ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴിയില്ല: എംഎം ഹസന്‍

തിരുവനന്തപുരം: ഹിന്ദു വര്‍ഗീയത ആളിക്കത്തിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ സിപിഎമ്മിന് കഴിയില്ലെന്ന വസ്തുത മറച്ചുപിടിക്കാനാണ് ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനാകില്ലെന്ന പ്രചരണം മുഖ്യമന്ത്രി ആവര്‍ത്തിച്ച്  നടത്തുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഹിന്ദുമതവും ബിജെപി ഉയര്‍ത്തുന്ന തീവ്രഹിന്ദുവര്‍ഗീയതയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി  ശ്രമിക്കുന്നു. ഭൂരീപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും തരാതരം പ്രോത്സാഹിപ്പിച്ച് തുടര്‍ ഭരണം സാധ്യമാക്കിയ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. തീവ്രമതാധിഷ്ഠിത നിലപാട് സ്വീകരിക്കുന്ന ആര്‍എസ്എസും എസ്ഡിപിഐയും നടത്തുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ ഒന്നും ചെയ്യാത്തവരാണ് സിപിഎം ഭരണകൂടം. രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയ പാരമ്പര്യമാണ് സിപിഎമ്മിനുള്ളത്. അതിനാല്‍ സംസ്ഥാനത്ത് നടക്കുന്ന ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ തടയാനുള്ള ധാര്‍മികതയും അര്‍ഹതയും സിപിഎമ്മിന് ഇല്ലതാനും. അധികാരത്തിന്റെ തണലില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ ഏകപക്ഷീമായ അന്വേഷണത്തിലൂടെ തേച്ചുമാച്ചുകളയുന്ന പോലീസിന്റെ നിഷ്‌ക്രിയത്വമാണ് വര്‍ഗീയ ശക്തികള്‍ നടത്തുന്ന കൊലപാതകങ്ങള്‍ തുടര്‍ക്കഥപോലെ സംസ്ഥാനത്ത് നടക്കുന്നത്. സിപിഎം ഭരണമാണ് കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ക്ക് വളരാന്‍ കളമൊരുക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ ഇത്തരം ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യം ഉണ്ടാക്കിയത് സിപിഎമ്മാണ്. അതിനാല്‍  ഭൂരീപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും എതിര്‍ത്ത് മതനിരപേക്ഷതയോടെ ഭരിക്കാന്‍ സിപിഎമ്മിന് സാധിക്കുകയില്ലെന്നും മതേതരത്വം കാത്തുസൂക്ഷിക്കാനും രാജ്യത്ത് ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കൂവെന്നും ഹസന്‍ പറഞ്ഞു.

Related posts

Leave a Comment