ഇന്ന് വീട്ടിലിരിക്കണം ; സംസ്ഥാനത്ത് മിനി ലോക്ഡൗൺ ; ബിവറേജസ് ഇല്ല ; കള്ളുഷാപ്പുകൾ തുറക്കും

തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ മിനി ലോക്ഡൗൺ തുടങ്ങി. പൊതു ഇടങ്ങളിൽ ജനങ്ങളുടെ സാന്നിധ്യം കുറയ്ക്കാനായി വൻ പൊലീസ് സന്നാഹത്തെ സജ്ജമാക്കി കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പ്. പുറത്തിറങ്ങണമെങ്കിൽ കയ്യിൽ സത്യവാങ്മൂലവും കൃത്യമായ രേഖകളും കയ്യിൽ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പിടികൂടി ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും. അവശ്യ സർവീസുകൾ മാത്രമാകും ഇന്ന് നിരത്തിലുണ്ടാവുക. കെഎസ്ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രമേ നടത്തൂ. ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. പ്രധാന റൂട്ടുകള്‍, ആശുപത്രികള്‍, വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്രക്കാരുടെ എണ്ണം അനുസരിച്ച് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
ഹോട്ടലുകളും അവശ്യവിഭാഗത്തില്‍പെട്ട സ്ഥാപനങ്ങളും രാവിലെ 7 മുതല്‍ രാത്രി 9 വരെ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടതും അവശ്യ വിഭാഗത്തിലുള്‍പ്പെട്ടതുമായ കേന്ദ്ര–സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകളടക്കമുള്ള ആരോഗ്യസ്ഥാപനങ്ങള്‍, ടെലികോം–ഇന്റര്‍നെറ്റ് കമ്പനികള്‍ എന്നിവയ്ക്കു നിയന്ത്രണം ബാധകമല്ല. മാധ്യമസ്ഥാപനങ്ങൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല. തുറന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
പഴം, പച്ചക്കറി, പലചരക്ക്, പാല്‍, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴു മുതല്‍ 9 വരെ തുറക്കും. ഹോട്ടലുകളും ബേക്കറികളും തുറക്കാമെങ്കിലും പാഴ്സല്‍ വിതരണവും ഹോം ഡെലിവറിയും മാത്രമേ അനുവദിക്കൂ. ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്.
രോഗികള്‍, കൂട്ടിരിപ്പുകാര്‍, വാക്സീനെടുക്കാന്‍ പോകുന്നവര്‍, പരീക്ഷകളുള്ള വിദ്യാര്‍ഥികള്‍, റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍, മുന്‍കൂട്ടി ബുക്ക് ചെയ്ത് ടൂറിസം കേന്ദ്രങ്ങളിലെത്തിയവര്‍ ഇവര്‍ക്കെല്ലാം കൃത്യമായ രേഖകളുണ്ടങ്കില്‍ യാത്ര അനുവദിക്കും. മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള സ്വകാര്യ ചടങ്ങുകള്‍ 20 പേരെ വച്ച് നടത്താം. ചരക്ക് വാഹനങ്ങള്‍ക്കും തടസമില്ല. അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാനും അനുമതിയുണ്ട്.
സംസ്ഥാനത്തെ ബിവറേജസ്, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവർത്തിക്കില്ല. ബാറുകളും അവധിയാണ്. എന്നാൽ, കള്ളുഷാപ്പുകൾക്ക് പ്രവർത്തന അനുമതി നൽകിയിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ രാത്രി ഏഴുവരെയാണിത്.

Related posts

Leave a Comment