‘മിത്ര’യിലെത്തിയത് രണ്ടുലക്ഷം കോളുകൾ; പകുതി പരാതികൾക്ക് പോലും പരിഹാരമില്ല

തിരുവനന്തപുരം: സ്ത്രീ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് പിണറായി സർക്കാർ 2017ൽ ആരംഭിച്ച മിത്ര 181 ഹെൽപ്പ്ലൈനിൽ രണ്ടുലക്ഷം പരാതികളെത്തിയെങ്കിലും പൂർണമായും പരിഹാരമുണ്ടാക്കാനായത് ആകെ 60,000 കേസുകളിൽ. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ടായിരുന്നു ഏറെ പരാതികളും വന്നത്. അതേസമയം, 20,000-ത്തോളം ഗാർഹിക പീഡന പരാതികളിൽ തീർപ്പുണ്ടാക്കിയെന്നാണ് സർക്കാരിന്റെ അവകാശവാദം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രണ്ടുലക്ഷത്തോളം സ്ത്രീകളും കുട്ടികളുമാണ് മിത്ര ഹെൽപ് ലൈനിലേക്ക് വിളിച്ചത്. എന്നാൽ, സേവനം ലഭിച്ചതാകട്ടെ  90,000 പേർക്ക് മാത്രം. വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനാണ് സ്ത്രീകൾക്കു വേണ്ടി 24 മണിക്കൂറും സേവനം ലഭ്യമാകുന്ന ഈ എമർജൻസി ഹെൽപ് ലൈൻ സംവിധാനം നടത്തിവരുന്നത്.
സംസ്ഥാനത്തെ പ്രധാന ഹോസ്പിറ്റൽ, പൊലീസ് സ്റ്റേഷൻ, ആംബുലൻസ് സർവീസ് എന്നിവയുടെ സേവനങ്ങളും 181 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുമ്പോൾ ദ്രുതഗതിയിൽ ലഭ്യമാകുമെന്നായിരുന്നു അവകാശവാദം. എന്നാൽ വിളിച്ചവർക്കെല്ലാം ഈ സൗകര്യം ഉറപ്പാക്കാനായില്ല. നിയമം, സോഷ്യൽ വർക്ക് എന്നിവയിൽ പ്രൊഫഷണൽ യോഗ്യതയുള്ള വനിതകളാണ് കൺട്രോൾ റൂമിലെ എല്ലാ ജീവനക്കാരും. വിളിക്കുന്നവരിൽ ആവശ്യമുള്ളവർക്ക് കൗൺസലിങ്, കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പോലീസ്, ആംബുലൻസ്, ആശുപത്രി, നിയമ സഹായം ഉൾപ്പെടെയുള്ള സേവനങ്ങളും നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
സ്വീകരിക്കപ്പെടുന്ന ഓരോ കോളിലും പ്രശ്‌നങ്ങൾ കേൾക്കുകയും കൃത്യമായ പരിഹാരം ലഭിക്കുന്നത് വരെ ഫോളോഅപ്പ് ചെയ്യുകയും നീതി ലഭിച്ചു എന്ന് ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചാണ് മിത്ര ഹെൽപ് ലൈൻ ആരംഭിച്ചത്.

Related posts

Leave a Comment