എം ജി യൂണിവേഴ്സിറ്റി; യുഡിഎഫ് സെനറ്റ് മെമ്പർമാർ പ്രക്ഷോഭത്തിലേക്ക്

കോട്ടയം: എം ജി സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിലെ അദ്ധ്യാപകരുടെ അപ്രൂവൽ, പ്രമോഷൻ എന്നിവ സംബന്ധിച്ചുള്ള അപേക്ഷകളിൽ രാഷ്ട്രീയം മാനദണ്ഡമാക്കി നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുവെന്നും ഇടതുപക്ഷ അദ്ധ്യാപക സംഘടനയിൽ അംഗമാവാൻ ആവശ്യപ്പെട്ട് ഫയലുകൾ അകാരണമായി മാറ്റിവെക്കപ്പെടുന്നു എന്നതുമുൾപെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി യുഡിഎഫ് സെനറ്റ് മെമ്പർമാർ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ: സാബു തോമസിന് നിവേദനം നൽകി. സിൻഡിക്കേറ്റ് നടപടി പല അദ്ധ്യാപകരെയും മാനസിക സമ്മർദ്ദത്തിൽ ആക്കുന്നുവെന്നും അദ്ധ്യാപകർക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സെനറ്റർമാർ പറഞ്ഞു.

യൂണിവേഴ്സിറ്റിയിൽ നിലവിലുള്ള ക്വസ്റ്റ്യൻ ബാങ്കുമായി ബന്ധപ്പെട്ട് വ്യാപകമായ ആക്ഷേപങ്ങൾ ഉള്ളതിനാൽ ക്വസ്റ്റ്യൻ ബാങ്ക് സമ്പ്രദായം നിലവിൽ വരുന്നതിനു മുൻപും ശേഷവും സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിലെ വിജയശതമാനം താരതമ്യം ചെയ്യുന്നതിനുള്ള നടപടി കൈക്കൊള്ളണമെന്നും ക്വസ്റ്റ്യൻ ബാങ്ക് പരിശോധിക്കുന്നതിനുള്ള സൗകര്യം എല്ലാ അദ്ധ്യാപകർക്കും ലഭ്യമാക്കണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു. ഭാഷാ വിഷയങ്ങളുടെ ( ബി.എ./ ബി.എസ്.സി. മോഡൽ-2 പ്രോഗ്രാമുകളിലെ കോമൺ കോഴ്സുകൾ) സിലബസ് ഏകീകരണവുമായി ബന്ധപ്പെട്ട ഉത്തരവ് ഭാഷാ അദ്ധ്യാപകരുടെ തസ്തികകൾ ഇല്ലാതാക്കുന്നതാണെന്നും തസ്തിക നഷ്ടമാവുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യുഡിഎഫ് സെനറ്റ് മെമ്പർമാരായ ഡോ: ജീജി, ഡോ.സജു മാത്യു, എ.ജെ ഇമ്മാനുവൽ, ഡോ: ആൽസൺ മാർട്ട്, ഡോ: സിറിയക് ജോസ് , സജിത് ബാബു എസ് എന്നിവർ ആവശ്യപ്പെട്ടു.

Related posts

Leave a Comment