മരം മുറി വിവാദം : നിയമസഭയിൽ പോരടിച്ച് മന്ത്രിമാർ ; വനം മന്ത്രിയെ തള്ളിപ്പറഞ്ഞ് റവന്യൂ മന്ത്രി കെ രാജൻ

തിരുവനന്തപുരം: വയനാട് മുട്ടിൽ സൗത്ത് വില്ലേജിലടക്കം സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ നടന്ന വിവാദ മരം മുറി സംഭവങ്ങളിൽ നിയമസഭയിൽ പരസ്പരം പോരടിച്ച് മന്ത്രിമാർ. റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിനെ കഴിഞ്ഞ ദിവസം നിയമസഭയിൽ പരസ്യമായി തള്ളിപ്പറഞ്ഞ വനംമന്ത്രി എ.കെ ശശീന്ദ്രന് മറുപടിയുമായി ഇന്നലെ റവന്യൂ മന്ത്രി കെ രാജൻ രംഗത്തെത്തി. വനം വകുപ്പിന്റെ അഭിപ്രായം തെറ്റായി വ്യാഖ്യാനിച്ചാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയതെന്നും ആ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിർദ്ദേശവും വനം വകുപ്പ് നൽകിയിരുന്നില്ലെന്നുമായിരുന്നു എകെ ശശീന്ദ്രൻ സഭയിൽ വെളിപ്പെടുത്തിയത്. എന്നാൽ, ശശീന്ദ്രന്റെ വാദം നിലനിൽക്കുന്നതല്ലെന്ന സൂചന നൽകിയാണ് ചോദ്യോത്തര വേളയിൽ ഇന്നലെ റവന്യൂ മന്ത്രി മറുപടി നൽകിയത്. വനം വകുപ്പിന്റെ നിലപാടിന് വ്യത്യസ്തമായ ഉത്തരവായിരുന്നു റവന്യൂ വകുപ്പ് ഇറക്കിയതെന്ന ശശീന്ദ്രന്റെ വാദം അദ്ദേഹം തള്ളിക്കളഞ്ഞു. ‌‌അതേസമയം, മലയോര കർഷകരുടെ പേര് പറഞ്ഞ് മരം മുറി കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പി.ടി തോമസ് എംഎൽഎ ആരോപിച്ചു.
പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വാഭാവികമായി വളർന്നു വന്നതുമായ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് വനം, റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാടുകളെ മറികടന്ന് ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടില്ലെന്ന്  റവന്യൂ മന്ത്രി വ്യക്തമാക്കി. 2005ലെ വനേതര ഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട നിയമത്തിന്റെ ആറാം വകുപ്പ് പ്രകാരം പട്ടയഭൂമിയിൽ കർഷകർ നട്ടുവളർത്തിയതും സ്വാഭാവികമായി വളർന്നു വന്നതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കാമെന്ന് നിർദേശം നൽകിയിരുന്നു. 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരമായിരുന്നു ഇത്തരം ഒരു നിർദേശം നൽകിയിരുന്നത്. കേരള പ്രൊമോഷൻ ഓഫ് ട്രീ ഗ്രോത്ത് ഇൻ നോൺ ഫോറസ്റ്റ് ഏരിയാസ് ആക്ട് ലെ വ്യവസ്ഥകൾ വ്യക്തമായിരുന്നതിനാൽ ഇക്കാര്യത്തിൽ എ ജിയുടെ നിയമോപദേശത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, അനുമതി നൽകിയ രീതിയിലുള്ള മരം മുറിക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നു. മരത്തിന്റെ വില അടച്ച് റിസർവ് ചെയ്തതും കർഷകർ നട്ടുവളർത്തിയതും സ്വാഭാവികമായി വളർന്നു വന്നതുമായ ചന്ദനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിന് ഉദ്യോഗസ്ഥർ തടസ്സം നിൽക്കുന്നത് ഒഴിവാക്കാനായിരുന്നു ഈ നിർദേശം. ഇക്കാര്യം ഉന്നയിച്ച് നിരവധി രാഷ്ട്രീയ, കർഷക സംഘടനകളും ജനപ്രതിനിധികളും നിവേദനം നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. ‍
മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട് 2020 ഒക്ടോബർ 24ലെ ഉത്തരവ് മലയോര കർഷകരെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. ഇക്കാര്യത്തിൽ ആശങ്ക അറിയച്ചത് വയനാട് ജില്ലാ കളക്ടർ മാത്രമാണ്. ഇതിന് മുമ്പ് തന്നെ മുൻ റവന്യൂ മന്ത്രി കാര്യം വേണ്ടത് പോലെ പരിശോധിക്കാനും നിലവിലുള്ള ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമ വകുപ്പിന് കത്ത് നൽകിയിരുന്നു. ഈ ഉത്തരവിനെതിരെ വേറെ ഒരു ആശങ്കയും രേഖപ്പെടുത്തിയതായി ഫയലിൽ കാണാനില്ല. എന്നാൽ പട്ടയ ഭൂമിയിൽ നിന്നല്ലാതെ ഏതെങ്കിലും നിക്ഷപ്ത വനഭൂമിയിൽ നിന്ന് മരം മുറിച്ചിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ, ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട്  വനം റവന്യൂ വകുപ്പുകൾ തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് വരുത്തിത്തീർക്കാനും മന്ത്രി ശ്രമം നടത്തി. അനധികൃതമായി മരം മുറിച്ചവരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. കളക്ടർമാരുടെയും വനം വകുപ്പിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനെ അന്വേഷണ ചുമതല ഏൽപ്പിച്ചത്.16 കോടി മരങ്ങൾ നഷ്ടപ്പെട്ടതിൽ പത്തുകോടിയുടെ മരങ്ങളും പിടിച്ചെടുത്തിയിട്ടുണ്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് ഒരു രൂപപോലും നഷ്ടപ്പെടില്ലെന്ന് ഉറപ്പാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ വ്യക്തവും കൃത്യവുമായ അന്വേഷണം നടന്നുവരികയാണ്. കേസിലെ പ്രതികൾ മുൻ മന്ത്രിമാരെയും ഇപ്പോഴത്തെ മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related posts

Leave a Comment