കോവാക്സീന്റെ അംഗീകാരം; പ്രവാസികളുടെ ആശങ്ക ഉന്നയിച്ച് എം.കെ രാഘവൻ എം.പി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടു

ന്യൂഡല്‍ഹി: കോവാക്സീന് ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പെടെ അംഗീകാരമില്ലാത്തതിനാല്‍ വാക്സിന്‍ സ്വീകരിച്ച് ആശങ്കയിലായ പ്രവാസികളുടെ മടക്ക യാത്രക്ക്‌ ആവശ്യമായ അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍ഷൂഖ് മാണ്ഡവ്യ എം.കെ രാഘവന്‍ എം.പി യെ അറിയിച്ചു. ഇതു സംബന്ധിച്ച്  ആരോഗ്യമന്ത്രിയുമായ് നടത്തിയ കൂടികാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാർലമെന്റ് മന്ദിരത്തിലെ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ വെച്ചായിരുന്നു കൂടികാഴ്ച.
കേരളത്തിലെ ബഹുഭൂരിപക്ഷം പ്രവാസികളുമുള്ള സൗദി അറേബിയ, യു.എ.ഇ, കുവൈത്ത്, ഖത്തര്‍, ബഹറെയ്ന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ കോവാക്സിന്‍ അംഗീകൃതമല്ലാത്തതിനാല്‍ വാക്സിനേഷന്‍റെ ആദ്യ ഘട്ടങ്ങളില്‍ ഈ കാര്യങ്ങളറിയാതെ കോവാക്സീന്‍ എടുത്തവര്‍ തിരികെ പോകാന്‍ സാധിക്കാതെ നാട്ടില്‍ തന്നെ തുടരുകയാണ്. ഇതിനകം തനെ പലരുടെയും വിസ കാലാവധി കഴിഞ്ഞിട്ടുണ്ട്. ജോലി നഷ്ട്ടപ്പെട്ടവരും കുറവല്ല എന്ന കാര്യം എം.പി മന്ത്രിയുടെ ശ്രദ്ധയില്‍ പ്പെടുത്തി.
ഗള്‍ഫ് രാജ്യങ്ങളില്‍ നിലവില്‍ ഫൈസര്‍, അസ്ട്ര സെനിക്ക (കോവീഷീല്‍ഡ്), മൊഡേണാ, ജോണ്‍സണ്‍ & ജോണ്‍സണ്‍ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് നിബന്ധനകളോടെ പ്രവേശനാനുമതി.
മറ്റ് പ്രമുഖ കമ്പനികളുടെ വാക്സിനുകളുടെ വിതരണത്തിന് മുന്‍പ് തന്നെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സീന്‍ ഐ.സി.എം.ആർ ന്റെ അഗീകാരത്തോടെ ഇന്ത്യയിൽ വിതരണം തുടങ്ങുകയും, അടിയന്തര ഉപയോഗത്തിന് കയറ്റുമതി ഉള്‍പ്പെടെ തുടങ്ങിയിരുന്നു. എന്നാൽ ഇതുവരെ ഡബ്ല്യു.എച്ച്.ഒ അംഗീകാരം ലഭിച്ചിട്ടില്ല. 196 രാജ്യങ്ങളില്‍ ഇറാന്‍, സിംബാവെ, നേപ്പാള്‍, മെക്സിക്കോ, ഫിലിപ്പീന്‍സ്, ഉള്‍പ്പെടെ ഒമ്പതോളം രാജ്യങ്ങളില്‍ മാത്രമാണ് കോവാക്സീന്‍റെ അടിയന്തര ഉപയോഗത്തിന് അനുമതിയുള്ളൂ. 
ഈ രാജ്യങ്ങളില്‍ തരതമ്യേന ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ കുറവായതിനാല്‍ പ്രവാസികള്‍ക്ക് കൊവാക്സീന്‍  ഉപകാരപ്രദമല്ലാതായി മാറിയിരിക്കുകയാണ്. അഗീകാരമില്ലാത്ത കാര്യം അറിയാതെ ഇതിനകം തന്നെ ഒരുപാട്  പ്രവാസികള്‍ കോവക്സീന്‍ സ്വീകരിച്ചതിനാല്‍ ഡബ്ല്യു.എച്ച്.ഒ യുടെ അംഗീകാരവും, ഗള്‍ഫ് രാജ്യങ്ങളുടെതുള്‍പ്പെടെയുള്ള അംഗീകരവും നേടുന്നതിനായി സര്‍ക്കാര്‍ ഊർജ്ജിത ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Comment