മെസ്സി.. നിനക്ക് സ്തുതി!

പ്രിയങ്ക ഫിലിപ്പ്

അർജന്റീന ദേശീയ ടീം കഴിഞ്ഞ 28 വർഷങ്ങൾക്കുശേഷം ഒരു അന്താരാഷ്ട്ര ട്രോഫി നേടിയിരിക്കുന്നു. ഈ സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ, അസിസ്റ്റുകൾ, മാൻ ഓഫ് ദി മാച്ചുകൾ, ഫ്രീകിക്കുകൾ എല്ലാം ഇന്ന് ഒരു പേരിൽ ഒതുങ്ങിയിരുന്നു ,സാക്ഷാൽ ലയണൽ മെസ്സി.! അടുത്ത കാലത്തു നടന്ന ഏതെങ്കിലും ഒരു ഇന്റർനാഷണൽ ടൂർണമെന്റിൽ ഒരു ടീമിന്റെ കാപ്റ്റൻ തന്നെ ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും നേടി കപ്പ്‌ എടുത്തിട്ടില്ല. ആറുതവണ ഫിഫ പ്ലയെർ ഓഫ് ദ ഇയർ അവാർഡ് നേടിയെങ്കിലും നാല് ഫൈനലുകൾ നഷ്ടപ്പെട്ട മെസ്സി ഇന്ന് യുദ്ധം ജയിച്ച രാജാവായി ഗ്രൗണ്ട് വിട്ടപ്പോ വൻകരകൾക്കിപ്പുറം കേരളത്തിലെ ഫുട്ബോൾ പ്രേമികളും അത് ആഘോഷമാക്കി. കിരീടം നേടുന്ന മെസ്സിക്കായുള്ള ഫുട്ബോൾ ലോകത്തിന്റെ കാത്തിരുപ്പവസാനിപ്പിച്ച് ആ ഇതിഹാസം കപ്പിൽ മുത്തമിട്ടു. മെസ്സിയുടെ മുൻകാല സംഭാവനയെന്തെന്ന ചോദ്യത്തിന് 2014 ലെയും 2015 ലെയും ലോകകപ്പ്- കോപ്പ ബോളുകളാണ് മറുപടി. ഏറ്റവും കൂടുതൽ കോപ്പ മത്സരങ്ങളിൽ കളിച്ച കണക്കിൽ പെലെയ്ക്കൊപ്പമെത്തി. അടുത്ത ഗോളോടെ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ലാറ്റിൻ അമേരിക്കൻ താരവുമാകും. 1986 ൽ അർജന്റീന ദൈവത്തിന്റെ കയ്യൊപ്പോടെ വേൾഡ് കപ്പ് നേടുമ്പോൾ മറഡോണയ്ക്കു ശേഷം അർജന്റീനയുടെ മാനം ഇനിയും ഉയർത്താൻ ഇങ്ങനെയൊരു ഇതിഹാസം പിറക്കുമെന്ന് രാജ്യം കരുതിയിട്ടുപോലും ഉണ്ടാകില്ല. 2016ലെ ഫൈനലിൽ മെസ്സിയുടെ ഗോൾ ബാറിനു മുകളിലൂടെ പറന്നകന്നപ്പോൾ ഒരു ജനത അയാളെ ഓർത്തു കരഞ്ഞു. എന്നാലിപ്പോൾ പലപ്പോഴും പരാജയപ്പെട്ട ബ്രസീലിനെതിരെ ഒരു അന്താരാഷ്ര മത്സരം ജയിച്ചു കപ്പുയർത്തിയപ്പോൾ പരിഗണിപ്പപ്പെടുന്നത് ഒരു രാജ്യത്തിന്റെ ആത്മാഭിമാനം കൂടെയാണ്. ഗോൾ അടിക്കാഞ്ഞിട്ടും മെസ്സിക്കെന്തിനാണ് ഇത്രയും പുകഴ്ത്തലുകൾ എന്ന് ചോദിക്കുന്നവരോടാണ്, 2016ലെ കോപ്പയിൽ ചിലിയോട് തോറ്റപ്പോൾ വിരമിക്കൽ പ്രഖ്യാപിച്ച, ടീം ഓരോ തവണ തോറ്റപ്പോഴും അത് മെസ്സിയിലെക്കിട്ട മറ്റ് ആരാധകരോട് ; ജയിക്കുമ്പോഴും ആ ക്രെഡിറ്റ്‌ അയാൾക്ക് കൊടുക്കാൻ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്.? കാലിലെ പരിക്കുകൾ കെട്ടിയൊതുക്കി ഇന്ന് ഫൈനലിലിറങ്ങിയ മെസ്സിയെ എങ്ങനെയാണ് സ്നേഹിക്കാതിരിക്കുക.? ഒരിക്കൽ തലകുനിച്ച മാരകാനയുടെ പച്ചപ്പിൽ ഡി മരിയ എന്ന മാലാഖയുടെ ചിറകിലേറി ഇന്നയാൾ മശിഹായായി. അന്താരാഷ്ട്ര ട്രോഫിയെന്ന സ്വപ്നം അനന്തതയും താണ്ടി അർജന്റീനയുടെ മണ്ണിലേക്ക് എത്തിയിരിക്കുന്നു! റൊസാരിയോ തെരുവിൽ ഫുട്ബാൾ ആസ്വദിച്ച ചെറിയ പയ്യനിൽ നിന്ന് ഇന്ന് ലോകത്തെ എല്ലാ മുക്കുകളെയും റൊസാരിയോ തെരുവുകളാക്കിയ മെസ്സി.. നിനക്ക് സ്തുതി! റൊസാരിയൊയിക്കും ബാഴ്സലോണയ്ക്കും അർജന്റീനയ്ക്കും സ്തുതി!

Related posts

Leave a Comment