Kozhikode
കോഴിക്കോട് ദേവഗിരി കോളേജിൽ 1000 വിദ്യാർത്ഥികൾക്ക് ആർത്തവ കപ്പുകൾ വിതരണം ചെയ്തു

ഇന്ത്യയിലെ ഏറ്റവും വലിയ ക്യാമ്പസ് അധിഷ്‌ഠിത സൗജന്യ മെൻസ്ട്രൽ കപ്പ് വിതരണ പരിപാടി ‘കപ്പിലേക്ക് മാറ്റുക’ എന്ന സുപ്രധാന സംരംഭം കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ് കോളേജിൽ നടന്നു. ഉദ്യമത്തിൻ്റെ ഭാഗമായി ആയിരത്തോളം കോളേജ് വിദ്യാർത്ഥികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. കോളേജിലെ സ്റ്റുഡൻ്റ്‌സ് യൂണിയൻ ആയ ‘സത്രംഗിൻ്റെ’ ഫ്‌ളാഗ്‌ഷിപ്പ് പ്രോഗ്രാമായിരുന്നു ചേഞ്ച് ടു കപ്പ്, ഇത് തിങ്കളാഴ്ചയോടെ അവസാനിച്ചു.ഫണ്ടിൻ്റെ അഭാവത്താൽ മാറ്റിവെക്കേണ്ടി വന്ന നവീന ആശയത്തെ പരിപാടി ഉദ്ഘാടനം ചെയ്ത എം.കെ രാഘവൻ എംപി അഭിനന്ദിച്ചു.
ലോകമെമ്പാടുമുള്ള 23 ദശലക്ഷത്തിലധികം പെൺകുട്ടികൾ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ലഭ്യത കുറവ് മൂലം സ്‌കൂളുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരാണെന്ന് പരിപാടിയിൽ മുഖ്യാതിഥിയായിരുന്ന ആർത്തവ ശുചിത്വ പ്രചാരക നൗറിൻ ആയിഷ ചൂണ്ടിക്കാട്ടി. “ഇന്നും, ഇന്ത്യയിലെ 70% ആളുകൾക്കും ആധുനിക ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയില്ല. അവരിൽ ഭൂരിഭാഗം പേർക്കും സാനിറ്ററി നാപ്കിനുകൾ വാങ്ങാൻ കഴിയില്ല, ”അവർ പറഞ്ഞു. മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കേണ്ട രീതിയും അവയുടെ ഗുണങ്ങളും അവർ വിശദീകരിച്ചു. മെൻസ്ട്രൽ കപ്പിലേക്കുള്ള മാറ്റം സുസ്ഥിര വികസനത്തിന് പ്രധാനമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ ബോബി ജോർജ് പറഞ്ഞു, കാരണം അവ പരിസ്ഥിതി സൗഹൃദവും പോക്കറ്റ് സൗഹൃദവുമാണ്.
കോളേജ് യൂണിയൻ ചെയർമാൻ രാഹുൽ എൻ.കെ. സുസ്ഥിരമായ ആർത്തവ ആരോഗ്യത്തിനായുള്ള സ്ഥാപനത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും കാമ്പസിലെ സ്ത്രീകൾക്ക് ആക്സസ് ചെയ്യാവുന്നതും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ നൽകുന്നതിലൂടെ ആർത്തവ ശുചിത്വത്തെ ചുറ്റിപ്പറ്റിയുള്ള വിലക്കുകൾ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും പറഞ്ഞു. ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക വിലക്കിനെ മറികടക്കാൻ തുറന്ന ചർച്ചകൾ ആവശ്യമാണെന്ന് യൂണിയൻ ഉപദേഷ്ടാവ് മനോജ് മാത്യൂസ് ഉദ്ധരിച്ചു. കോളജിലെ പൂർവ വിദ്യാർഥിയും ഇലൻസ് ലേണിങ് സിഇഒയുമായ ജിഷ്ണു പി.വി., യൂണിയൻ ജനറൽ സെക്രട്ടറി ദേവിക രാജ് എന്നിവർ പങ്കെടുത്തു.
Kerala
കോഴിക്കോട് മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിൽ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി. പേരാമ്പ്ര സ്വദേശി വിലാസിനി(57) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപിയില്‍ ചികിത്സതേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയക്കിടെ വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായും തുന്നലിട്ടതായും ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഗ്യാസ്ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് മരുന്ന് നല്‍കിയെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. വൈകുന്നേരം രോഗിയെ ഐസിയുവിലേക്ക് മാറ്റി. അണുബാധ ഉള്ളതിനാല്‍ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയണമെന്നാണ് പിന്നീട് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചത്.
ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കരളിലേക്ക് ഉള്‍പ്പടെ ബാധിച്ചുവെന്ന വിവരമാണ് പിന്നീട് ആശുപത്രിയില്‍നിന്ന് ലഭിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടർമാർ അനുവദിച്ചില്ല. ചികിത്സാപിഴവാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കൾ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
Kerala
മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

കോഴിക്കോട്: മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്.മകൻ സനലിന്റെ മർദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഗിരീഷ്.
