മീ ടൂ ആരോപണം: നടപടി ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി

തിരുവനന്തപുരം: പടവെട്ട് സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്ക്കും എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ബിപിൻ പോളിനും എതിരായ ‘മീ ടു’ ആരോപണത്തിൽ നടപടി ആവശ്യപ്പെട്ട് വനിതാ സിനിമാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സി. സിനിമയുടെ ക്രെഡിറ്റ്സിൽ നിന്നും സംവിധായകന്റെയും എക്സിക്യുട്ടീവ് പ്രൊഡ്യൂസറുടെയും പേര് ഒഴിവാക്കണമെന്നാണ് ആവശ്യം. ഓഡിഷന്റെ മറവിൽ ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഗൗരവതരമാണ്. ഇക്കാര്യത്തിൽ സർക്കാർ ഇടപെടണം, പരാതിക്കാരിക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ‘പടവെട്ട്’ സിനിമയുടെ നിർമാതാക്കൾ ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറിയത്. ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതെയാണ് ‘പടവെട്ട്’ ഒരുക്കിയതെന്നും ഡബ്ല്യു.സി.സി ആരോപിച്ചു.
പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിനെതിരെ മീ ടൂ ആരോപണവുമായി കഴിഞ്ഞ ദിവസം നടി രംഗത്തെത്തിയിരുന്നു. തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്ന നടിയാണ് ബിബിനെതിരെ ആരോപണം ഉന്നയിച്ചത്. ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും ബിബിൻ പോളും സംവിധായകൻ ലിജു കൃഷ്ണയും ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്ന് മനസ്സിലായെന്നും നടി വെളിപ്പെടുത്തിയിരുന്നു. ‘വുമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹറാസ്മെന്റ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയായായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നേരത്തെ ‘പടവെട്ട്’ സംവിധായകൻ ലിജു കൃഷ്ണയ്ക്കെതിരെ ഒരു പെൺകുട്ടി പരാതിപ്പെട്ടിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ലിജു അറസ്റ്റിലാവുകയും ചെയ്തു.

Related posts

Leave a Comment