മേഴ്‌സി രവി: ഓര്‍മ്മയിലെ സ്‌നേഹസാന്നിധ്യം

ജെബി മേത്തര്‍
(ആലുവ മുന്‍സിപ്പല്‍
വൈസ് ചെയര്‍പേഴ്‌സണ്‍)

ചിലരുടെ സംസാരം നമ്മെ ആകര്‍ഷിച്ചേക്കാം;
ചിലരുടെ സൗന്ദര്യം നമ്മെ ആകര്‍ഷിച്ചേക്കാം;
ചിലരുടെ കഴിവുകള്‍ നമ്മെ ആകര്‍ഷിച്ചേക്കാം.
ഇതെല്ലാം സമന്വയിപ്പിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു മേഴ്സി ചേച്ചി.
എന്ന് മുതല്‍ എന്ന് എനിക്ക് അറിയില്ല. ഓര്‍മ്മ വെച്ച കാലം മുതല്‍…ഓടി കളിച്ചു നടക്കുന്ന പ്രായം മുതല്‍ തന്നെ എന്റെ മനസ്സില്‍ ഒരു ചിത്രമുണ്ട്; എന്റെ ഉമ്മയുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന മേഴ്സി ചേച്ചി…മേഴ്സി ചേച്ചിയുടെ സംസാരത്തില്‍ ലയിച്ചിരിക്കുന്ന എന്റെ ഉമ്മയും.
ഉമ്മയെ പോലെ തന്നെ ആ ഓടി കളിച്ചു നടന്ന ആ കൊച്ചു കുട്ടിക്കും മേഴ്സി ചേച്ചി ആകര്‍ഷകബിന്ദു തന്നെയായിരുന്നു.
മേഴ്സി ചേച്ചി എല്ലാ വിഷയത്തെ കുറിച്ചും ഭംഗിയായി വര്‍ണിക്കും. അത് പാചകമാവാം, തയ്യലാവാം, വസ്ത്രങ്ങളെകുറിച്ചാവാം, വ്യക്തികളെ കുറിച്ചോ രാഷ്ട്രിയത്തെ കുറിച്ചോ ആവാം.
പുളിമുട്ടായി വായിലിട്ട് നുണയുന്നത് പോലെ ഏറെ ആസ്വാദകരമായിരുന്നു മേഴ്സി ചേച്ചിയുടെ സംസാരമെന്നു മേഴ്സി ചേച്ചിയുടെ അടുത്ത കൂട്ടുകാരിയായ എന്റെ ഉമ്മ ഇപ്പോഴും അയവിറക്കാറുണ്ട്.
ഞങ്ങള്‍ എറണാകുളം നോര്‍ത്തിലെ തറവാട്ടില്‍ ഉണ്ടായിരുന്ന കാലത്തു മേഴ്സി ചേച്ചി എറണാകുളത്ത് വരുമ്പോഴൊക്കെ ഞങ്ങളുടെ തറവാട്ടില്‍ ഉണ്ടാകുമായിരുന്നു. സ്വന്തം വീട്ടിലെ സ്വാതന്ത്രത്തോടു കൂടിയാണ് മേഴ്സി ചേച്ചി ഉപ്പാപ്പയായിട്ടും ഉമ്മാമയായിട്ടു മൊക്കെ പെരുമാറിയിരുന്നത്. തിരിച്ചങ്ങോട്ടും അവര്‍ക്കും അങ്ങനെ തന്നെയായിരുന്നു. മേഴ്സി ചേച്ചിയെ എല്ലാവര്‍ക്കും അത്രയ്ക്ക് ഇഷ്ടമായിരുന്നു. ആ കാലഘട്ടത്തില്‍ മാത്രമല്ല, എന്നും മേഴ്സി ചേച്ചി ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നു. ഞങ്ങളുടെ കുടുംബത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും മേഴ്സി ചേച്ചി നിറസാന്നിധ്യമായിരുന്നു. തിരിച്ചും അങ്ങനെ തന്നെ. കുഞ്ചി ചേച്ചിയുടെ വിവാഹത്തിന് കാരണവന്മാര്‍ക്കു ദക്ഷിണ കൊടുത്തു അനുഗ്രഹം വാങ്ങുന്ന ചടങ്ങില്‍ കാരണവന്മാരില്‍ ഒരാള്‍ വാപ്പയുമായിരുന്നു. മേഴ്സി ചേച്ചി ആ കാര്യങ്ങളൊക്കെ വളരെയേറെ ശ്രദ്ധിച്ചിരുന്നു.
