ഭരണസംവിധാനത്തിൽ അറിവ് അത്ര പോര: മന്ത്രിമാർക്കുള്ള പരിശീലന ക്ലാസ് 20 മുതൽ

തിരുവനന്തപുരം: ഭരണ സംവിധാനത്തെക്കുറിച്ച് കൂടുതൽ അറിവുപകരാനും വിവിധ വകുപ്പുകളുടെ പ്രവർത്തനത്തിൽ പരിചയ സമ്പത്ത് ഉണ്ടാക്കുന്നതിനുമായി സംസ്ഥാനത്തെ മന്ത്രിമാർക്ക് വേണ്ടിയുള്ള പരിശീലന ക്ലാസ് 20ന് ആരംഭിക്കും. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരില്‍ പലര്‍ക്കും ഭരണപരമായ വിഷയങ്ങളില്‍ പരിചയക്കുറവുണ്ടെന്നും അത് പഠിപ്പിച്ചെടുക്കാന്‍ പ്രത്യേക സമഗ്ര പരിശീലനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയതിന് പിന്നാലെയാണ് പരിശീലന തീയതി നിശ്ചയിച്ചത്.
 പത്തു സെഷനുകളിലായി മൂന്നുദിവസത്തെ പരിശീലന ക്ലാസാണ് നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിശീലന സെഷൻ ഉദ്ഘാടനം ചെയ്യും.  ദുരന്ത വേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രി എന്ന ടീം ലീഡർ തുടങ്ങിയ സെഷനാണ് ആദ്യ ദിവസത്തെ ക്ലാസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മുൻ കാബിനറ്റ് സെക്രട്ടറി കെ.എം.ചന്ദ്രശേഖറാണ് ഭരണസംവിധാനത്തെക്കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകുന്നത്. ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ചു യുഎൻ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി ആശയവിനിമയം നടത്തും. ടീമിനെ നയിക്കുന്നത് സംബന്ധിച്ച് ഐഐഎം മുൻ പ്രഫസറും മാനേജീരിയൽ കമ്യൂണിക്കേഷൻ കൺസൾട്ടന്റുമായ പ്രഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി സംസാരിക്കും. 21ന് രാവിലെ ആദ്യ സെഷനിൽ പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പ്രസംഗിക്കും.
മന്ത്രിമാരുടെ പ്രകടനത്തെ സംബന്ധിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ ഓൺലൈനിൽ സംവദിക്കും. ഫണ്ടിങ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ധയും സംസ്ഥാന സർക്കാരിന്റെ മുൻ ജെൻഡർ ഉപദേശകയുമായ ഡോ. ഗീതാ ഗോപാൽ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐഎംജി ഡയറക്ടർ കെ.ജയകുമാർ വിശദമാക്കുക.
മാറ്റത്തിനുള്ള ഉപകരണം എന്ന നിലയിൽ ഇ ഗവേണൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് 22ന് രാവിലെ നടക്കുന്ന സെഷനിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും. മികച്ച ഫലം ലഭിക്കുന്നതിനു പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് കേന്ദ്ര മുൻ സെക്രട്ടറി അനിൽ സ്വരൂപ് ആശയവിനിമയം നടത്തും. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളും എന്ന വിഷയത്തെപ്പറ്റി സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെയാണു പരിശീലന പരിപാടി സമാപിക്കുക.

Related posts

Leave a Comment