മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് വ്യാപാരികളുടെ തിരിച്ചടി ;മുട്ടുമടക്കി സർക്കാർ, കടകൾ തുറക്കാൻ അനുമതി

തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടിയ കച്ചവടക്കാരെ ധാർഷ്ട്യത്തോടെ നേരിട്ട മുഖ്യമന്ത്രിക്ക് വ്യാപാരികൾ തിരിച്ചടി നൽകിയതോടെ മുട്ടുമടക്കി സർക്കാർ. സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളിൽ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ, തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകി. രാത്രി എട്ടു മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ വ്യാപാരികളുമായി ചർച്ച നടത്തുമെന്ന് അറിയിച്ച മുഖ്യമന്ത്രി, ചർച്ച വൈകുന്നേരത്തേക്ക് മാറ്റിയതിന് പിന്നാലെ കടകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടായില്ലെങ്കിൽ എന്തുവന്നാലും കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വിരട്ടൽ വ്യാപാരികളോട് വേണ്ടെന്ന് വ്യാപാരി സംഘടനാ നേതാവ് ടി നസിറുദ്ദീൻ പരസ്യ പ്രസ്താവന നടത്തുക കൂടി ചെയ്തതോടെ സർക്കാരിന് തിരിച്ചടിയായി. പിന്നീട് വൈകുന്നേരം വ്യാപാരികളുമായി ചർച്ച നടത്തിയ ശേഷമാണ് മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ചർച്ചയിൽ പൂർണ തൃപ്തിയുണ്ടെന്നും വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവം കേട്ടെന്നും സംഘടനാ നേതാക്കൾ ചർച്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു.
വ്യാപാരികളോട് സർക്കാരിന് അനുഭാവ പൂർണമായ നിലപാടാണെന്നു മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്നു വ്യക്തമാക്കിയ മുഖ്യമന്ത്രി, സർക്കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. ഓണക്കാലത്താണ് കച്ചവടം കൂടുതൽ നടക്കുന്നത്. വെള്ളപ്പൊക്കവും കോവിഡും കാരണവും 3 ഓണക്കാലത്തെ കച്ചവടം പോയെന്നും സംഘടന ചൂണ്ടിക്കാട്ടി. നിയമം ലംഘിച്ച് കോവിഡ് കാലത്ത് കട തുറക്കുമെന്നല്ല പറഞ്ഞതെന്നും പ്രതിഷേധത്തിന്റെ ഭാഗമായി പറഞ്ഞതാണെന്നും സംഘടനാ നേതാക്കൾ പറഞ്ഞു. നിയമം ലംഘിച്ച് കട തുറക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. സംഘടന അവതരിപ്പിച്ച വിഷയങ്ങൾ മുഖ്യമന്ത്രി അംഗീകരിച്ചു. അവതരിപ്പിക്കാത്ത വിഷയങ്ങൾ ചോദിച്ചറിഞ്ഞു. ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും നേതാക്കൾ വ്യക്തമാക്കി. കടകൾ തുറക്കുന്നതും പ്രവർത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനവും അടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. പൊലീസ് റജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്നു മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം തരുന്നത്, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. സംഘടനയുടെ 14 ജില്ലാ പ്രസിഡന്റുമാരും ചർച്ചയിൽ പങ്കെടുത്തു.

Related posts

Leave a Comment