‘മറ്റൊരു ഹോം’ വെബ് സീരീസുമായി ടീം സബ് ഒറിജിനൽസ്

യൂട്യൂബിൽ തരംഗം തീർത്ത ‘കല്യാണ കച്ചേരി’ എന്ന വെബ് സീരീസിന്റെ വൻവിജയത്തിന് ശേഷം വീണ്ടും കിടിലൻ സീരീസുമായി ടീം സബ് ഒറിജിനൽസ്. ‘മറ്റൊരു ഹോം’ എന്ന് പേരിട്ടിരിക്കുന്ന ഷോർട്ട് സീരീസ് ‘ഹോം’ എന്ന സിനിമയുടെ രസകരമായ ഒരു സ്പൂഫ് വീഡിയോ കൂടിയാണ്. രഞ്ജിത്ത് വർമ്മയുടെ സംവിധാനത്തിൽ ഒരുക്കിയ ‘മറ്റൊരു ഹോമിന്’ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സാഞ്ചോ ജോസഫാണ്. കഥാപാത്രങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് സീരീസിന്റെ അടിത്തറ. വീഡിയോ ഇപ്പോൾ യൂട്യൂബ് ട്രെൻഡിങ്ങിലാണ്. സംഗീതമൊരുക്കിയിരിക്കുന്നത് എൻ ബി എൻ ആണ്. കോളിൻസ് ജോസിന്റെ ഛായാഗ്രഹണം ആണ് മറ്റൊരു ആകർഷണം.

സിനിമ സ്വപ്നം കണ്ടു നടക്കുന്ന ക്ലിന്റ് എന്ന ചെറുപ്പക്കാരൻ ഹോം എന്ന സിനിമ കണ്ട് പ്രചോദനമുൾക്കൊണ്ട് തന്റെ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കാനായി വീട്ടിലേക്ക് പോകുന്നതും, തുടർന്ന് അവിടെ സംഭവിക്കുന്നതുമായ കാര്യങ്ങൾ രസകരമായ രീതിയിൽ ആണ് രഞ്ജിത്ത് അവതരിപ്പിച്ചിരിക്കുന്നത്. അനുരാജ്, ‘കരിക്കിലൂടെ’ ശ്രദ്ധ നേടിയ ശ്രുതി സുരേഷ്, അമിത് മോഹൻ, രാജേശ്വരി, ജോമോൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

സുൽത്താൻ ബ്രദർഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന അൽ ജസാം അബ്ദുൽ ജബ്ബാർ, അൽ സജാം അബ്ദുൽ ജബ്ബാർ , അൽ ജസീം അബ്ദുൽ ജബ്ബാർ എന്നീ സഹോദരന്മാർ ചേർന്നാണ് നിർമ്മാണം. ക്രീയേറ്റീവ് ഹെഡ് ആയി നീതിഷ് സഹദേവും, പ്രൊജക്റ്റ്‌ ഡിസൈനർ ആയി ഹരി ആനന്ദും പ്രവർത്തിച്ചിരിക്കുന്നു. എഡിറ്റിംഗ് അർജുൻ ബാബുവാണ്. സൗണ്ട് ഡിസൈൻ – കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് സോനുവും കൃഷ്ണനുണ്ണിയും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

Related posts

Leave a Comment