എം.ഡി.സി ബാങ്കിനെ കള്ളക്കേസില്‍ പെടുത്തി വരുതിയിലാക്കാന്‍ നീക്കം

മലപ്പുറം: കള്ളക്കേസില്‍ പെടുത്തി എം. ഡി. സി ബാങ്കിനെ സ്വന്തം വരുതിയിലാക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം തുടങ്ങി. വിജിലന്‍സിനെ ഇറക്കിയാണ് മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കുരുക്കാന്‍ കരുക്കള്‍ നീക്കുന്നത്. ബാങ്കില്‍ നിയമാനുസൃതം യഥാസമയം നടക്കാറുള്ള സ്വാഭാവിക സ്ഥാനക്കയറ്റ നടപടികളില്‍ ക്രമക്കേട് ചൂണ്ടിക്കാണിച്ചാണ് ബാങ്കിനെതിരെ വിജിലന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 15 ന് ആണ് സ്ഥാനക്കയറ്റ വിഷയവുമായി ബന്ധപ്പെട്ട് എം.ഡി.സി ബാങ്ക് ജില്ലാ ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന നടത്തുകയും ജി.എമ്മിന്റെ വിശദീകരണം തേടുകയും ചെയ്തത്. എന്നാല്‍ ഇതിനു ശേഷം വിജിലന്‍സ് മലപ്പുറം യൂണിറ്റ് ബാങ്കിനെതിരെ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. വിവരം. പുതിയ ഭരണസമിതി നിലവില്‍ വന്ന ശേഷം 94 ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ നിയോഗിച്ച അഡ്മിനിസ്‌ട്രേറ്റര്‍ യഥാസമയം നല്‍കാതിരുന്ന പ്രമോഷന്‍ ജീവനക്കാരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നിലവിലെ ഭരണ സമിതി പരിഗണിച്ചതും അനുകൂല തീരുമാനമെടുത്തതും.എന്നാല്‍ ഇത് ക്രമവിരുദ്ധമാണെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി.
2016 ല്‍ 23 പാര്‍ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയതും പുതിയ ഭരണസമിതി 22 പാര്‍ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയതടക്കമുള്ള നിയമനങ്ങളാണ് വിജിലന്‍സ് പരിശോധിച്ചത്. ബാങ്ക് അധികൃതര്‍ വിജിലന്‍സിന് കൃത്യമായ വിശദീകരണം നല്‍ഡകുകയും ചെയ്തിരുന്നു. പക്ഷേ ഇതിന് ശേഷവും വിജിലന്‍ സ് നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയതില്‍ ദുരൂഹതയുണ്ട്.
മറ്റൊരു ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്യൂണ്‍ തസ്തികയില്‍ 14 ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും എട്ട് പേര്‍ക്ക് എം.ഡി.സി ബാങ്ക് നിയമനം നല്‍കുകയും ചെയ്തിരുന്നു. പ്യൂണ്‍ നിയമനത്തിന് പി.എസ്.സി റാങ്ക് ലിസ്റ്റുകളൊന്നും ഇപ്പോള്‍ നിലവിലുമില്ല. അതിനാല്‍ കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഒരു ഉദ്യോഗാര്‍ത്ഥി എം.ഡി.സി ബാങ്കിനെതിരെ നല്‍കിയ മൂന്നാമത്തെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
പാര്‍ടൈം സ്വീപ്പര്‍മാര്‍ക്ക് പ്രമോഷന്‍ നല്‍കിയ എം.ഡി.സി ബാങ്കിന്റെ നടപടി അംഗീകരിക്കുന്നത് കൂടിയാണ് ഈ ഹൈക്കോടതി വിധി.
പുതിയ ഭരണസമിതി നിലവില്‍ വന്നതിന് ശേഷം വിവിധ ഘട്ടങ്ങളിലായി ഫീഡര്‍ കാറ്റഗറിയില്‍ നിന്നാണ് 94 പേര്‍ക്ക് പ്രമോഷന്‍ നല്‍കിയത്. ഇതില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുതല്‍ പ്യൂണ്‍ വരെയുണ്ട്. 22 പി.ടി.എസുമാര്‍ക്കാണ് ഇതില്‍ പ്യൂണ്‍ നിയമനം നല്‍കിയത്. കേരള ബാങ്കില്‍ നടപ്പാക്കിയ അതേ അനുപാതത്തിലാണ് ഈ നടപടി. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടപ്പാക്കുന്നതിന് വേണ്ടി ഭരണസമിതി എടുത്ത തീരുമാനമാണ് ജനറല്‍ മാനേജര്‍ നടപ്പാക്കിയത്. അതേ സമയം ജീവനക്കാര്‍ക്ക് പ്രമോഷന്‍ നല്‍കിയ തസ്തികക്കനുസൃതമായ വേതനവും ആനുകൂല്യവും ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാര്‍ അനുമതിയില്ലാത്തതാണ് കാരണം. സര്‍ക്കാറിന്റെ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ പുതുക്കിയ ശമ്പളത്തിന് അര്‍ഹതയുണ്ടാകൂ എന്ന് ജനറല്‍ മാനേജര്‍ നല്‍കിയ നിയമന ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ഫലത്തില്‍ 22 പേര്‍ക്ക് പുതുതായി പ്രമോഷന്‍ നല്‍കിയെങ്കിലും ബാങ്കിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ല.
അതിനാല്‍ ബാങ്കിനെതിരെയുള്ള നീക്കം സര്‍ക്കാറിനെയും വിജിലന്‍സിനെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. ഒന്നാം പിണറായി സര്‍ക്കാര്‍
ജില്ലാ ബാങ്കുകള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് പുതിയ ബാങ്ക് രൂപീകരിക്കാന്‍ ശ്രമമാരംഭിച്ചപ്പോള്‍ ഈ തീരുമാനത്തോട് വിയോജിക്കുകയും തുടര്‍ന്ന് നിയമപോരാട്ടത്തിലൂടെ ജില്ലാ ബാങ്കായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയുമാണ്. എം.ഡി.സി ബാങ്ക്. ലയനം നടപ്പാക്കാന്‍ സഹകരണ നിയമം മറികടന്ന് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നീട്ടിയതടക്കമുള്ള നീക്കങ്ങള്‍ക്ക് ഹൈക്കോടതിയിലടക്കം കനത്ത തിരിച്ചടിയാണ് സര്‍ക്കാറിന് കിട്ടിയത്. ഇത് സംബന്ധിച്ച് ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
ഇതിനിടയിലാണ് എം.ഡി.സി ബാങ്കിനെ ഏതു വിധേനയും കൈപ്പിടിയിലൊതുക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഭരണസമിതിയെക്കൂടി വിജിലന്‍സിനെ ഉപയോഗിച്ച് കുരുക്കിലാക്കുകയാണ് ലക്ഷ്യം.

Related posts

Leave a Comment