ആശുപത്രിയില്‍ വച്ച് പരീക്ഷ നടത്തിയ എം ജി സര്‍വകലാശാലയുടെ നടപടി വിവാദത്തിലേക്ക്

കോട്ടയം: പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക് ആശുപത്രിയിൽ വച്ച് പരീക്ഷ നടത്തിയ എം ജി സർവകലാശാലയുടെ നടപടി പുകയുന്നു. കൊവിഡ് രോഗികൾ പരിശോധനക്ക് എത്തുന്നയിടത്താണ്എം ജി സർവകലാശാല സകല സുരക്ഷാ മാനദണ്ഡവും ലംഘിച്ച്‌ പരീക്ഷ നടത്തിയത്.
പരുമലയിലെ ആശുപത്രി കെട്ടിടമാണ് പരീക്ഷാ കേന്ദ്രമായി അനുവദിച്ചിരുന്നത്.പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികളുടെ ബികോം അഞ്ചാം സെമസ്റ്റർ പരീക്ഷയാണ് ഇവിടെ നടത്തിയത്. രജിസ്‌ട്രേഷൻ നടത്തിയ വിദ്യാർഥികൾക്ക് വിവിധ കോളജുകളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചെങ്കിലും പിന്നീട് ആശുപത്രിക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരീക്ഷാ നടത്തിയെന്ന ആരോപണവുമായി വിദ്യാർത്ഥികളും രംഗത്തെത്തി.
ആദ്യം പരുമലയിലെ ഡിബി കോളജിലും പരുമലയിലെ തന്നെ മറ്റൊരു കോളജിലും സെന്റർ അനുവദിച്ചിരുന്നു. എന്നാൽ അനുവദിച്ച സെന്ററുകളിൽ പരീക്ഷയ്ക്ക് വിദ്യാർത്ഥികളെത്തിയെങ്കിലും മറ്റൊരു സ്ഥലത്താണ് പരീക്ഷാ കേന്ദ്രമെന്ന് പറയുകയായിരുന്നു. പരീക്ഷയ്ക്കായി എത്തിയപ്പോഴാണ് ആശുപത്രിക്കെട്ടിടമാണെന്ന് വിദ്യാർത്ഥികൾ അറിയുന്നത്. പരീക്ഷ തുടങ്ങുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് ഹാളിലേക്ക് പ്രവേശനമുള്ളത്.കൊവിഡ് പരിശോധനയ്ക്കും മറ്റ് ചികിത്സയ്ക്കുമായി രോഗികൾ എത്തുന്ന ഇടത്താണ്‌ വിദ്യാർത്ഥികൾക്ക് ഇരിക്കാൻ സ്ഥലം ഒരുക്കിയത്. ഇതുകാരണം പരീക്ഷക്കെത്തിയ വിദ്യാർഥികളും അവരുടെ വീട്ടുകാരും കൊവിഡ് ഭീഷണിയിലാണ്.

Related posts

Leave a Comment