‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, ചെറുപ്പക്കാരിയായ പെൺകുട്ടിക്കും കുട്ടിയെ ഉണ്ടാക്കി കൊടുക്കുക’; ദത്ത്‌ വിഷയത്തിൽ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ദത്ത് വിവാദത്തിൽ, സ്വന്തം കുഞ്ഞിനെ തേടുന്ന അനുപമ ചന്ദ്രനും അജിത്തിനുമെതിരെ വിവാദ പരാമർശങ്ങളുമായി മന്ത്രി സജി ചെറിയാൻ.

മന്ത്രി പറഞ്ഞത്:- ‘കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛനെ ജയിലേക്കു വിടുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം. എനിക്കും മൂന്നു പെൺകുട്ടികളായതു കൊണ്ടാണു പറയുന്നത്. പഠിപ്പിച്ചു വളര്‍ത്തി സ്ഥാനത്തെത്തിച്ചപ്പോള്‍ ആ കുട്ടി എങ്ങനെയാണ് വഴി തിരിഞ്ഞു പോയത്. ഊഷ്മളമായ അവളുടെ ജീവിതത്തെക്കുറിച്ച് എന്തെല്ലാം സ്വപ്നങ്ങളാവും മാതാപിതാക്കള്‍ കണ്ടിട്ടുണ്ടാവുക. പക്ഷേ, എങ്ങോട്ടാണു പോയത്. ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പം. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നത്,’’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അതേസമയം ദത്ത് വിഷയത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ്. ജയചന്ദ്രനെ എല്ലാ ചുമതലകളില്‍ നിന്നും പാർട്ടി ഒഴിവാക്കിയിരുന്നു. അനുപമയുടെ പരാതിയെത്തുടര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അനുപമയുടെ മാതാവ് സ്മിത ജെയിംസ് പേരൂര്‍ക്കട എ. ബ്രാഞ്ച് അംഗമാണ്. ഇരുവരും മുൻ‌കൂർ ജാമ്യത്തിനായി ശ്രമിക്കുകയാണ്.

Related posts

Leave a Comment