പ്രായപൂർത്തിയാകാത്ത പെൺകുട്ടി രണ്ട് മാസം ​ഗർഭിണി ; 400 ലേറേ പേർ പീഡിപ്പിച്ചെന്ന് പരാതി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ഒരു പൊലീസുകാരനടക്കം നിരവധി പേർ തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് 16-കാരി പൊലീസിന് നൽകിയ പരാതി. പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും മൂന്ന് പേരെ അറസ്റ്റുചെയ്തതായും ബീഡ് പൊലീസ് സൂപ്രണ്ട് രാജാ രാമസാമി അറിയിച്ചു.

അമ്മ മരണപ്പെട്ട പെൺകുട്ടിയെ എട്ട് മാസം മുൻപ് പിതാവ് വിവാഹം ചെയ്ത് അയക്കുകയായിരുന്നു. തുടർന്ന് ഭർത്താവിൽ നിന്നും ഭർതൃ മാതാപിതാക്കളിൽ നിന്നും നിരന്തര പീഡനത്തിന് പെൺകുട്ടി ഇരയായി. തുടർന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടിയോട് ഭർതൃഗൃഹത്തിലേക്ക് മടങ്ങണമെന്ന് പിതാവ് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വഴങ്ങാതെ വന്നതോടെ വീട്ടിൽ നിന്നും പുറത്താക്കി. പിന്നീട് ബീഡ് ജില്ലയിലെ അംബാജോഗൈയിലെ ഒരു ബസ് സ്റ്റാൻഡിൽ ഭിക്ഷാടനം നടത്തിയായിരുന്നു പെൺകുട്ടി ജീവിച്ചിരുന്നത്.
ഈ സമയത്ത് 400-ഓളം പേർ തന്നെ പീഡനത്തിനിരയാക്കിയതായാണ് പെൺകുട്ടി പറയുന്നത്. ഇതു സംബന്ധിച്ച്‌ പരാതിപെടാൻ അംബജോഗൈയിലെ പൊലീസ് സ്റ്റേഷനിൽ പലതവണ കയറിയിറങ്ങി. എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ഒരു പൊലീസ് ഉദ്യോഗസ്ഥൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് ചെയ്തതെന്നും പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മൊഴി നൽകി.
നിലവിൽ രണ്ട് മാസം ഗർഭിണിയായ പെൺകുട്ടി ശിശുക്ഷേമ വകുപ്പിന്റെ സംരക്ഷണത്തിലാണ് ഉള്ളത്. പെൺകുട്ടിയുടെ പരാതിയിൽ പിതാവ് അടക്കമുള്ളവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം, ബലാത്സംഗം, ശാരീരിക പീഡനം, കുട്ടികൾക്ക് നേരെയുള്ള ലൈംഗിക കുറ്റകൃത്യം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ബീഡ് പൊലീസ് സൂപ്രണ്ട് രാജാ രാമസാമി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

Related posts

Leave a Comment