യുവതിയുമായി ബന്ധം; യുവാവിനെ അടിച്ചുകൊന്ന് ഭർത്താവും ബന്ധുക്കളും ; വീഡിയോ പുറത്ത്

ജയ്പൂര്‍: യുവതിയെ പ്രണയിച്ചു എന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു. യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളുമാണ് അടിച്ചുകൊലപ്പെടുത്തിയത്. രാജസ്ഥാനിലെ ഹനുമാന്‍ഗഡിലാണ് നടുക്കുന്ന സംഭവം. യുവാവിനെ വടികൊണ്ടും കമ്പികൊണ്ടും അടിക്കുന്ന ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. ആറ് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്ന് വീഡിയോ പരിശോധിച്ച പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. അതേസമയം, പ്രതികള്‍ ആരാണെന്ന് വ്യക്തമായിട്ടും പിടികൂടാത്ത പോലീസ് നടപടിയില്‍ യുവാവിന്റെ കുടുംബം പ്രതിഷേധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് അവരുടെ നിലപാട്.പ്രേംപുര ഗ്രാമത്തിലുള്ള ജഗദീഷ് മേഘവാള്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം വീടിന് മുന്നില്‍ അക്രമികള്‍ ഉപേക്ഷിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലെത്തിയ ആറ് പേരാണ് അക്രമം നടത്തിയത്. വീടിന് മുന്നില്‍ അവശനായ നിലയില്‍ കണ്ടെത്തിയ ജഗദീഷിന് വീട്ടുകാര്‍ വെള്ളം കൊടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും അയാള്‍ മരിച്ചു. ജഗദീഷിന്റെ പിതാവ് പോലീസില്‍ പരാതിപ്പെട്ടു.വളരെ ക്രൂരമായ മര്‍ദ്ദനത്തിന് ജഗദീഷ് ഇരയായിട്ടുണ്ടെന്നാണ് വീഡിയോയില്‍ വ്യക്തമാകുന്നത്. ജഗദീഷിന്റെ കഴുത്തില്‍ പ്രതികളിലൊരാള്‍ മുട്ടുകാല്‍ കുത്തിയിരുന്നു. ബാക്കിയുള്ളവര്‍ മര്‍ദ്ദിച്ച് അവശനാക്കി. മര്‍ദ്ദിക്കരുതെന്ന് പറയുന്ന ജഗദീഷിനെ പ്രതികള്‍ വീണ്ടും വീണ്ടും ദേഷ്യപ്പെട്ട് അടിക്കുകയായിരുന്നു. അല്‍പ്പനേരത്തിന് ശേഷം ജഗദീഷിന് അനങ്ങാന്‍ പറ്റാത്ത അവസ്ഥയായി. തുടര്‍ന്നാണ് പ്രതികള്‍ ജഗദീഷിന്റെ വീടിന് മുന്നില്‍ തള്ളിയത്. വൈകാതെ തന്നെ ഇയാള്‍ മരിച്ചു.പ്രേംപുര ഗ്രാമത്തില്‍ തന്നെയുള്ളവരാണ് പ്രതികള്‍. വിനോദ്, മുകേഷ്, ലാല്‍ചന്ദ്, സികന്ദര്‍, ദിലീപ് രജ്പുത് എന്നിവരാണ് രണ്ടു ബൈക്കുകളില്‍ എത്തിയതെന്ന് ജഗദീഷിന്റെ പിതാവ് ബന്‍വാരിലാല്‍ മേഘവാള്‍ പറഞ്ഞു. 11 പേര്‍ക്കെതിരെ സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേര്‍ വലയിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ബാക്കിയുള്ളവരെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഹനുമാര്‍ഗഡ് പോലീസ് പറഞ്ഞു

Related posts

Leave a Comment