കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിൽ ; കെ റെയിൽ പദ്ധതിക്കെതിരെ ഇ ശ്രീധരൻ രംഗത്ത്

തിരുവനന്തപുരം : പിണറായി സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിക്കുന്ന കെ റെയിലിനെതിരെ ഇ ശ്രീധരൻ. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ ഇപ്പോഴത്തെ അലൈൻമെന്റിനെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ് ഈ പദ്ധതി. സർക്കാർ പറയും പോലെ 2025ൽ പദ്ധതി പൂർത്തിയാക്കാൻ കഴിയില്ലെന്നും, രാത്രിയിൽ ചരക്കുഗതാഗതം നടത്തുമെന്ന കെ റെയിൽ പ്രഖ്യാപനം അപ്രായോഗികമാണെന്നും പത്രക്കുറിപ്പിലൂടെ മെട്രോമാൻ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നിർമ്മാണത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ താല്പര്യക്കുറവിനെയും അദ്ദേഹം വിമർശിച്ചു. ഈ പദ്ധതികൾ ആരാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കണം. പദ്ധതി നിർമ്മാണം സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ ഈ രണ്ട് നഗരങ്ങളിലൂടെയും ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നുവെന്ന് മെട്രോമാൻ തുറന്നടിച്ചു.

കെ റെയിലുമായി ബന്ധപ്പെട്ട പ്രവൃത്തികൾ വേഗത്തിലാക്കിയ സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്. കേരളത്തെ വിൽക്കാനുള്ള പദ്ധതിയാണിതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തിയത്.

Related posts

Leave a Comment