ദുർഭരണത്തിന് പ്രായശ്ചിത്തമായി തല മൊട്ടയടിച്ച് ബി ജെ പി വിട്ട് എംഎൽഎ

ഗുവാഹത്തി: ബി ജെ പിയുടെ ദുഷ്പ്രവർത്തികൾക്ക് പ്രായശ്ചിത്തം ചെയ്യുകയാണെന്ന് പ്രഖ്യാപിച്ച് തലമൊട്ടയടിച്ച് ബി ജെ പി നേതാവും ത്രിപുരയിലെ സുർമ നിയോജക മണ്ഡലത്തിലെ എം എൽ എയുമായ ആഷിസ് ദാസ് പാർട്ടി വിട്ടു. .പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ നിന്ന് അധികം അകലെയല്ലാത്ത കൊൽക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തിൽവച്ചായിരുന്നു മൊട്ടയടിച്ചത്.

ത്രിപുരയിൽ ബി ജെ പി രാഷ്ട്രീയ അരാജകത്വം വളർത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന്റെ പ്രകടനത്തിൽ ജനങ്ങൾ അസന്തുഷ്ടരാണെന്നും, അതിനാലാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്നും ആഷിസ് ദാസ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ അദ്ദേഹം നിരന്തരം വിമർശിക്കാറുണ്ടായിരുന്നു.

ആഷിസ് ഉടൻ തൃണമൂലിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ട്. ‘ഇന്ന് ഞാൻ ബി ജെ പി സർക്കാരിന്റെ ദുർഭരണത്തിന്റെ പ്രായശ്ചിത്തമായി എന്റെ തല മൊട്ടയടിച്ചു. ഞാൻ പാർട്ടി വിടാൻ തീരുമാനിച്ചു.കഴിഞ്ഞ രണ്ട് വർഷമായി, ഞാൻ തെറ്റായ പ്രവൃത്തികളുടെ വിമർശകനാണ്. ഞാൻ പാർട്ടിക്കും രാഷ്ട്രീയത്തിനും അതീതമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു’- ആശിസ് ദാസ് പറഞ്ഞു.അതേസമയം ആഷിസിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ത്രിപുര ബി ജെ പി വൃത്തങ്ങൾ സൂചിപ്പിച്ചു.

Related posts

Leave a Comment