കാണാത്ത ഫയലുകളും കിട്ടാത്ത പ്രളയഫണ്ടും


2018-ലെയും 2019-ലെയും പ്രളയസഹായം ലഭിക്കാതെ പതിനായിരക്കണക്കിനാളുകള്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പടികയറിയിറങ്ങി വലയുകയാണ്. പ്രളയനാളുകളിലെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ വിസ്മരിക്കുകയും അനര്‍ഹര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ഫണ്ട് വീതംവെയ്ക്കുന്ന കാഴ്ചകളാണ് മിക്ക ജില്ലകളിലും കാണാന്‍ സാധിക്കുന്നത്. ഒരുതുള്ളി വെള്ളംപോലും കയറാത്തവര്‍ക്കും ഒരു കൊച്ചുചെടിപോലും നശിക്കാത്തവര്‍ക്കും ഒന്നും രണ്ടും തവണകളായി ഫണ്ട് നല്‍കുന്നത് ഉദ്യോഗസ്ഥരും സി പി എം പ്രാദേശിക നേതാക്കളും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായിട്ടാണ്. സഹായത്തിന് അപേക്ഷ നല്‍കാത്ത ഒരു ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ അക്കൗണ്ടുകളിലേക്ക് 16 തവണകളായി 27,600 രൂപ ലഭിച്ചത് ഒത്തുകളിയുടെ ഭാഗമായാണ്. കോഴിക്കോട് ജില്ലയില്‍ ലക്ഷങ്ങളുടെ ക്രമക്കേടുകളാണ് നടന്നതെങ്കില്‍ 14.84 കോടി രൂപയുടെ തിരിമറിയാണ് എറണാകുളം ജില്ലയില്‍ നടന്നത്. സി പി എം സംഘടനയുടെ നേതാവാണ് കോഴിക്കോട്ട് തിരിമറി നടത്തിയതെങ്കില്‍ എറണാകുളത്തും സി പി എം സംഘടനാ പ്രവര്‍ത്തകനായിരുന്നു. കോഴിക്കോട് വില്ലേജ് ഓഫീസറാണ് തട്ടിപ്പിന് നേതൃത്വം നല്‍കിയത്.
സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയാല്‍ പി ഡി പി പി ആക്ട് പ്രകാരം കേസെടുക്കേണ്ടതാണെങ്കിലും കലക്ടര്‍ക്ക് ബോധ്യമായിട്ടും കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. അതിനുപുറമെ നഷ്ടപരിഹാര തുക വിതരണത്തിന് തയ്യാറാക്കിയ അപേക്ഷയും മറ്റ് രേഖകളും കൃത്യമല്ലെന്ന് ആരോപിച്ചുകൊണ്ട് ഒരുകോടി രൂപ ട്രഷറിയില്‍ തടഞ്ഞുവെച്ചിരിക്കയാണ്. ഫണ്ട് കൈമാറിയതില്‍ അരക്കോടി രൂപയുടെ ഇരട്ടിപ്പും ഉണ്ടായിട്ടുണ്ട്. അപേക്ഷകരായ സി പി എം പ്രവര്‍ത്തകര്‍ക്ക് രണ്ടുതവണ ധനസഹായം ലഭിച്ച സംഭവങ്ങളുമുണ്ട്. 2018-ലെയും 2019-ലെയും പ്രളയഫണ്ടിലെ തട്ടിപ്പ് സര്‍ക്കാരിന് ബോധ്യമായിട്ടും അത് തിരിച്ചുപിടിക്കാനോ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല. റവന്യൂ-തദ്ദേശ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും ഇതിനായി തയ്യാറാക്കിയ മൊബൈല്‍ ആപ്പുകളില്‍ രേഖപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. അന്നുതന്നെ വിവേചനവും തിരിമറിയും നടന്നുവെന്ന പരാതി ഉയര്‍ന്നിരുന്നു. അപേക്ഷ നല്‍കിയ എല്ലാ സി പി എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നഷ്ടപരിഹാരം ലഭിച്ചുവെങ്കിലും ഇതര രാഷ്ട്രീയ പാര്‍ട്ടിക്കാരെയും രാഷ്ട്രീയമില്ലാത്തവരെയും മാറ്റിനിര്‍ത്തുകയായിരുന്നു. നഷ്ടപരിഹാരം