മിൽമ നിരക്ക് വർധിപ്പിച്ചു ; ക്ഷീര കർഷകരെയും ഉപഭോക്താക്കളെയും ഒരുപോലെ വഞ്ചിക്കുന്ന നടപടി ; പ്രതിഷേധം

കൊല്ലം :മിൽമയുടെ തിരുവനന്തപുരം മേഖല യൂണിയൻ ടോൺഡ് മിൽക്ക് പാലിന്റെ വില ഒരു കവറിന് 23 രൂപയിൽ നിന്നും 25 രൂപയായി വർദ്ധിപ്പിച്ചു.ഓരോ കവറിലും 25 മില്ലി വീതം വർദ്ധിപ്പിച്ച് ഓരോ കവറിലും അളവ് 500ൽ നിന്നും 525 മില്ലി ആയി വർദ്ധിപ്പിച്ചു എന്നതാണ് വില കൂടുന്നതിന് കാരണമായി മിൽമ പറഞ്ഞിട്ടുള്ളത്. ഇപ്രകാരം അധികമായി നൽകുന്ന 25 മില്ലി പാലിന് കേവലം 1 രൂപ 15 പൈസ മാത്രമാണ് മിൽമയ്ക്ക് അധികം ചെലവ് വരുന്നത് എന്നതാണ് വസ്തുത.

എന്നാൽ ഒരു ലിറ്റർ പാലിന് നാലു രൂപ വില വർദ്ധിപ്പിച്ച് അതിലൂടെ ഒരു ലിറ്റർ പാലിന് ഒരു രൂപ എഴുപത് പൈസ വളഞ്ഞ വഴിയിലൂടെ കൈക്കലാക്കി മിൽമ ഒരേസമയം ഉപഭോക്താക്കളെയും
കർഷകരേയും തെറ്റിദ്ധരിപ്പിക്കുകയും കൊള്ളയടിക്കുകയുമാണെന്ന് മിൽമ തിരുവനന്തപുരം മേഖല യൂണിയൻ മുൻ ചെയർമാൻ കല്ലട രമേശ് പറഞ്ഞു.ഇതിനു മുൻപ് മിൽമ പാൽവില വർദ്ധിപ്പിച്ചപ്പോഴൊക്കെ പ്രസ്തുത തുക യുടെ 90 മുതൽ 95 ശതമാനവും കർഷകർക്ക് പാൽവിലയായി നൽകുന്നതായിരുന്നു പതിവ്. എന്നാൽ ഇത്തവണ വർധിപ്പിച്ച തുക മുഴുവനും മിൽമ എടുത്തത് പ്രതിഷേധാർഹമായ കർഷക ദ്രോഹ നടപടിയാണ്.

മിൽമക്ക് സമാന്തരമായി അന്യസംസ്ഥാനങ്ങളിൽ നിന്നും പാൽ കൊണ്ടുവന്നു മറ്റു ബ്രാന്റുകളിൽ വിൽക്കുന്നവർ മിൽമയുടെ ഭരണസാരഥ്യത്തിലേക്കു വന്നതിന്റെ അനന്തര ഫലമാണിത് എന്നതാണ് സത്യം. കാലിത്തീറ്റ വില വർദ്ധനവിനെ തുടർന്ന് കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാവപ്പെട്ട ക്ഷീര കർഷകരെ സഹായിക്കുന്നതിന് ഇപ്രകാരം ഉപഭോക്താക്കളിൽ നിന്നും അധികമായി വാങ്ങുന്ന 1 രൂപ 70 പൈസ അധിക പാൽ വിലയായി ക്ഷീര സംഘങ്ങളിലൂടെ കർഷകർക്ക് നൽകണം. ഇപ്പോൾ ഈ തുക ഏത് ആവശ്യത്തിന് വിനിയോഗിക്കുന്നു എന്ന് മിൽമ മാനേജ്മെന്റ് വെളിപ്പെടുത്തണമെന്നു കല്ലട രമേശ് ആവശ്യപ്പെട്ടു.

Related posts

Leave a Comment