കറുകഴിപ്പള്ളത്തെ വനം, മമ്മൂട്ടിക്കു വിന

ചെന്നൈഃ ചെങ്കല്‍പ്പെട്ട് കറുകഴിപ്പള്ളത്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി വിലയ്ക്കു വാങ്ങിയ നാല്പതേക്കര്‍ സ്ഥലം അദ്ദേഹത്തിനു വലിയ വിനയാകുന്നു. രണ്ടര പതിറ്റാണ്ടു മുന്‍പ് വിലകൊടുത്തു വാങ്ങിയ പട്ടയഭൂമി തമിഴ്നാട് സര്‍ക്കാരിന്‍റെ നിക്ഷിപ്ത വനഭൂമിയാണെന്ന് സംസ്ഥാന ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ട്രൈബ്യൂണല്‍ കണ്ടെത്തി. ഈ ഭൂമി പിടിച്ചെടുക്കാന്‍ ട്രൈബ്യൂണല്‍ നടത്തിയ നീക്കം മദ്രാസ് ഹൈക്കോടതിയില്‍ നിന്നു സമ്പാദിച്ച സ്റ്റേ ഉത്തരവിലൂടെ നടന്‍ മറികടന്നെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം ഊരാക്കുടുക്കിലായി.

തമിഴ്നാട് വന നിയമസംരക്ഷണ പരിധിയില്‍ വരുന്ന 247 ഏക്കര്‍ സ്ഥലമാണ് ഇപ്പോള്‍ നിയമക്കുരുക്കിലായത്. പല വഴികള്‍ കൈമാറി, കപിലാ പിള്ള എന്നയാളിലെത്തിയ ഭൂമി അയാളില്‍ നിന്നാണ് 1997 ല്‍ മമ്മൂട്ടി വാങ്ങിയത്. മൊത്തം 247 ഏക്കര്‍ ഭൂമിയുണ്ടെങ്കിലും 40 ഏക്കറിനാണു പട്ടയം. ഇതു ചതുപ്പ് വനമാണെന്നാണ് ട്രൈബ്യൂണലിന്‍റെ രേഖകള്‍ പറയുന്നത്. എന്നാല്‍ 2007 ല്‍ ഒരുത്തരവിലൂടെ ട്രൈബ്യൂണല്‍ വിധി മറികടന്ന മമ്മൂട്ടി സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംരക്ഷിച്ചു വരികയായിരുന്നു. ഇതാണ് 4 മാസം മുന്‍പ് ട്രൈബ്യൂണല്‍ റദ്ദാക്കി, ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ ഉത്തരവിനെതിരേ മമ്മൂട്ടി മദ്രാസ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല സ്റ്റേ സമ്പാദിച്ചു. ഇനി ഒരുത്തരവുണ്ടാകുന്നതു വരെ ഏറ്റെടുക്കല്‍ നടപടി മരവിപ്പിക്കണണെന്നാണ് ഹൈക്കോടതിയുടെ വിധി.

വിനോദ സഞ്ചാര മേഖലയില്‍ വന്‍ സാധ്യതയുള്ള കറുകഴിപ്പള്ളം എസ്റ്റേറ്റ് മമ്മൂട്ടിയുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ്. കോടതി നടപടി അനന്തമായി നീളുന്നിടത്തോളം ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങളടക്കം ഒരു പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ല.

Related posts

Leave a Comment