ചന്ദ്രനിലെ ആ ദുരൂഹ ചിത്രം ; അന്യഗ്രഹ ജീവികളെന്ന് സംശയം ; എന്തെന്ന് ആരാഞ്ഞ് ലോകം

ബീജിങ്: ചന്ദ്രന്റെ ഉപരിതലത്തിൽ കപ്പുപോലെ കാണുന്നതെന്താണെന്ന് ലോകം ആരായുന്നു. ചന്ദ്രോപരിതലത്തിൽ പഠനം നടത്തുന്ന ചൈനീസ് റോവർ യുടു-2 പുറത്തുവിട്ട ചിത്രങ്ങളിലെ കപ്പിന്റെ ആകൃതിയിലുള്ള ദുരൂഹത നിറഞ്ഞ ചിത്രങ്ങളെ കുറിച്ചാണ് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പലവിധ അഭ്യൂഹവും ചർച്ചയും നിറയുന്നത്. ചൈനീസ് ബഹിരാകാശ ഏജൻസി കഴിഞ്ഞ ആഴ്ചയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.
സ്‌പേസ്.കോം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ചന്ദ്രോപരിതലത്തിൽനിന്നാണു ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 2019 മുതൽ ചന്ദ്രനെക്കുറിച്ചു പഠനം നടത്തുകയാണു പേടകം. ‘ചന്ദ്രോപരിതലത്തിലെ ചിത്രങ്ങളിൽ വിചിത്രമായ ഒരു വസ്തു കണ്ടെത്തി. അത് അന്യഗ്രഹ ജീവികളോ മറ്റോ ആണെന്നു തോന്നുന്നില്ല, പക്ഷേ, ഇവ എന്താണെന്നു കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് സ്‌പേസ്.കോമിലെ ശാസ്ത്രജ്ഞനായ ആൻഡ്രൂ ജോൺസ് ട്വീറ്റ് ചെയ്തു.
‘മിസ്ട്രി ഹൗസ്’ എന്നാണ് ശാസ്ത്രജ്ഞർ ഈ വസ്തുവിനു പേരിട്ടിരിക്കുന്നത്. ചിത്രത്തിലുള്ള വസ്തുവിനെപ്പറ്റി പല തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും, സ്‌ഫോടനത്തിൽ ചിതറിത്തെറിച്ച പാറക്കഷണമാകാം ഇതെന്ന വാദത്തിലാണ് ശാസ്ത്രലോകം. 2019ലും സമാന സ്വഭാവത്തിലുള്ള വസ്തു യുടു-2വിൽനിന്നുള്ള ചിത്രത്തിൽ പതിഞ്ഞിരുന്നു. ഇത് പാറക്കഷ്ണമാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തതാണ്.

Related posts

Leave a Comment