മന്ത്രി സജി ചെറിയാൻ ചെയ്തത് രാജ്യദ്രോഹം, രാജിവെച്ചേ മതിയാകൂ -കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി

തിരുവനന്തപുരം: ഭരണഘടനയുടെ മഹത്വം അറിയാത്ത മന്ത്രി സജിചെറിയാന് അധികാരത്തില്‍ തുടരാനുള്ള യോഗ്യതയില്ലെന്നും ബുദ്ധിയും വിവേകവുമുണ്ടെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്നും പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെപിസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തോടും ഭരണഘടനയോടും മുഖ്യമന്ത്രിക്ക് ആദരവുണ്ടെങ്കില്‍ ഒരുനിമിഷം വൈകാതെ സജിചെറിയാന്‍റെ രാജി എഴുതിവാങ്ങണം. മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് നിയമനടപടി സ്വീകരിക്കുകയും ശക്തമായ ജനകീയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്യും. മന്ത്രിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. മന്ത്രിസ്ഥാനത്ത് നിന്ന് മാത്രമല്ല എംഎല്‍എ സ്ഥാനവും സജി ചെറിയാന്‍ രാജിവെക്കണം. ഈ വിഷയത്തില്‍ സിപിഎം ദേശീയ നേതൃത്വവും ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരിയും നിലപാട് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.ഭരണഘടനയോട് ഒരു ബഹുമാനവും പുലര്‍ത്താത്ത മന്ത്രിയെ സഹിക്കേണ്ട ബാധ്യത കേരളജനതയ്ക്കില്ല. മതേതരത്വം ഒരു മോശം കാര്യമാണെന്ന് പിണറായി മന്ത്രിസഭയിലെ അംഗത്തിന് തോന്നിയത് ആര്‍എസ്എസ്, എസ്ഡിപി ഐ തുടങ്ങിയ പുതിയ സഖ്യകക്ഷികളുടെ സ്വാധീനം കൊണ്ടാണ്. രാജ്യസ്‌നേഹത്തേക്കാള്‍ ചൈനാ പ്രേമം പ്രകടിപ്പിച്ചവരാണ് സിപിഎമ്മുകാര്‍.രാജ്യത്തോട് കൂറുപുലര്‍ത്താത്ത സിപിഎമ്മുകാര്‍ക്ക് ഈ രാജ്യത്ത് തമാസിക്കാന്‍ എന്തുയോഗ്യതയാണുള്ളത്.മോന്തായം വളഞ്ഞാല്‍ 64 വളയുമെന്ന പഴമൊഴി അര്‍ത്ഥവത്താക്കുന്നതാണ് സിപിഎം നേതാക്കളുടെ പ്രതികരണങ്ങള്‍.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷം മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണോ ഇതെല്ലാമെന്നും സംശിയിക്കേണ്ടിരിക്കുന്നുയെന്നും സുധാകരന്‍ പരിഹസിച്ചു.

Related posts

Leave a Comment