മന്ത്രി ബിന്ദു രാജി വെയ്ക്കണം: കെ. ബാബു

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു രാജിവച്ചൊഴിയണമെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.ബാബു എം.എൽ.എ. ഗവർണർക്ക് നേരിട്ട് കത്തെഴുതാൻ മന്ത്രിക്ക് അവകാശമില്ല. ഗവർണറെ അഭിസംബോധന ചെയ്യുന്നതിനും ചട്ടങ്ങളുണ്ട്. അതും മന്ത്രി പാലിച്ചിട്ടില്ല. സാമാന്യ മര്യാദ പോലും പാലിക്കാതെയാണ് മന്ത്രി ഗവർണർക്ക് കത്തെഴുതിയത്. മൂന്നാംകിട രാഷ്ട്രീയക്കാരെ വി സിമാരാക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് ഭൂഷണമല്ല. ഉന്നത വിദ്യാഭ്യാസമന്ത്രി തന്നെ വ്യാജ ബിരുദത്തിന്റെ ആളാണ്. സ്വന്തം ബിരുദത്തിൽ പോലും തട്ടിപ്പ് നടത്തിയ മന്ത്രിയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനാവില്ലന്നും കെ.ബാബു കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇമ്പിച്ചി ബാവായുടെ നിലവാരം പോലും മന്ത്രി ബിന്ദു കാണിച്ചില്ല.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിക്ക് എങ്ങനെ സ്‌ഥാനത്ത്‌ തുടരാൻ കഴിയും. സെർച്ച് കമ്മിറ്റി ശുപാർശ നൽകേണ്ടയാളെയാണ് വി സി മാരായി നിയമിക്കേണ്ടത്. എന്നാൽ കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്നതിന്റെ തലേ ദിവസം മന്ത്രി നേരിട്ട് ഗവർണർക്ക് കത്തെഴുതുകയായിരുന്നു. ഗവർണറും ചട്ടവിരുദ്ധമായി പ്രവർത്തിച്ചു. ചട്ടവിരുദ്ധമായി ഉത്തരുവാക്കിൽ ഒപ്പിടുക എന്നതല്ല ഒരു സംസ്‌ഥാന ഗവർണറുടെ ജോലി. ഗവർണറും നിയമവിരുദ്ധമായാണ് പ്രവർത്തിച്ചത്. നിയമവിരുദ്ധമായി പ്രവർത്തിച്ച ശേഷം സമ്മർദ്ദത്തിന് അടിമപ്പെട്ടു എന്ന് പറയുന്ന ഗവർണറുടെ നിലപാടും ശരിയല്ല.

വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജൻ രാജി വച്ചത് സത്യപ്രതിജ്ഞ ലംഘനം നടത്തിയതിനാണ്. മന്ത്രിമാരായിരുന്ന തോമസ് ചാണ്ടിക്കും കെ.ടി. ജലീലിനും രാജി വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. മന്ത്രി ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഒരു നിമിഷം അധികാരത്തിൽ തുടരാൻ പാടില്ല. സി പി എമ്മിന്റെ ഏരിയ കമ്മിറ്റിയിൽ ആളെ എടുക്കുന്നത് പോലെയാണ് ഡി വൈ എഫ് ഐ നേതാക്കളുടെ ഭാര്യമാരെ സർവകലാശാലകളിൽ നിയമിക്കുന്നത്. വിദ്യാഭ്യാസമേഖലയാകെ സർക്കാർ തകർത്തു. വൈസ് ചാനസലർ മുതൽ താഴേക്ക് എല്ലാ സ്‌ഥാനങ്ങളിലും പാർട്ടിക്കാരെയും പാർട്ടിക്കാരുടെ ഭാര്യമാരെയും നിയമിക്കുകയാണ്.

കേരളത്തിലെ വിദ്യാർഥികൾ ആശങ്കയിലാണ്. മെറിറ്റിന് സ്‌ഥാനമില്ലാത്ത അവസ്‌ഥയിലാണ്‌ കേരളം. ഒന്നിച്ച് അണ്ടിപ്പരിപ്പ് കഴിച്ച ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ തെറ്റിയത് എവിടെയാണെന്നറിയില്ല. ഉന്നതവിദ്യാഭ്യാസ മേഖല തകർക്കാൻ ഗവർണറും കൂട്ട് നിന്നത് നിർഭാഗ്യകരമാണ്. മന്ത്രി ഉടൻ രാജിവെക്കണമെന്ന് കെ.ബാബു ആവശ്യപ്പെട്ടു. ഉളുപ്പുണ്ടെങ്കിൽ കണ്ണൂർ വി സി സ്‌ഥാനം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Comment