ജുഡീഷ്യൽ അന്വേഷണം വേണം, മന്ത്രി രാജി വയ്ക്കണം: കെ. സുധാകരൻ എംപി

പാലക്കാട്: സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങളെന്താണെന്നു പോലും അറിയാത്ത വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഒരു നിമിഷം പോലും വൈകാതെ രാജി വയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു. സ്വന്തം വകുപ്പിലെ ഉദ്യോ​ഗസ്ഥർ ചെയ്യുന്ന കാര്യങ്ങൾ പോലും മന്ത്രി അറിയുന്നില്ല. തമിഴ്നാട് സർക്കാരിന്റെ അഭിനന്ദനക്കത്ത് കിട്ടിയപ്പോഴാണ് മുല്ലപ്പെരിയാർ അണക്കെട്ട് പരിസരത്തെ മരം മുറിക്കാൻ കേരള വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അനുമതി നൽകിയ കാര്യം കേരളത്തിന്റെ വനംവകുപ്പ് മന്ത്രി അറിയന്നത്. ഇതിൽപ്പരം ലജ്ജാകരമായ അവസ്ഥ ഒരു മന്ത്രിക്കു വരാനില്ല. എന്നിട്ടും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കയാണ് മന്ത്രി ശശീന്ദ്രൻ. അല്പമെങ്കിലും നാണമുണ്ടെങ്കിൽ മന്ത്രി രാജി വയ്ക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
തങ്ങൾക്കു കിട്ടുന്ന വിവര പ്രകാരം കേരളത്തിന്റെ മുഖ്യമന്ത്രി അറിഞ്ഞാണ് മരം മുറിക്കുന്നതിന് അനുമതി നൽകിയത്. അതുകൊണ്ടാണ് തമിഴ്നാട് മുഖ്യന്ത്രി എം.കെ.സ്റ്റാലിൻ കേരള സർക്കാരിനെ അഭിനന്ദനം അറിയിച്ചത്. അതുകൊണ്ടുതന്നെ ആരുടെ താത്പര്യപ്രകാരമാണു മുല്ലപ്പെരിയാറിൽ മരംമുറിക്കാൻ അനുമതി ലഭിച്ചതെന്നു വ്യക്തം. കേരളത്തിന്റെ പൊതുവികാരത്തെ ഒറ്റിക്കൊടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതാണ് ഈ നടപടി. കുറേ നാളായി മുല്ലപ്പെരിയാർ കേസിൽ തമിഴ്നാടിന് അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നത്. അതിൽ ദുരൂഹതയുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട് സംരക്ഷണത്തിൽ കേരളത്തിന്റെ വീഴ്ചകളെക്കുറിച്ചു പഠിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Related posts

Leave a Comment