ന്യൂനപക്ഷങ്ങൾ രാജ്യത്തിന് ഭീഷണിയോ?: പ്ലസ് ടു തുല്യതാ പരീക്ഷയിൽ വിവാദ ചോദ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു തുല്യതാ പരീക്ഷയുടെ ചോദ്യപേപ്പറിൽ ന്യൂനപക്ഷ മത വിഭാഗങ്ങളെ മുറിവേൽപ്പിക്കുന്ന ചോദ്യം ഉൾപ്പെടുത്തിയത് വിവാദത്തിലേക്ക്.  ‘ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും ഒരു ഭീഷണിയാണോ? വിശദീകരിക്കുക’ എന്നായിരുന്നു സാക്ഷരത മിഷന്റെ പ്ലസ്ടു തുല്യത കോഴ്സിന് വേണ്ടി ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് തയാറാക്കിയ സോഷ്യോളജി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയ ചോദ്യം. കഴിഞ്ഞ മാസം ഒമ്പതിന് നടന്ന പരീക്ഷയിൽ വന്ന ഈ ചോദ്യത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ ഇന്ത്യയ്ക്കെതിരാണെന്ന ആർ.എസ്.എസിന്റെ പ്രചരണം അതേപടി കുട്ടികളിൽ പകർന്നു നൽകുന്നതിനുള്ള ശ്രമമാണ് ഇത്തരം ചോദ്യങ്ങളിലൂടെ ഉന്നയിക്കപ്പെടുന്നതെന്നാണ് ന്യൂനപക്ഷ സംഘടനകൾ ആരോപിക്കുന്നത്.
 തുല്യത കോഴ്സ് നടത്തുന്നത് സംസ്ഥാന സാക്ഷരത മിഷനാണെങ്കിലും പരീക്ഷ നടത്തുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി പരീക്ഷ ബോര്‍ഡ് തന്നെയാണ്. സാക്ഷരത മിഷന്‍ നല്‍കുന്ന ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ പാനലില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിഭാഗം ചോദ്യപേപ്പര്‍ സ്വീകരിച്ചാണ് പരീക്ഷ നടത്തുന്നത്. എട്ട് മാര്‍ക്കിന് രണ്ട് പുറത്തില്‍ ഉത്തരമെഴുതാനാണ് ന്യൂനപക്ഷ ഭീഷണി സംബന്ധിച്ച ചോദ്യം ചോദിച്ചത്. ‘ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി രാജ്യം കൈക്കൊണ്ട നടപടികള്‍ പരിേശാധിക്കുക’ എന്ന മറ്റൊരു ചോദ്യവും ചോദ്യപേപ്പറിലുണ്ട്. അതേസമയം,
ചോദ്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും പരിശോധിക്കുമെന്നുമാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ വിഭാഗത്തിന്റെ വിശദീകരണം.

Related posts

Leave a Comment