പിന്നീട് മേഴ്സി ചേച്ചിയെ കുറിച്ചുള്ള ഓര്‍മ്മ, മേഴ്സി ചേച്ചിയുടെ പാചക വൈദഗ്ദത്തെ കുറിച്ചാണ് . മേഴ്സി ചേച്ചി എന്തുണ്ടാക്കിയാലും അതിനു ഭയങ്കര ടേസ്റ്റ് ആയിരിക്കും. എപ്പോഴും വയലാര്‍ജിയുടെ വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരാല്‍ നിറഞ്ഞിരിക്കുമായിരുന്നു. മേഴ്സി ചേച്ചി എല്ലാവര്‍ക്കും സന്തോഷത്തോടെ ഭക്ഷണം നല്‍കി സത്കരിക്കുമായിരുന്നു. പലപ്പോഴായി കാല്‍ക്കട്ടയില്‍ നിന്നൊക്കെ ഉമ്മ ക്ക് കാന്ത വര്‍ക്കിന്റെ സാരിയും എനിക്ക് അതിന്റെ ചുരിദാറുമൊക്കെ ഓര്‍ത്തു വാങ്ങി സമ്മാനമായി തരാറുണ്ടായിരുന്നു മേഴ്സി ചേച്ചി.
ഓര്‍മകളിലെ മേഴ്സിചേച്ചിയുടെ ലാളിത്യവും ശ്രദ്ധേയമായിരുന്നു. എറണാകുളത്തെ സമ്പന്നമായ കട്ടിക്കാരന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നതാണെങ്കിലും, ലളിതമായ വസ്ത്രധാരണ രീതി കൊണ്ട് മേഴ്‌സി ചേച്ചി വേറിട്ടു നിന്നു.ഒരു ചെറിയ താലി ചെയിന്‍ മാത്രം അണിഞ്ഞു, ഇടതിങ്ങിയ മുടിയും, നെറ്റിയിലെ വലിയ വട്ട പൊട്ടും മേഴ്സി ചേച്ചിയുടെ സൗന്ദര്യത്തിനു മാറ്റ് കൂട്ടി.
ഞാന്‍ വലുതായപ്പോഴാണ് മേഴ്സി ചേച്ചിയുടെയും വയലാര്‍ജിയുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മനസ്സിലാക്കിയത്. മേഴ്സി ചേച്ചി ഗുരുതരമായ രോഗാവസ്ഥയില്‍ മദ്രാസില്‍ ചികിത്സയിലായിരിക്കെ ഞാനും ഉമ്മയും കൂടി പോയി കണ്ടു. അപ്പോഴും
‘ അണ്ണന്‍ ഒറ്റക്കായി പോകുമല്ലോ……’ എന്ന ദുഖമായിരുന്നു മേഴ്സി ചേച്ചിക്ക്. മരണത്തിലും വയലാര്‍ജിക്ക് പ്രണയം സമ്മാനിച്ച് മടങ്ങിയ മേഴ്സി ചേച്ചി.
അതേപോലെ തന്നെ, കാലങ്ങള്‍ പിന്നിട്ടിട്ടും, മേഴ്സി ചേച്ചിയുടെ ഓര്‍മ്മകള്‍ താലോലിച്ചും ഓരോ നിമിഷവും മേഴ്സി ചേച്ചിയെ അനുസ്മരിച്ചു കൊണ്ടാണ് വയലാര്‍ജി ജീവിതം പിന്നിട്ടുകൊണ്ടിരിക്കുന്നതു.
