പ്രതിരോധം കൂടുതൽ ശക്തമാക്കി.ഇതിനു പിന്നാലെ ദോക്‌ലാമിൽ ഇന്ത്യൻ– ചൈനീസ് സേനകൾ മുഖാമുഖം നിലയുറപ്പിച്ചപ്പോൾ, സേനയ്ക്കു നിർണായക നിർദേശങ്ങൾ നൽകിയവരിൽ ജനറൽ റാവത്തും ഉൾപ്പെടും. ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിൽ മുന്നറിയിപ്പില്ലാതെ പാക്കിസ്ഥാൻ വെടിയുതിർത്ത വേളകളിൽ സേനയെ ഉപയോഗിച്ചു ശക്തമായി തിരിച്ചടി നൽകി. സൈനിക നീക്കങ്ങൾക്കു പുറമേ, ക്രിയാത്മക സേനയെ വാർത്തെടുക്കുന്നതിലും അദ്ദേഹം നിർണായക പങ്കു വഹിച്ചു.

Related posts

Leave a Comment