മെഡിക്കൽ കോളേജ് ഡോക്റ്റർമാർക്കു കൂട്ടസ്ഥലമാറ്റം, ചികിത്സയും അധ്യയനവും അവതാളത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളെജുകളുടെ പ്രവർത്തനം സ്തംഭനത്തിലേക്ക്. അടുത്ത വർഷത്തെ മെഡിക്കൽ അധ്യയനത്തെയും അവതാളത്തിലാക്കി സർക്കാർ ഡോക്റ്റർമാർക്കു കൂട്ട സ്ഥലം മാറ്റം. ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി കെജിഎംഒ രം​ഗത്ത്. നിലവിലുള്ള ആശുപത്രികളുടെ പ്രവർത്തനങ്ങൾ താളംതെറ്റിക്കുന്ന തീരുമാനത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു . തീരുമാനത്തിൽ സർക്കാർ ഉറച്ചു നിന്നാൽ പ്രതിഷേധത്തിനു തയാറെടുക്കുകയാണ് സർക്കാർ ഡോക്റ്റർമാർ.
കോന്നി,‌ ഇടുക്കി മെഡിക്കൽ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനാണു കൂട്ട സ്ഥലമാറ്റം. പുതിയ മെഡിക്കൽ കോളെജുകളിൽ ആവശ്യത്തിന് ഡോക്റ്റർമാരെ നിയമിക്കണമെന്ന ആവശ്യം അം​ഗീകരിക്കാതെ, നിലവിലുള്ള ആശുപത്രികളിൽ നിന്ന് ഡോക്റ്റർമാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയായിരുന്നു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളെജുകളിൽ നിന്നാണ് കൂട്ടമാറ്റം.
ഇടുക്കി , കോന്നി മെഡിക്കൽ കോളജുകളിൽ അധ്യയനമടക്കം തുടങ്ങണമെങ്കിൽ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തണം. എന്നാൽ ഇത് സാമ്പത്തിക ബാധ്യതയാണെന്ന് വിലയിരുത്തിയാണ് നിലവിലുള്ള സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അധ്യയനം തുടങ്ങുന്നതിന് മുമ്പ് മെഡിക്കൽ കൗൺസിൽ പരിശോധനാ നടത്താറുണ്ട്. ഇവരുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവ്. തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,തൃശൂർ,കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്നായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഏഴ് പേരെ സ്ഥലംമാറ്റി. ഒമ്പത് പേർക്ക് വർക്കിങ് അറേഞ്ച്മെന്റും നൽകി. കോന്നിയിലേക്ക് 19പേരെ സ്ഥലംമാറ്റിയപ്പോൾ അഞ്ചുപേരെ വർക്കിങ് അറേഞ്ച്മെന്റിൽ നിയമിച്ചു. ഇത്രയും ഡോക്ടർമാരെ മാറ്റുകയും പകരം നിയമനം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ നിലവിലുള്ള മെഡിക്കൽ കോളജുകളിൽ അധ്യയനവും ചികിൽസ പരിചരണവും താളം തെറ്റും.

തിരുവനന്തപുരം അടക്കമുള്ള പല മെഡിക്കൽ കോളേജുകളിലും ശസ്ത്രക്രിയ അടക്കമുള്ള ചിക്തിസ മുടങ്ങും. അതേസമയം പുതിയ തസ്തിക സ‌ൃഷ്ടിക്കുന്നത് സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയാകുമെന്നാണ് സർക്കാർ വിശദീകരണം. കൂടുതൽ എംബിബിഎസ് സീറ്റുകൾ സംസ്ഥാനത്തിന് ലഭിക്കാനായാണ് ഡോക്ടർമാരുടെ സ്ഥലംമാറ്റമെന്നും വിശദീകരണമുണ്ട്.

Related posts

Leave a Comment