ഡല്‍ഹിയില്‍ കത്തോലിക്ക ദേവാലയം പൊളിച്ചത് വിശ്വാസ സ്വാതന്ത്ര്യത്തിന് മേലുളള കടന്നുകയറ്റം : എം കെ രാഘവന്‍ എംപി

കോഴിക്കോട്: ഡല്‍ഹിയിലെ അന്ധേരിയ മോഡിലുള്ള ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്ക ദേവാലയം ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കിയ സംഭവം നിയമ വിരുദ്ധവും വിശ്വാസ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റവുമാണെന്ന് എം.കെ രാഘവന്‍ എം.പി.

ആയിരത്തിയഞ്ഞൂറോളം വരുന്ന വിശ്വാസികള്‍ ആശ്രയിച്ചിരുന്ന, പതിമൂന്ന് വര്‍ഷത്തോളം ദിവ്യ ബലിയും, ഇതര കര്‍മ്മങ്ങളും നടത്തിവന്നിരുന്ന ദേവാലയവും അനുബന്ധകെട്ടിടങ്ങളും നിമിഷ നേരങ്ങള്‍ കൊണ്ട് തകര്‍ത്തത് അംഗീകരിക്കാന്‍ സാധിക്കില്ല.

നിര്‍മ്മാണത്തെ ചൊല്ലിയുള്ള തര്‍ക്കം കോടതിയുടെ പരിഗണനയിലിരിക്കെ ഉദ്യോഗസ്ഥര്‍ ദേവാലയമുള്‍പ്പെടെ പൊളിച്ച് നീക്കിയ സംഭവം നീതി ന്യായ വാഴ്ചയോടുള്ള വെല്ലുവിളിയണ്.

ഡല്‍ഹിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന അടിക്കടിയുള്ള ഇത്തരം സംഭവങ്ങളില്‍ മറുപടി പറയാന്‍ ഡല്‍ഹി സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മതന്യൂനപക്ഷങ്ങള്‍ക്കെതിരായ സംഘപരിവാര്‍ അജണ്ട ഉദ്യോഗസ്ഥര്‍ മുഖേന നടപ്പാക്കുകയാണോയെന്ന് സംശയിക്കേണ്ടി വരും.

സ്ഥലത്തിന് വ്യക്തമായ രേഖകളുണ്ടെന്ന് ദേവാലയ അധികൃതര്‍ വ്യക്തമാക്കിയ സ്ഥിതിക്ക് കോടതിക്ക് മുന്‍പാകെയുള്ള വിഷയത്തില്‍ തന്നിഷ്ടപ്രകാരം തീരുമാനമെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ മാതൃകാ പരമായ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എം.പി ആവശ്യപ്പെട്ടു

Related posts

Leave a Comment