ശബരിമല ഭക്തരെ മന്ത്രി രാധാകൃഷ്ണൻ നിന്ദിച്ചു : കെ. ബാബു

കൊച്ചി: ശബരിമല അയ്യപ്പന്റെ ശ്രീകോവിലിന്റെ മുമ്പിലെത്തിയ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ, കൈനീട്ടി തീർത്ഥം വാങ്ങിയ ശേഷം അത് കൊറോണ സാനിറ്റൈസർ പോലെ തൂത്ത് താഴെ കളഞ്ഞത് ഉചിതമായില്ലെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ ബാബു അഭിപ്രായപ്പെട്ടു. കോടിക്കണക്കിന് വിശ്വാസികളെ അപമാനിക്കുന്ന ദേവനിന്ദയാണിത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഒരാൾ ദേവസ്വം മന്ത്രിയായി തുടരണോയെന്ന് ആലോചിക്കണം.

ഭക്തജനങ്ങൾ ഏറെ ഭവ്യതയോടെ പ്രാർഥനാപൂർവമാണ് തീർത്ഥജലം വാങ്ങി സേവിക്കുന്നത്. ഭഗവാനെ അഭിഷേകം ചെയ്ത ജലമാണ് മന്ത്രി കയ്യിലിട്ടു തുടച്ച് താഴെ കളഞ്ഞതു് ഭക്തജനങ്ങളെ വളരെയേറെ വേദനിപ്പിച്ചു. വിശ്വാസമില്ലാത്തവർ ശ്രീകോവിലിനു മുമ്പിൽ പോകരുതായിരുന്നു. അഥവാ പോയാൽ തന്നെ തീർഥം വിതരണം ചെയ്യുമ്പോൾ മാറി നിൽക്കണമായിരുന്നു.

വിശ്വാസമില്ലാത്തവർ ഇനിയെങ്കിലും ശ്രീകോവിലിനു മുമ്പിൽ ചെല്ലാതിരിക്കാൻ ശ്രമിക്കുന്നത് ഉചിതമായിരിക്കും. അവിശ്വാസികൾ ഭക്തജനങ്ങളുടെ മുൻപിൽ ചെന്ന് ആചാരങ്ങളെ നിന്ദിക്കുന്നത് ഒരു മതവിഭാഗക്കാരും സഹിക്കില്ല. മന്ത്രി രാധാകൃഷ്ണന് വിശ്വാസി ആവാനും ആവാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. പക്ഷേ വിശ്വാസികളെ വേദനിപ്പിക്കാൻ സ്വന്തന്ത്ര്യമില്ല. ഇത് എന്റെ രീതിയാണെന്ന അദ്ദേഹത്തിന്റെ വാദം പോലും പൊള്ളയാണ്. വിശ്വാസികളെ വേദനിപ്പിക്കുന്ന ഈ രീതി ഇനിയെങ്കിലും അദ്ദേഹം അവസാനിപ്പിക്കണം.

ഭഗവാന്റെ ദേഹത്ത് ചാർത്തിയ ചന്ദനം വാങ്ങി സപ്ത നാഡികളിലും ഭക്തർ പുരട്ടാറുണ്ട് വേളാങ്കണ്ണി തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് തീർത്ഥജലം കൊണ്ടുവന്ന് സേവിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്യുന്നവരുണ്ട്. പരിശുദ്ധ ഹജ്ജിനും ഉംറക്കും പോയവർ സംസം ജലം കൊണ്ടുവന്നു സൂക്ഷിക്കുകയും സേവിക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ്. ഇത് മതമൗലികവാദമല്ല. ഈശ്വര വിശ്വാസിയല്ലാത്ത രാധാകൃഷ്ണൻ ദേവസ്വം വകുപ്പിന്റെ ചുമതലയിൽ തുടരണോയെന്ന് തീരുമാനിക്കാനുള്ള സമയമായെന്ന് ബാബു പറഞ്ഞു.

Related posts

Leave a Comment