‘ മേരേ പ്യാരേ ദേശ് വാസിയോം’… – ഉശസ്സ് ; കവിത വവായിക്കാം

എഴുത്തുകാരിയെ പരിചയപ്പെടാം

ഉശസ്സ്

എഴുത്തുകാരി, സാമൂഹ്യ പ്രവർത്തക

‘മേരേ പ്യാരേ ദേശ് വാസിയോം…’

ചിതറിക്കിടന്ന നാലു
ചപ്പാത്തികളിൽ
ഇന്ത്യയുടെ ഭൂപടം
കാണാം…

നടന്ന് തളർന്ന പാദങ്ങൾ
കഷണങ്ങളായ് മുറിഞ്ഞ്
വീണിടങ്ങളിൽ
സ്വഛ് ഭാരത മുദ്രകൾ.

അന്നം തേടിവന്നവന്റെ
അവസാന ശ്വാസം
പിടഞ്ഞ് വീണിടത്ത്
ആർത്തിയുടെ
കുറുക്കൻ കൂവലുകൾ

കാഴ്ച വറ്റിയ കണ്ണുകളും
കറുത്തു പോയരക്തവും
ഉപ്പുറഞ്ഞ മാംസവും
കണ്ടു തീരാത്ത
സ്വപ്നങ്ങളും
അരച്ച് ചേർത്ത
പാളങ്ങളിലൂടെ
നവ ഭാരതത്തിന്റെ
ചൂളംവിളി

കത്തിയെരിഞ്ഞ വയറ്
പാളങ്ങളുടെ
തണുപ്പിലമർത്തി
ക്കിടന്നത്
ചരക്ക് വണ്ടിയുടെ
വിശപ്പൊടുക്കാനാവാം

പ്രതീക്ഷയുടെ അവസാന
തിരിനാളവും
നിശ്വാസവായുവിൽ
ഉലയുമ്പോഴാണ്
പ്രിയപ്പെട്ടവളോട്
കടുകിട്ട പാട്ടയിലോ
വെളുത്തുള്ളി ഡബ്ബയിലോ
ഒളിച്ച് വച്ച നാണയ
തുട്ടിനായ് യാചിച്ചത്.

ഒരിറ്റ് ദാഹജലത്തിന് പോലും അവകാശികളാവാത്തവരുടെ
ശ്രവങ്ങൾക്ക് മേലേ
ലെഫ് റൈറ്റ്
താളത്തിൽ
ഉറുമ്പുകൾ വരിവെക്കുന്നത്
അവനവന്റെ രണ്ടാം
വീട്ടിലേക്കുള്ള
അരിമണി തേടിയാണ് .

അന്നമൂട്ടിയ മണ്ണിന്റെ
ഗർഭാശയത്തിൽ
മുളച്ച മൂവായിരം
കോടിയുടെ പ്രതിമ
ബുദ്ധ മൗനങ്ങളായ്
പ്രതിഫലിക്കുന്നുണ്ട്
പിഞ്ചിക്കീറിയ
തുണിക്കെട്ടിൽ..

പ്രൈം ടൈം ഫ്ലാഷിൽ
സ്വർണ്ണലിപികൾ
തുന്നിച്ചേർത്തകോട്ടിട്ട്
ചത്തുപോയവർക്കുള്ള
അനുശോചന ഗാനം
സിംപതിയുടെ സിംഫണിയായ്
ഒഴുകി വരുന്നുണ്ട് ..
ഇന്ദ്രപ്രസ്ഥത്തിന്റെ
മട്ടുപ്പാവിൽ നിന്ന്….

നാളെ !
സെൻട്രൽവിസ്റ്റ – ക്ക്
മടവീഴാതിരിക്കാൻ
ചെകുത്താനൊരു
മനുഷ്യക്കുരുതി.

ജനിച്ചു പോയകുറ്റത്തിന്
നിങ്ങളുടെ മുറിഞ്ഞു വീണ
ശരീരവും
മലവും മൂത്രവും
ഭക്ഷണവും രക്തവും
കൂടിക്കുഴഞ്ഞ
ചളിക്കട്ടകൾ ഉറപ്പ് കൂട്ടട്ടേ
ഏകാധിപത്യത്തിന്

ശുചിത്വ ഭാരതത്തിന്റെ
ചൂല് തേഞ്ഞാലും മായാത്ത
ഉണങ്ങിച്ചുരുണ്ട കുടൽമാലകൾ
പറ്റിപ്പിടിച്ചിട്ടുണ്ട്
സബർമതി വരെ നീളുന്ന
ട്രാക്കിൽ

ആഹ്വാനങ്ങളാൽ
അനുഗ്രഹിക്കപ്പെട്ടവർ
കിണ്ണം മുട്ടുന്നുണ്ട്
വിളക്ക് കൊളുത്തുന്നുണ്ട്
ത്യാഗികളാകുന്നുണ്ട്

ചൂണ്ടുവിരലിൽ മഷി
പുരട്ടാനുള്ള പാവകളേ
ഈ മഹാമാരിയുടെ കാലത്ത്
ത്യജിക്കു നിങ്ങളുടെ വിശപ്പ്
ത്യജിക്കു നിങ്ങളുടെ ആമാശയം
ത്യജിക്കു നിങ്ങളുടെ
ഉമിനീർ വറ്റിയ തൊണ്ടകൾ…

ചിപ്പുകൾ ഒളിപ്പിച്ച
നോട്ടുകെട്ടുകളിൽ
അർദ്ധരാത്രികളിൽ
പ്രഖ്യാപിക്കാം നാളകളെ….
ജയ് ഭാരത്

Related posts

Leave a Comment