നിഷേധിക്കപ്പെട്ടവര്‍ വീണ്ടും അപേക്ഷ നല്‍കിയത് ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കേരളവും പ്രവാസികളും ഉദാരമായ സംഭാവനകള്‍ നല്‍കിയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം സംഭാവന പിരിച്ചുമായിരുന്നു ദുരിതാശ്വാസ ഫണ്ട് സ്വരൂപിച്ചത്. സി പി എം അതില്‍ കൈയ്യിട്ട് വാരിയും പാര്‍ട്ടിക്കാര്‍ക്ക് അനര്‍ഹമായി വിതരണം ചെയ്തും അഴിമതി നടത്തുകയായിരുന്നു.
എറണാകുളം ജില്ലയിലെ പ്രളയഫണ്ട് തട്ടിപ്പിലൂടെ സര്‍ക്കാരിന് നഷ്ടമായത് 14.84 കോടി രൂപയാണ്. ജോയിന്റ് ലാന്റ് റവന്യൂ കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടാണിത്. സി പി എം നേതാക്കള്‍ ഉള്‍പ്പെട്ട ഈ കേസില്‍ ഒരുകോടി രൂപ മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് സര്‍ക്കാരിന്റെ ഭാഷ്യം. ധനസഹായം നല്‍കിയ 2724 അക്കൗണ്ടുകളിലേക്ക് രണ്ടുതവണയും 14 അക്കൗണ്ടുകളിലേക്ക് മൂന്നുപ്രാവശ്യവും 13 അക്കൗണ്ടുകളിലേക്ക് നാല് തവണയും പണം നല്‍കുകയുണ്ടായി. പരാതി ഉണ്ടായതിനെ തുടര്‍ന്ന് കലക്ടറേറ്റിലെയും ട്രഷറികളിലെയും രേഖകള്‍ പരിശോധിച്ചപ്പോഴാണ് 14.84 കോടി രൂപയുടെ തട്ടിപ്പ് വ്യക്തമായത്. കൂടാതെ ട്രഷറിയില്‍ നിന്ന് കിട്ടിയ അക്കൗണ്ട് നമ്പറും തുക നല്‍കിയ അക്കൗണ്ട് നമ്പറുകളും വ്യത്യസ്തമായിരുന്നു. ധനസഹായ വിതരണത്തിന് തയ്യാറാക്കിയ ലിസ്റ്റിലും ക്രമക്കേട് നടന്നു. എറണാകുളം കലക്ടറേറ്റിലെ ക്ലര്‍ക്ക് വിഷ്ണുപ്രസാദ്, സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായിരുന്ന എ എം അന്‍വര്‍, അദ്ദേഹത്തിന്റെ ഭാര്യ, മറ്റൊരു ലോക്കല്‍ കമ്മിറ്റി അംഗം നിധിന്‍ തുടങ്ങിയ ഏഴ് ആളുകളുടെ പേരില്‍ കേസ് എടുത്തിരുന്നു. കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ ഉന്നതരായ സി പി എം നേതാക്കള്‍ നടത്തിയിരുന്നു. സി പി എം നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് വഴിയാണ് ഫണ്ട് തട്ടിപ്പ് നടന്നത്. ഫണ്ട് വിതരണത്തിലെ ക്രമക്കേടുകളിലും അഴിമതികളിലും പ്രതിഷേധിച്ച് കെ പി സി സി ആഹ്വാനം ചെയ്തപ്രകാരം കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുകയുണ്ടായി. എല്ലാ അഴിമതികളും ക്രമക്കേടുകളും കിറ്റ് കൊടുത്താല്‍ ജനങ്ങള്‍ പൊറുക്കുമെന്ന ധാരണയിലാണ് സി പി എം സര്‍ക്കാര്‍ ഫണ്ടില്‍ വ്യാപകമായി കൈയ്യിട്ട് വാരുന്നത്. പ്രാഥമിക സഹായമെന്ന നിലയില്‍ പ്രഖ്യാപിച്ച പതിനായിരം രൂപ വീട് വെള്ളപൂശാന്‍പോലും തികയില്ലെന്നറിഞ്ഞിട്ടും കഷ്ടപ്പാടിന്റെ ഭീകരാവസ്ഥയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ പ്രളയബാധിതരെ പ്രേരിപ്പിക്കുന്നത്. കാണാത്ത ഫയലുകള്‍ കണ്ടുപിടിച്ച് കിട്ടാത്ത ധനസഹായത്തിന് കേഴുകയാണ് പാവം ജനങ്ങള്‍.

Related posts

Leave a Comment