മാർച്ച് അഞ്ചിനായിരുന്നു സംഭവം. അച്ഛനും മകനുമിടയില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതി സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Kerala
സിപിഎം സെക്രട്ടറിയേറ്റ്,
പിണറായി വിലാസം,
C/o മുഹമ്മദ് റിയാസ്
*റിയാസിന് താത്പര്യമില്ലാത്തവർ സെക്രട്ടറിയേറ്റിൽ ഇല്ല
*എം.ബി രാജേഷ് കടുത്ത അതൃപ്തിയിൽ
*ശൈലജയെ ഉൾപ്പെടുത്തിയത് ഗത്യന്തരമില്ലാതെ
*ബിജെപിയുമായ് ചർച്ച നടത്തിയ ഇ.പിയെ നീക്കിയില്ല
*പി. ജയരാജൻ്റെ രാഷ്ട്രീയ ഭാവിയും അടയുന്നു

കോഴിക്കോട്: മന്ത്രി പി.എ മുഹമ്മദ് റിയാസിന് ഭാവിയിൽ ഭീഷണിയാകുന്നവരെയെല്ലാം സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത് സിപിഎമ്മിൽ അതൃപ്തിയായ് പുകയുന്നു.
ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിശ്ചയമായും ഉണ്ടാകുമെന്ന് പാർട്ടി പ്രവർത്തകരും നേതാക്കളും കരുതിയ പി.ജയരാജനും എം.ബി രാജേഷും ഒഴിവാക്കപ്പെട്ടത് മുഖ്യമന്ത്രിയുടെയും റിയാസിന്റെയും അനിഷ്ടത്തിൻ്റെ പേരിലാണ്. പ്രായപരിധിയുടെ പേരിൽ എ. കെ ബാലൻ ഒഴിവായപ്പോൾ പാലക്കാട് ജില്ലക്കാരനായ മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് കൂടിയായ എം.ബി രാജേഷ് സ്വാഭാവികമായും സംസ്ഥാന സെക്രട്ടറിയേറ്റിൽ വരുമായിരുന്നു. കഴിഞ്ഞ തവണ റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയത് ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡൻ്റ് എന്ന പേരിലാണ്.
ആ മാനദണ്ഡം രാജേഷിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല. കഴിഞ്ഞ സമ്മേളനകാലത്ത് രാജേഷിനെ നിയമസഭാ സ്പീക്കറാണെന്ന കാരണം പറഞ്ഞാണ് സെക്രട്ടറിയേറ്റിൽ നിന്ന് ഒഴിവാക്കിയത്. തനിക്കു ശേഷം ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് സ്ഥാനം വഹിച്ച റിയാസ് കേരള ഘടകത്തിലെ പരമോന്നത സമിതിയിൽ ഇരുന്നിട്ടും താൻ പുറത്തു നിൽക്കേണ്ടി വരുന്നതിൽ
രാജേഷിന് കടുത്ത അതൃപ്തിയുണ്ട്.
കഴിഞ്ഞ തവണ സീനിയറായ പല നേതാക്കളെയും മറികടന്ന് റിയാസിനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ കൊണ്ടുവന്നപ്പോൾ, കുടുംബാധിപത്യം എന്ന ആക്ഷേപം വരാതിരിക്കാൻ മാത്രമാണ് എം. സ്വരാജിനെയും ഉൾപ്പെടുത്തി ബാലൻസ് ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനാൽ സ്വരാജ് തത്കാലം ഭീഷണി അല്ലെന്ന് അന്ന് റിയാസ് പക്ഷം കണക്ക് കൂട്ടിയിരുന്നു. എന്നാൽ
മന്ത്രി പദവി വഹിക്കുന്ന
എം.ബി രാജേഷ് റിയാസിന് ഭീഷണിയാണ്. കഴിഞ്ഞ തവണ സെക്രട്ടറിയേറ്റിൽ വന്ന പുത്തലത്ത് ദിനേശൻ പാർലമെൻ്ററി പ്രവർത്തനത്തിൽ വലിയ താത്പര്യം കാണിക്കാത്ത ആളാണ്. മന്ത്രിമാരായ കെ.എൻ ബാലഗോപാലും പി. രാജീവും പിണറായി വിജയന് വിധേയരായി നിൽക്കുന്ന നേതാക്കളാണ് എന്നതിനാൽ ഇരുവരെയും ഭീഷണിയായി റിയാസ് കാണുന്നില്ല. പാർട്ടിയിലെ ബുദ്ധിജീവി ലൈൻ പിന്തുടരുന്ന ഇരുവരും പ്രായോഗിക രാഷ്ട്രീയത്തിൽ പിന്നോട്ടാണെന്നും റിയാസ് കണക്കുകൂട്ടുന്നു.