യൂത്ത് കോണ്‍ഗ്രസ് ദേശീയ ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ വയലാര്‍ജിയുടെ വീട്ടിലായിരുന്നു എന്റെ താമസം. പിതൃതുല്യമായ വാത്സല്യത്തോടെ ഭക്ഷണ സമയത്തു എന്നെ കാത്തിരിക്കുമായിരുന്നു വയലാര്‍ജി. അല്പം വൈകിയാല്‍ ഫോണ്‍ വിളിച്ചു തിരക്കുകയും ചെയ്യും. ഭക്ഷണം കഴിക്കുമ്പോഴും അല്ലാത്തപ്പോഴും വയലാര്‍ജിയുമായിട്ടുള്ള സംഭാഷണങ്ങളില്‍ മഹാരാജാസ് കോളേജിലേ വിദ്യാര്‍ത്ഥി കാലഘട്ടവും, കെ എസ് യു രൂപീകരണവും മേഴ്സി ചേച്ചിയുമായി പരിചയപ്പെട്ടതിനു ശേഷമുള്ള പ്രണയകാലഘട്ടവുമൊക്കെ വയലാര്‍ജി സംഭാഷണമധ്യേ വര്‍ണിക്കുമായിരുന്നു. അതിനിടയില്‍ വയലാര്‍ജിയുടെ കുക്ക് ഇസ്മായില്‍ എന്തെകിലും വയലാര്‍ജിക്ക് വിളമ്പി കൊടുക്കുമ്പോള്‍ അപ്പോഴും പറയും…’ഇസ്മായില്‍ ഉണ്ടാക്കുന്നതെല്ലാം അമ്മ (മേഴ്സി) പഠിപ്പിച്ചതാ മോളെ….എല്ലാം’….. പലപ്പോഴും മേഴ്സി ചേച്ചിയുടെ കാര്യം പറഞ്ഞു വയലാര്‍ജിയുടെ ശബ്ദമിഡറുകയും കണ്ണുകള്‍ നിറയുകയും ചെയ്യുമായിരുന്നു. ആ ഇടര്‍ച്ചയിലും കണ്ണു നിറയിലലുമെല്ലാം
മേഴ്സി ചേച്ചിയോടുള്ള പ്രണയത്തിന്റെ ആയിരം വര്‍ണ്ണങ്ങളായിരുന്നു.
ചെറുതും വലുതുമായ ഒരുപാട് സംഭവങ്ങളും സാഹചര്യങ്ങളും മുഹൂര്‍ത്തങ്ങളും മേഴ്സി ചേച്ചി ആദ്യ കാലങ്ങളില്‍ അനുഭവിച്ച ത്യാഗങ്ങളെ കുറിച്ചുമെല്ലാം വയലാര്‍ജിയുടെ വാക്കുകളില്‍ നിന്ന് പലപ്പോഴായി നേരിട്ടറിയാന്‍ സാധിച്ചിട്ടുണ്ട്.
ഇതെല്ലാം കേട്ട എനിക്ക് ഒരു കാര്യം ഉറപ്പാണ്…. വയലാര്‍ജിയുടെ തുടര്‍ന്നുള്ള ജീവിത കാലവും വയലാര്‍ജി മേഴ്സി ചേച്ചിയെ പ്രണയിച്ചു കൊണ്ടേയിരിക്കും…തീര്‍ച്ച .
ഇത്രയും മനോഹരമായ തീവ്രപ്രണയം വളരെ ചുരുക്കം പേര്‍ക്കേ അനുഭവിച്ചറിയാന്‍ കഴിയൂ..
മേഴ്സി ചേച്ചിക്കും വയലാര്‍ജിക്കും അതിനു കഴിഞ്ഞു.
വിട പറയാത്ത പ്രണയ സ്മരണകളില്‍
എന്നും നിറഞ്ഞു നില്‍ക്കും മേഴ്‌സി ചേച്ചി.

Related posts

Leave a Comment