പൂക്കളെ പ്രണയിച്ച് മേരി; വാടാനക്കവല പൂക്കൊമ്പില്‍ വീട്ടിലെ കാഴ്ച നയനമനോഹരം

പുല്‍പ്പള്ളി: പുല്‍പ്പള്ളി വാടാനക്കവലയിലെ പൂക്കൊമ്പില്‍ വീടിനെ പ്രദേശവാസികള്‍ വിളിക്കുന്നത് ചെടിവീട് എന്നാണ്. നഴ്‌സറികളെ വെല്ലുംവിധത്തിലാണ് പൂക്കൊമ്പില്‍ വീടിന്റെ മുറ്റം നിറയെ ചെടികളെ കൊണ്ട് നിറച്ചിരിക്കുന്നത്. അതിമനോഹരമായി പൂത്തുലഞ്ഞ് നില്‍ക്കുന്ന ഈ ചെടികള്‍ക്ക് പിന്നില്‍ പൂക്കൊമ്പില്‍ വീട്ടിലെ മേരി മാത്യുവെന്ന വീട്ടമ്മയുടെ പൂക്കളോടുള്ള ഇഷ്ടമാണ്. വീട്ടുമുറ്റങ്ങളില്‍ സാധാരണ കണ്ടുവരുന്ന ബോള്‍സം എന്ന് വിളിപ്പേരുള്ള പൂക്കളാണ് ഇപ്പോള്‍ കൂടുതലായുള്ളത്. കൂട്ടത്തോടെ ബോള്‍സം പൂത്തുനില്‍ക്കാന്‍ തുടങ്ങിയതോടെ വീടിന് മുന്നിലൂടെ പോകുന്നവര്‍ പോലും അല്‍പ്പസമയം അറിയാതെ നിന്നുപോകും. ബാല്യകാലം മുതല്‍ മേരിക്ക് പൂക്കളോട് വലിയ ഇഷ്ടമായിരുന്നു. കുഞ്ഞുനാള് തൊട്ട് തന്നെ ചെടികള്‍ വീട്ടുമുറ്റത്ത് നട്ടുപരിപാലിക്കുന്ന ശീലമുണ്ടായിരുന്ന മേരി പിന്നീട് ആ ശീലം തുടര്‍ന്നു. 1982ലാണ് പുല്‍പ്പള്ളി വാടാനക്കവല സ്വദേശിയായ മാത്യു മേരിയെ വിവാഹം കഴിക്കുന്നത്. മാനന്തവാടിയിലെ കാട്ടിമൂലയാണ് മേരിയുടെ സ്വദേശം. വിവാഹശേഷം വാടാനക്കവലയിലെ വീട്ടിലെത്തിയ നാള്‍ മുതല്‍ ചെടികള്‍ നട്ടുപരിപാലിക്കാന്‍ തുടങ്ങിയതാണ് മേരി. 1996-ലാണ് പുതിയ വീട് വെക്കുന്നത്. അതിന് ശേഷം നിരവധിയായ ചെടികളാണ് നട്ടുപരിപാലിച്ചുവരുന്നതെന്ന് മേരി പറയുന്നു. ഒരിടക്ക് ഓര്‍ക്കിഡ് ഇനത്തില്‍പ്പെട്ടവ മാത്രമായിരുന്നു നട്ടുപരിപാലിച്ചിരുന്നതെങ്കില്‍, മറ്റൊരു സീസണില്‍ വിവിധതരം പുല്ലിനങ്ങളായിരുന്നു നട്ടത്. വിവിധതരം പത്തുമണി ചെടികളും ഒരിടക്ക് നട്ടുപരിപാലിച്ചു. ഒരു ചെടിയില്‍ നിന്നും മറ്റൊന്നിലേക്കുള്ള യാത്ര ഈ വര്‍ഷങ്ങളില്‍ മേരി തുടര്‍ന്നു. ഏറ്റവുമൊടുവിലാണ് എല്ലാ നിറത്തിങ്ങളിലുമുള്ള ബോള്‍സം ചെടി നട്ടത്. നിരവധി നിറങ്ങളിലുള്ള ബോള്‍സം ചെടികള്‍ ഇന്ന് മേരിയുടെ വീട്ടുമുറ്റത്ത് കാണാന്‍ സാധിക്കും. ജില്ലയിലെ വിവിധ നഴ്‌സറികളിലേക്കും ഇവിടെ നിന്നും തൈകള്‍ കൊണ്ടുപോകുന്നുണ്ട്. മേരിയുടെ ജീവിതത്തിന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ ഈ ചെടികള്‍ക്കൊപ്പമായിരിക്കും. വെള്ളമൊഴിച്ചും, പരിപാലിച്ചും എപ്പോഴും മേരി മുറ്റത്ത് തന്നെയുണ്ടാകും. കൊച്ചുമക്കളായ ഈവമരിയയും, ഇവാന്‍ മാത്യൂസുമാണ് ചെടിപരിപാലനത്തില്‍ മേരിക്ക് കൂട്ട്. ബോള്‍സമാണ് ഹൈലൈറ്റെങ്കിലും വിവിധയിനം റോസുകള്‍, ഡാലിയകള്‍, നിരവധിയിനം പത്ത്മണി ചെടികള്‍, ഇലച്ചെടികള്‍, വാട്ടര്‍ ബാംബു അടക്കം അമ്പതോളം ഇനങ്ങള്‍ പൂക്കൊമ്പില്‍ വീടിന് മുന്നില്‍ വേറെയുമുണ്ട്. ചെടിപരിപാലനം അത്ര എളുപ്പമുള്ള ജോലിയല്ലെങ്കിലും പൂക്കളോടുള്ള ഇഷ്ടമുള്ളിടത്തോളം കാലം പൂക്കൊമ്പില്‍വീടിന് മുന്നില്‍ വസന്തമൊരുക്കാന്‍ തന്നെയാണ് മേരിയുടെ തീരുമാനം.

Related posts

Leave a Comment