കൊച്ചിയിൽ മോഡലുകളുടെ മരണം: കാർ അപകടത്തിലെ ദുരൂഹത നീക്കണം; അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലെങ്കിൽ ജനകീയ പ്രക്ഷോഭം നയിക്കുമെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്

കൊച്ചിയിൽ മോഡലുകൾ അടക്കം മൂന്ന് പേരുടെ മരണത്തിനു ഇടയാക്കിയ കാർ അപകടത്തിലെ ദുരൂഹത നീക്കണം എന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ചു ഇതൊരു സ്വഭാവിക അപകടം ആണെന്ന് കരുതാൻ വയ്യ എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ്: കൊച്ചിയിൽ മോഡലുകൾ അടക്കം മൂന്ന് പേരുടെ മരണത്തിനു ഇടയാക്കിയ കാർ അപകടത്തിലെ ദുരൂഹത നീക്കണം. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ചു ഇതൊരു സ്വഭാവിക അപകടം ആണെന്ന് കരുതാൻ വയ്യ. ഹോട്ടലിൽ നിന്നും ഇവരെ മറ്റൊരു കാർ പിന്തുടരുകയും, അമിത വേഗതയിലുള്ള കാറോട്ടമാണ് നടന്നതെന്നും പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നു. കൊച്ചിയിൽ ഹോട്ടൽ ഉടമ യഥാർത്ഥ ഹാർഡ് ഡിസ്ക് അല്ല പോലീസിന് കൈമാറിയത് എന്ന് പറയുന്നു. ഹോട്ടലിലെ പൂർണ്ണമായ ദൃശ്യങ്ങൾ ഇല്ല എന്നും യഥാർത്ഥ ഹാർഡ് ഡിസ്ക് നശിപ്പിച്ചിരിക്കാമെന്നും പൊലീസ് തന്നെ സൂചിപ്പിക്കുന്നു. അപ്പോൾ ഹോട്ടൽ ഉടമ ആരെയാണ് സംരക്ഷിക്കാൻ നോക്കുന്നത്? ആർക്കു വേണ്ടി എന്തിന് വേണ്ടിയാണ് ഹാർഡ് ഡിസ്ക് നശിപ്പിച്ചത്? ഹോട്ടലുടമയുടെ ഒളിച്ചു കളി പുറത്ത് കൊണ്ട് വരാൻ പറ്റാത്ത വിധം പോലീസിന് കഴിവ് കുറവ് ബാധിച്ചിട്ടുണ്ടോ? ഹോട്ടലിൽ ഉണ്ടായിരുന്നു എന്ന് പറയുന്ന പ്രമുഖൻ, അത് സിനിമ നടനോ, രാഷ്ട്രീയ നേതാവോ ആണെങ്കിൽ എന്ത് കൊണ്ട് അയാളിലേക്ക് അന്വേഷണം നീളുന്നില്ല? ചോദ്യങ്ങൾ നിരവധിയുണ്ട്. പ്രമുഖർക്ക് മുന്നിൽ പോലീസിന് പരിമിതികൾ ഉണ്ടെന്നാണോ മനസ്സിലാക്കേണ്ടത്. ഡിജെ പാർട്ടിയും ലഹരി ഉപയോഗവും കൊച്ചിയെ പിടിമുറുക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ സത്യങ്ങൾ പുറത്ത് കൊണ്ട് വരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണ്. കൊച്ചിയിലെ പോലീസ് മറ്റു കേസുകളിൽ അറസ്റ്റ് ചെയ്യാനും നടപടി എടുക്കാനും കാണിക്കുന്ന ആവേശം ഈ കേസിന്റെ അന്വേഷണത്തിൽ കാണിക്കേണ്ടതുണ്ട്. വിദഗ്ധ അന്വേഷണ സംഘത്തെ നിയമിച്ചു കൊണ്ട് അപകടത്തിന്റെ പിന്നിലെ ദുരൂഹത നീക്കണം. ഈ അപകട മരണം മനുഷ്യ സൃഷ്ടി ആണെങ്കിൽ അതിന് പിന്നിലുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണം. കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു നടക്കുന്ന അനധികൃത നിശാ പാർട്ടികളിലും, ലഹരി ഉപയോഗത്തിലും അധികാരികളുടെ ശ്രദ്ധ പതിയണം.

അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എങ്കിൽ എറണാകുളം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനകീയ പ്രക്ഷോഭം നയിക്കും.

Related posts

Leave a Comment