ആശങ്ക വേണ്ട; മൂവാറ്റുപുഴയില്‍ വെള്ളമുയരാന്‍ സാധ്യത, നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

മൂവാറ്റുപുഴ: മഴ കനത്ത സാഹചര്യത്തില്‍ മൂവാറ്റുപുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലെയും സാഹചര്യം പരിശോധിച്ചു. മലങ്കര ഡാമില്‍ ആറ് ഷട്ടറുകള്‍ തുറന്നു. ഈ സാഹചര്യത്തില്‍ മൂവാറ്റുപുഴയില്‍ വെള്ളമുയരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.

മലങ്കര ഡാമില്‍ നിലവില്‍ 39.4 അടി ഉയരത്തിലേക്ക് വെള്ളം കുറച്ചിട്ടുണ്ട്. രാവിലെ ഇത് 39.70 അടി ഉയരത്തില്‍ ആയിരുന്നു. ആറ് ഷട്ടറുകള്‍ അറുപത് സെന്റിമീറ്റര്‍ ഉയരത്തില്‍ തുറന്നു വിട്ടാണ് ജലനിരപ്പ് കുറച്ചത്. 39.50 അടിയില്‍ വെള്ളം നിലനിര്‍ത്തുകയാണ് സുരക്ഷിതം. ഈ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥരുമായി രാവിലെ തന്നെ ബെന്ധപ്പെട്ട് അടിയന്തരമായി വെള്ളം കുറയ്ക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് ഡാമിന്റെ ആറ് ഷട്ടറുകള്‍ തുറന്നു വിട്ട് ജലനിരപ്പ് നിയന്ത്രിച്ചത്. അതു കൊണ്ടു തന്നെ വൈകുന്നേരത്തോടെ പുഴയില്‍ വെള്ളമുയരാന്‍ സാധ്യതയുണ്ട്. പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല. ഡാമിലെ വെള്ളം തുറന്നു വിട്ടതിനാലാണ് പെട്ടെനുള്ള ജലനിരപ്പിലെ ഉയര്‍ച്ചയെന്ന് എംഎല്‍എ പറഞ്ഞു.
മൂവാറ്റുപുഴയാറ്റിലെ ഇപ്പോഴത്തെ ജലനിരപ്പ് 9.65 ആണ്. 9.015 ആകുന്നതു മുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതനുസരിച്ചാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വെള്ളം നിയന്ത്രിക്കാന്‍ ആവശ്യമായി വന്നാല്‍ മലങ്കര ഡാമിലെ കൂടുതല്‍ ഷട്ടറുകള്‍ തുറപ്പിക്കുമെന്നും എംഎല്‍എ പറഞ്ഞു.
അതേസമയം ഊര്‍ജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി കൂടുതല്‍ വൈദ്യുതി ഉദ്പാദിപ്പിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം  രാത്രികാലങ്ങളില്‍ മലങ്കര ഡാമിലേക്ക് എത്തുന്നുണ്ട്. ഒരു കാരണവശാലും അത് പാടില്ല എന്നും മലങ്കര ഡാമിന്റെ സുരക്ഷ ഉറപ്പുവരുത്താതെ അത്തരം കാര്യങ്ങളിലേക്ക് കടക്കരുതെന്നും ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും കത്ത് നല്‍കിയതായും എംഎല്‍എ പറഞ്ഞു. ഈ വിഷയത്തില്‍ ഡാം സുരക്ഷയ്ക്കുള്ള എല്ലാ നടപടിയും സ്വീകരിക്കുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.
ആവശ്യമെങ്കിൽ ദുരിതാശ്വാസ  ക്യാമ്പുകൾ തുറക്കാൻ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപെട്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുവാനാവശ്യമായ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. കളക്ടറുടെ നിർദേശപ്രകാരം  അതിനാവശ്യമായ നടപടി റവന്യൂ വകുപ്പ് സ്വീകരിച്ചതായും  എം എൽ എ പറഞ്ഞു. ആർ.ആർ. ഡപ്യൂട്ടി കളക്ടർക്കാണ്  ചുമതല.

Related posts

Leave a Comment