മോഡലുകളുടെ മരണം: ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നു, സൈജു തങ്കച്ചൻ ജാമ്യം തേടി കോടതിയിൽ

കൊച്ചി: നവംബർ ഒന്നിനുണ്ടായ വാഹനാപകടത്തിൽ രണ്ടു മോഡലുകളും അവരുടെ സുഹൃത്തും കൊല്ലപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. കേസിൽ നിർണ്ണായകമായ ഹാർഡ് ഡിസ്‌ക് നശിപ്പിച്ചതിന് ഹോട്ടൽ 18 ഉടമ റോയി വയലാട്ടിനെ അടക്കം ആറ് പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും നിശാപാർട്ടിയിൽ പങ്കെടുത്തവരെയുമാണു ചോദ്യം ചെയ്യുന്നത്. അഞ്ച് പേർ ഹോട്ടലിലെ ജീവനക്കാരാണ്. ശാരീരികാസ്വസ്ഥതകളെത്തുടർന്ന് റോയിയെ പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അൻസിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ഹോട്ടലുടമ റോയി വയലാട്ടിനെ സംശയിക്കുന്നുണ്ടെന്ന് കുടുംബം നൽകിയ പരാതിയിൽ പറയുന്നു. ഹോട്ടലിലെ താമസക്കാരെക്കുറിച്ച് വ്യക്തതയില്ല. രണ്ടു മറുകളിൽ പേരും മേൽവിലാസവുമില്ലാത്ത രണ്ടു പേരാണു താമസിച്ചത്. ഇവർ റോയിയുടെ സുഹത്തുക്കളാണെന്ന് ഹോട്ടൽ ജീവനക്കാർ പറയുന്നുണ്ടെങ്കിലും പോലീസ് പേര് വെളിപ്പെടുത്തിയിട്ടില്ല. രണ്ടു പേരും വിഐപികളാണെന്നാണ് പുറത്തുവരുന്ന വിവരം. ഉന്നത പോലീസ് ഇടപെട്ടാണ് ഇവരെ രക്ഷപ്പെടുത്തിയതെന്ന ആരോപണവും ശക്തമാണ്. ഇവർ‌ താമസിച്ചിരുന്ന മുറിയുടെ ദൃശ്യമടങ്ങിയ സിസിടിവി ഡിസ്കാണ് കാണാതായത്.
ഹോട്ടൽമുതൽ അപകടം നടന്ന സ്ഥലം വരെയുള്ള വഴിയിൽ പോലീസ് സ്ഥാപിച്ചിരുന്ന സിസിടിവി ക്യമാറകളും തകരാറിലാണ്. ഇവിടെ ഒരിടത്തും പോലീസിന്റെ സിസിടിവി ക്യാമറകൾ പ്രവർത്തിച്ചില്ല എന്നത് അവിശ്വസനീയമാണ്. അപകടം നടന്ന് വളരെപ്പെട്ടെന്ന് തന്നെ ഈ ക്യാമറകൾ നീക്കുകയോ കേടുവരുത്തുകയോ ചെയ്തു എന്നാണ് സംശയിക്കുന്നത്. ഇതു റോയിയുടെ ഇടപെടലിനെത്തുടർന്നാണെന്നാണു കരുതുന്നത്.
അപകടത്തിനു തൊട്ടുമുൻപ് മോഡലുകളെ ഓഡി കാറിൽ പിന്തുടർന്ന സൈജു തങ്കച്ചൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തന്നെ പ്രതി ചേർത്ത് അറസ്റ്റിന് ശ്രമിക്കുകയാണെന്നാണ് സൈജു ജാമ്യാപേക്ഷയിൽ പറയുന്നത്. സൈജു തങ്കച്ചനും ഹോട്ടലിൽ നിന്നാണ് അപകടമുണ്ടായ കാറിനെ പിന്തുർന്നത്. എന്നാൽ ഈ കാറിൽ ആരൊക്കെ ഉണ്ടായിരുന്നു എന്ന കാര്യത്തിൽ വ്യക്തതയില്ല.

Related posts

Leave a Comment