നീതിനിഷേധിക്കപ്പെട്ടവര്‍ക്ക് ദാക്ഷിണ്യം ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്ത് നിര്‍മ്മിച്ച രാജ്യദ്രോഹ വകുപ്പിനെതിരെ സുപ്രീംകോടതി കൈക്കൊണ്ട നടപടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും ശക്തിയും സൗന്ദര്യവുമാണ് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ അടിച്ചമര്‍ത്താനായിരുന്നു വിവാദപരമായ 124 എ വകുപ്പ് ഉപയോഗിച്ചത്. രാജ്യം നവജാത സ്വാതന്ത്ര്യത്തിലേക്ക് പിറന്നുവീണതെന്നതുകൊണ്ട് ബ്രിട്ടീഷ് നിയമം റദ്ദ് ചെയ്യാന്‍ അന്നത്തെ ഭരണം തുനിഞ്ഞില്ല. ലോകം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ് രാജ്യത്തെ നയിക്കുന്നത് എന്നതുകൊണ്ട് ഈ നിയമം നെഹ്‌റു ദുരുപയോഗം ചെയ്യില്ല എന്നുറപ്പുള്ളതുകൊണ്ട് അന്നാരും അതിനെ എതിര്‍ത്തതുമില്ല. ഇത്തരത്തിലുള്ള ഭീതിപടര്‍ത്തുന്ന ഒട്ടേറെ നിയമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയിലുണ്ട്. അത് രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടില്ലെന്നതിന്റെ ഗ്യാരണ്ടി പ്രധാനമന്ത്രി നെഹ്‌റു തന്നെയായിരുന്നു. നെഹ്‌റുവിലുള്ള വിശ്വാസം ഇന്ത്യന്‍ ഭരണഘടനയിലുള്ള വിശ്വാസംപോലെ ശക്തമായിരുന്നു. എന്നാല്‍ 2014-ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിനുശേഷം ഭരണഘടനയിലെ പഴുതിലൂടെ നിയമം ദുരുപയോഗപ്പെടുത്തുന്നത് വ്യാപകമായി. നിരപരാധികള്‍ വിചാരണ ചെയ്യപ്പെടാതെ ജയിലറകളില്‍ നിറഞ്ഞു. ഈ അവസരത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാനമായ ഉത്തരവുണ്ടായിരിക്കുന്നത്. കുറ്റാരോപിതരുടെ മനസ്സും ജാതിയും രാഷ്ട്രീയവും നോക്കി ഭരണകൂടം അവരെ തടങ്കലിലാക്കിയതിന് പുറമെ ആംനസ്റ്റി ഇന്റര്‍നാഷണലിനെ പോലുള്ള പൗരാവകാശ സംഘടനകള്‍ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുകയും ഇന്ത്യയിലെ ജനാധിപത്യ ധ്വംസനം കാരണം ആംനസ്റ്റി അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയും ഓഫീസുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ത്ത സംഭവമായിരുന്നു ഇത്. പൗരാവകാശ സ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലും ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയിലായി ഇന്ത്യയുടെ സ്ഥാനം. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഇത്തരത്തിലുള്ള 442 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ നിയമം ഡെമോക്ലസിന്റെ വാള്‍പോലെ ഇന്ത്യന് ജനാധിപത്യത്തിന് മുകളില്‍ തൂങ്ങിനില്‍ക്കുകയായിരുന്നു. 124 എ വകുപ്പ് പ്രയോഗിക്കപ്പെടുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നിയമത്തെ പൂര്‍ണമായും തടയുന്നില്ലെങ്കിലും സുപ്രീംകോടതി കൈക്കൊണ്ട നടപടികള്‍ ഏറെ ആശ്വാസകരമാണ്. ഈ വകുപ്പ് കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധിക്കുന്നത് വരെയാണ് ഉത്തരവിന്റെ പ്രാബല്യം. അതുവരെ ഈ നിയമപ്രകാരം പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും നിലവിലുള്ള കേസുകളില്‍ തുടരന്വേഷണം, അറസ്റ്റ്, വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലിലുള്ളവര്‍ക്ക് ജാമ്യം തേടി കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി വാക്കാല്‍ പറയുന്നു. ഇന്ത്യയില്‍ ഇത്തരത്തിലുള്ള 442 കേസുകളാണ് നിലവിലുള്ളത്. അതില്‍ 270 പേര്‍ കേരളത്തിലാണ്. 124 എ വകുപ്പ് പുനഃപരിശോധിക്കുന്നതുവരെ വിഷയം കോടതി പരിഗണിക്കരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേന്ദ്ര നിലപാടുകളെ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഒട്ടേറെ രാഷ്ട്രീയ പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഈ നിയമത്തിന്റെ തടവുകാരായി ജയിലറകളില്‍ കഴിയുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന പൗരാവകാശ ഭേദഗതി നിയമം ഉപയോഗിച്ച് പൗരാവകാശ പ്രവര്‍ത്തകരും കര്‍ഷക നേതാക്കളും ജയിലിലായിട്ടുണ്ട്. രാജ്യദ്രോഹം സംബന്ധിച്ച് 124 എ വകുപ്പ് ഒഴിവാക്കപ്പെട്ടാലും ദുരുപയോഗം ചെയ്യപ്പെടുന്ന നിരവധി കരിനിയമങ്ങള്‍ അവശേഷിക്കുന്നുണ്ട്. ഇതില്‍ ഏറ്റവു കടുത്തതാണ് യു എ പി എ. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട കേസുകളിലെ പ്രതികളില്‍ അറുപത് ശതമാനം പേര്‍ക്കുമെതിരെ യു എ പി എ ചുമത്തിയിട്ടുണ്ട്. ഐടി നിയമം, ആയുധ നിയമം, ക്രിമിനല്‍ നിയമ ഭേദഗതി നിയമം തുടങ്ങിയവ ഇതില്‍പ്പെടും. മറ്റൊരു രൂപത്തില്‍ ഇതിലും കടുത്ത നിയമം കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നിയമ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. കോടതിയുടെ ഉത്തരവ് 124 എ യുടെ കാര്യത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുമെന്ന് കരുതുന്നവരും ഏറെയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ഏറെകാലമായി ജയിലുകളില്‍ കഴിയുന്നവര്‍ക്കും മറ്റും താല്‍ക്കാലികമായി ആശ്വാസം ലഭിക്കും. ഭരണഘടന ഉറപ്പുതരുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ആക്കം കുറയുമെന്നുള്ളതാണ് സുപ്രീംകോടതി ഉത്തരവിന്റെ അനന്തരഫലം. നിരപരാധികള്‍ നിരവധിയാണ് നീതി നിഷേധിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്നത്. അവര്‍ക്ക് നിയമത്തിന്റെ ദാക്ഷിണ്യം ലഭിക്കുന്നത് സ്വാഗതാര്‍ഹമാണ്.

Related posts

Leave a Comment