പ്രായപരിധി മൂലം പി. കെ ശ്രീമതി ഒഴിവായതിനാൽ വനിതയെ ഉൾപ്പെടുത്തേണ്ടതിനാൽ ഗത്യന്തരമില്ലാത്തതിനാൽ മാത്രമാണ് കേന്ദ്രകമ്മിറ്റി അംഗം കെ.കെ ശൈലജയെ സെക്രട്ടറിയേറ്റ് അംഗമാക്കിയത്. സെക്രട്ടറിയേറ്റിലുള്ള ടി.പി രാമകൃഷ്ണൻ, വാസവൻ, സജി ചെറിയാൻ, കെ.കെ ജയചന്ദ്രൻ, പി.കെ ബിജു, എം.വി ജയരാജൻ, സി.എൻ മോഹനൻ എന്നിവരെല്ലാം പിണറായി വിജയനോട് വിധേയത്വം കാണിക്കുന്നവരാണ്. ആ അർത്ഥത്തിൽ റിയാസിനോടും താത്പര്യമുള്ളവരാണ്. നേരത്തെ പിണങ്ങി നിന്ന ഇ. പി ജയരാജനും ഇപ്പോൾ പിണറായിയുടെ ഗുഡ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം ബിജെപി ദേശീയ നേതൃത്വത്തിന്റെ അറിവോടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെന്ന് പരസ്യമായി സമ്മതിച്ച ഒരാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരാൻ അനുവദിച്ചതിൽ ഒരു വിഭാഗം അണികൾക്ക് പ്രതിഷേധമുണ്ട്. ഇ.പി ജയരാജനെ മാറ്റിയാൽ പകരം പി.ജയരാജനെ പരിഗണിക്കേണ്ടി വരുമോ എന്ന ചിന്തയാണ് ഇ.പിക്ക് ഗുണമായി മാറിയത്. മാത്രമല്ല കണ്ണൂരിൽ നിന്ന് പി.ജയരാജന്റെ ജൂനിയറായ എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ കൊണ്ടുവരുന്നത് വഴി പി.ജയരാജന്റെ രാഷ്ട്രീയ ഭാവി പൂർണമായും അടയ്ക്കുകയാണ് പിണറായി വിജയൻ ചെയ്തത്. കണ്ണൂരിൽ പിണറായി വിജയനേക്കാൾ പാർട്ടി ആരാധകരുള്ള പി. ജയരാജന് എതിരെ കടുത്ത നീക്കമാണ് കഴിഞ്ഞ കാലയളവിൽ നടന്നത്. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഒഴിവാക്കുകയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് പരാജയം ഉറപ്പാക്കുകയും ചെയ്തിരുന്നു. കണ്ണൂരിലെ നേതൃത്വത്തിലും പാർലമെൻ്ററി ജീവിതത്തിലും ഇനി തിരിച്ചുവരവ് സാധ്യമല്ലെന്ന് അറിയുന്ന പി. ജയരാജൻ പാർട്ടി സംസ്ഥാന ഘടകത്തിൽ മാന്യമായ പദവി പ്രതീക്ഷിച്ചെങ്കിലും അദ്ദേഹത്തെ നിർദാക്ഷിണ്യം തഴഞ്ഞിരിക്കയാണ്. അടുത്ത സമ്മേളനത്തിൽ പി. ജയരാജന് പ്രായപരിധിയും വില്ലനാവും.
കോഴിക്കോട് ജില്ലയിൽനിന്ന് ഇത്തവണ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പ്രതീക്ഷ വെച്ച എ. പ്രദീപ്കുമാർ, കെ.കെ ലതിക എന്നിവരെ ഒഴിവാക്കിയതിന് പിന്നിലും റിയാസിന്റെ അനിഷ്ടമാണ്.
പുതിയ സംസ്ഥാന സെക്രട്ടറിയേറ്റിൽ തോമസ് ഐസക്കും കെ.കെ ശൈലജയും മാത്രമാണ് ഇനി റിയാസിന് മുൻപിലെ കടമ്പകൾ. പാർലമെന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇരുവർക്കും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിക്കാൻ ഇടയില്ല. സമ്മേളനം ചർച്ച ചെയ്ത സംഘടനാ റിപ്പോർട്ടിൽ റിയാസിന് അഭിനന്ദനവും സ്വരാജിനും തോമസ് ഐസക്കിനും വിമർശനവും ഉണ്ടായതും യാദൃശ്ചികമല്ല.
പോളിറ്റ് ബ്യൂറോയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രി പദവിയിലും പ്രായത്തിന്റെ മാനദണ്ഡങ്ങൾ ഒന്നും ബാധിക്കാതെ തുടരുന്ന പിണറായി വിജയനും തനിക്ക് ഭീഷണിയാകുന്നവരെയെല്ലാം വെട്ടി നിരത്തുന്ന മുഹമ്മദ് റിയാസും സിപിഎം കേരള ഘടകത്തെ പൂർണ്ണമായും സ്വകാര്യ സ്വത്താക്കിയെന്ന് കൊല്ലം സമ്മേളനം അടിവരയിടുന്നു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login