വള കച്ചവടക്കാരനായ മുസ്ലീം യുവാവിന് നേരേ ആള്‍ക്കൂട്ട ആക്രമണം

ഭോപ്പാല്‍: മധ്യപ്രദേശില്‍ വള കച്ചവടക്കാരനായ മുസ്ലീം യുവാവിന് നേരേ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം യുവാവിന്റെ കൈവശമിരുന്ന 10,000 രൂപ മോഷ്ടിക്കുകയും വളകളും മറ്റും നശിപ്പിക്കുകയും ചെയ്തു. ഇന്‍ഡോറില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് ഒരു കൂട്ടം ആളുകള്‍ യുവാവിനെ ആക്രമിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് കേസെടുത്തു.എന്നാല്‍ ആക്രമണത്തെ ന്യായീകരിക്കുകയാണ് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര. യുവാവ് കള്ളപ്പേരില്‍ കച്ചവടം ചെയ്യുവെന്ന് ജനക്കൂട്ടം ആക്രമിച്ചതെന്നാണ് മന്ത്രിയുടെ ന്യായീകരണം. ഹിന്ദു പേരിലാണ് യുവാവ് കച്ചവടം നടത്തിയത്. രണ്ട് പേരിലുള്ള ആധാര്‍ കാര്‍ഡുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തുവെന്നും മന്ത്രി പറയുന്നു.ഇന്‍ഡോറിലെ ബാന്‍ഗംഗയിലാണ് തസ്ലീം എന്ന യുവാവ് ആക്രമിക്കപ്പെട്ടത്. മതപരമായി നിന്ദിക്കുന്ന വാക്കുകളും യുവാക്കള്‍ പറഞ്ഞു. മര്‍ദ്ദനം കണ്ട് ഭയന്നുപോയ നാട്ടുകാര്‍ ആരും യുവാവിനെ രക്ഷിക്കാന്‍ ഇടപെട്ടുമില്ല. ബാഗില്‍ നിന്ന് വളകള്‍ വലിച്ച് പുറത്തിട്ട സംഘം നീ എന്തുവേണമെങ്കിലും ചെയ്‌തോ, ഇനി ഇവിടെ കണ്ടുപോകരുതെന്ന് പറയുന്നതും വീഡിയോ ദൃശ്യത്തിലുണ്ട്. ജനങ്ങളോട് മുന്നോട്ടുവന്ന് യുവാവിനെ മര്‍ദ്ദിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു. യുവാവിന്റെ ടി-ഷര്‍ട്ടില്‍ പിടിച്ചുവലിച്ച് വീഴ്ത്തുകയും മൂന്നു പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.യുവാവിന്റെ പരാതിയില്‍ അക്രമികള്‍ക്കെതിരെ സംഘര്‍ഷമുണ്ടാക്കല്‍, മര്‍ദ്ദനം, പിടിച്ചുപറി, മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് കേസെടുത്തു.

Related posts

Leave a Comment