മെഡിസെപ്പ് പ്രധാന ആശുപത്രികൾ ലിസ്റ്റിൽ ഇല്ല; കണ്ണാശുപത്രികളുടെ തള്ളിക്കയറ്റം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപൂർവം ഉദ്ഘാടനം ചെയ്ത സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പിലെ ചികിത്സ ലഭിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ് വന്നപ്പോൾ എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ ലിസ്റ്റിൽ നിന്ന് ഔട്ട്. പത്രങ്ങളിൽ ഫുൾ പേജ് പരസ്യം കൊടുത്തു വലിയ ആഘോഷമാക്കിയാണ് മെഡിസെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഭരണപക്ഷ സർവീസ് സംഘടനകൾ കഴിഞ്ഞ ദിവസങ്ങളിൽ മെഡിസെപ്പിന് സോഷ്യൽ മീഡിയകളിലൂടെ വൻ പ്രചാരണങ്ങളാണ് നടത്തിയത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പദ്ധതി എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണെന്ന് ജീവനക്കാരുടെ ഇടയിൽ പ്രചരിപ്പിപ്പിച്ചിരുന്നു. രണ്ടര വർഷം മുമ്പ് പദ്ധതി നടത്തിപ്പ് റിലയൻസ് കമ്പനിയ്ക്ക് നൽകിയിരുന്നു. അന്നും കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികൾ ലിസ്റ്റിൽ ഇല്ലായിരുന്നു. ജീവനക്കാരുടെയും പ്രതിപക്ഷ സർവീസ് സംഘടനകളുടേയും ശക്തമായ എതിർപ്പിനെ തുടർന്ന് റിലയൻസുമായിട്ടുള്ള കരാറിൽ നിന്ന് സർക്കാർ പിൻമാറി. തുടർന്നാണ് ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്ക് നടത്തിപ്പ് അവകാശം നൽകിയത്. കഴിഞ്ഞ ദിവസം ഉദ്ഘാടനം കഴിയുന്നതുവരെ ഏതൊക്കെ ഹോസ്പിറ്റലുകൾ ലിസ്റ്റിലുണ്ട് എന്നുള്ള വിവരം സർക്കാർ പുറത്തു വിട്ടില്ലായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ലിസ്റ്റ് പുറത്തു വന്നപ്പോഴാണ് പ്രധാനപ്പെട്ട ഹോസ്പിറ്റലുകൾ ലിസ്റ്റിൽ ഇല്ലായെന്ന് ജീവനക്കാർ അറിയുന്നത്. തിരുവനന്തപുരത്തെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിയ കിംസ്, പിആർഎസ്, ആർസിസി, അനന്തപുരി, ശ്രീ ഗോകുലം മെഡിക്കൽ കോളജ്, കോസ്‌മോ, എസ്‌യുടി പട്ടം, ലോർഡ്‌സ്, ശ്രീചിത്രാ, ജിജി, പ്രോകെയർ. എറണാകുളം ജില്ലയിലെ അമൃത, ലേക്‌ഷോർ, റിനെയ് മെഡിസിറ്റി, ലക്ഷ്മി, സിറ്റി ഹോസ്പിറ്റൽ. കോഴിക്കോട് ജില്ലയിൽ മെയ്ത്ര, ബേബി മെമ്മോറിയൽ, ഇഖ്‌റ, നിർമ്മല, സ്റ്റാർ കെയർ, രാജേന്ദ്രൻ, പിവിഎസ്. കൊല്ലം ജില്ലയിൽ മെഡിസിറ്റി, അസീസി, ഹോളിക്രോസ്, ബൻസിഗർ, കിംസ്, എസ്ബിഎം, പത്മാവതി, എഎം. കോട്ടയം ജില്ലയിൽ കിംസ്, മെഡിസിറ്റി, ഇൻഡോ അമേരിക്കൻ, സൺറൈസ്. വയനാട് ജില്ലയിൽ വിനായക, ഫാത്തിമ മിഷൻ, കാസർഗോഡ് ജില്ലയിൽ കെയർവെൽ, യുണൈറ്റഡ്, ദീപാ നഴ്‌സിംഗ്, സഞ്ജീവിനി, സൺറൈസ്. മലപ്പുറം ജില്ലയിൽ കൊരമ്പയിൽ, പ്രശാന്തി, എംഇഎസ്, പിജി. ഇടുക്കി ജില്ലയിൽ മെഡിക്കൽ ട്രസ്റ്റ്, സെന്റ് ജോൺസ്, സ്മിതാ, സെന്റ് മേരി, അർച്ചന, ഹൈറേഞ്ച് മോർണിംഗ് സ്റ്റാർ തുടങ്ങിയവയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ ലിസ്റ്റുകളിൽ കണ്ണാശുപത്രികളുടെ തള്ളിക്കയറ്റം കാണുന്നുണ്ട്. സർക്കാർ ജീവനക്കാർക്ക് കണ്ണിനുമാത്രം അസുഖം വരുന്നവരാണൊ എന്ന സംശയം ലിസ്റ്റ് കാണുമ്പോൾ ജീവനക്കാർക്കിടയിൽ ഉണ്ടാകുന്നത്. ലിസ്റ്റ് വന്നതിനുശേഷം ജീവനക്കാർ മൊത്തത്തിൽ അസ്വസ്ഥരാണ്. പ്രതിപക്ഷ സംഘടനയായ എൻജിഒ അസോസിയേഷൻ അടക്കമുള്ള സംഘടനകൾ ലിസ്റ്റിലെ അപാകതകൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്. ലിസ്റ്റിന് എതിരെ ഇന്നലെ തിരുവനന്തപുരത്ത് അസോസിയേഷൻ പ്രതിഷേധ പ്രകനവും നടത്തി. കഴിഞ്ഞ ദിവസം ലഡു, പായസം തുടങ്ങിയവ വിതരണം ചെയ്ത എൻജിഒ യൂണിയൻ അടക്കമുള്ള ഭരണപക്ഷ സർവീസ് സംഘടനകളിലെ പ്രവർത്തകരോട് ലിസ്റ്റിലെ അപാകതകളെക്കുറിച്ച് സഹപ്രവർത്തകരായ ജീവനക്കാർ ചോദിക്കുമ്പോൾ ഉത്തരം മുട്ടിയ അവസ്ഥയിലാണ്. ജീവനക്കാരിൽനിന്നും പണം വാങ്ങി ഇൻഷുറൻസ് കമ്പനിക്ക് കൊടുത്തിട്ട് ജീവനക്കാർക്ക് മെച്ചപ്പെട്ട ഹോസ്പിറ്റലിലെ മെച്ചപ്പെട്ട സേവനം ലഭ്യമാകില്ല എന്നുപറഞ്ഞാൽ ഇതിന് കാർമികത്വം വഹിക്കുന്ന സർക്കാരിന്റെ ഇച്ഛാശക്തിയുടെ കുറവായിട്ടാണ് ജീവനക്കാർ ഈ പോരിയ്മയെ കാണുന്നത്. വരുംനാളുകളിൽ ജീവനക്കാർക്കിടയിൽ ഈ വിഷയം ഒരു വലിയ പൊട്ടിത്തെറിയായി മാറുമെന്ന് ഭരണപക്ഷ സംഘടനകൾ മനസ്സിലാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ കൊട്ടിഘോഷിച്ച് കൊണ്ടുവന്നത് ഒരു ചിന്ന ഓലപ്പടക്കമാണല്ലൊ എന്ന ജാള്യതയിലാണ് ഭരണപക്ഷ സർവീസ് സംഘടനകൾ.

Related posts

Leave a Comment